ഭീകരവാദത്തിൽ നിന്ന് ജീവിതത്തിലേയ്ക്ക് : അമ്മയുടെ വാക്ക് കേട്ട് കീഴടങ്ങി
ശ്രീനഗർ : ''ഇറങ്ങി വാ മക്കളെ... അമ്മയാണ് വിളിക്കുന്നത്. ഞാൻ നിനക്കായി കാത്തിരിക്കുന്നു...'' ശ്രീനഗറിൽ തീവ്രവാദ സംഘത്തിൽ ചേർന്ന യുവാക്കൾക്ക് പെറ്റ വയറിന്റെ വേദനയുള്ള വാക്കുകൾക്ക് തീവ്രവാദികൾക്കൊപ്പം ഒളിയിടത്തിലിരുന്നപ്പോഴും ചെവികൊടുക്കാതിരാക്കാൻ കഴിഞ്ഞില്ല. നിങ്ങൾ തെറ്റ് ചെയ്തിട്ടുണ്ടങ്കിൽ സുരക്ഷാസേനയോട് മാപ്പിരക്കാമെന്ന ദയനീയമായ വാക്കുകൾ യുവാക്കളെ കൈപിടിച്ച് നടത്തിയത് പുതിയൊരു ജീവിതത്തിലേക്ക്.
ജമ്മു-കാശ്മീരിലെ കുൽഗാം ജില്ലയിലാണ് മനസ്സലിയിക്കുന്ന സംഭവികാസങ്ങൾ അരങ്ങേറിയത്. പുലർച്ചെ 2.30 മണിയോടെയാണ് കുൽഗാമിലെ ഹഡിഗാം ഗ്രാമത്തിൽ തമ്പടിച്ച തീവ്രവാദി സംഘത്തിൽ പ്രദേശവാസികളായ രണ്ട് യുവാക്കളും ഉണ്ടെന്ന് സൈനികർ തിരിച്ചറിയുന്നത്. ഉടൻ വീട്ടുകാരെ സ്ഥലത്തെത്തിക്കുകയും അമ്മമാരുടെ വാക്കുകൾ കേട്ട് മനസ് മാറിയ യുവാക്കൾ ആയുധം വച്ച് കീഴടങ്ങുകയുമായിരുന്നു.
ഇരുപതു വയസ് പ്രായം വരുന്ന യുവാക്കളെ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കായി ലഷ്കർ-ഇ-ത്വയ്ബയിലേയ്ക്ക് എത്തിച്ചത് അടുത്തിടെയാണ്. അപൂർവമായാണ് തീവ്രവാദ സംഘത്തിലുൾപ്പെട്ടവരെ ജീവനോടെ പിടിക്കാൻ ശ്രമം നടത്തുന്നതെന്നും നൂറിലധികം പേർ ഈ വർഷം മാത്രം കൊല്ലപ്പെട്ടിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.