ഇന്ത്യൻ നിയമങ്ങൾ അംഗീകരിച്ചേ പറ്റൂ: ട്വിറ്ററിനോട് കേന്ദ്രം
Thursday 07 July 2022 4:57 AM IST
ന്യൂഡൽഹി: ഇന്ത്യയിൽ പ്രവർത്തിക്കുന്ന സാമൂഹ്യമാദ്ധ്യമ പ്ളാറ്റ്‌ഫോമുകളും ഇന്റർനെറ്റ് ഇന്റർമീഡിയറികളും ഇവിടുത്തെ നിയമം അനുസരിക്കാൻ ബാദ്ധ്യസ്ഥമാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ചില വിവാദ ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ ഉത്തരവ് ചോദ്യം ചെയ്‌ത് കർണാടക ഹൈക്കോടതിയിൽ ട്വിറ്റർ നൽകിയ ഹർജിയുമായി ബന്ധപ്പെട്ടാണ് സർക്കാർ നിലപാട് അറിയിച്ചത്. ഇക്കാര്യം കേന്ദ്ര ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറും ട്വീറ്റു ചെയ്‌തിരുന്നു.
ജൂലായ് നാലിനകം വിവാദ ഉള്ളടക്കം നീക്കം ചെയ്‌തില്ലെങ്കിൽ പുതിയ ഐ.ടി നിയമ പ്രകാരം ഇന്ത്യയിലെ പ്രതിനിധികൾക്കെതിരെ നിയമ നടപടിയെടുക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. വിവാദ ഉള്ളടക്കം പോസ്റ്റ് ചെയ്‌ത ആളുകളെ അറിയിക്കാതെ നീക്കം ചെയ്യാനാകില്ലെന്ന നിലപാടാണ് ട്വിറ്ററിന്റേത്.