അവിശ്വാസ വോട്ട് ഉടൻ ?
Thursday 07 July 2022 5:28 AM IST
ലണ്ടൻ : ബോറിസ് ജോൺസണെതിരെ അവിശ്വാസ വോട്ടെടുപ്പ് ഉടൻ നടന്നേക്കുമെന്ന് ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ. കൺസർവേറ്റീവ് പാർട്ടിയുടെ പാർലമെന്ററി ഗ്രൂപ്പായ ' 1922 കമ്മിറ്റി" ആണ് ഇതിൽ തീരുമാനമെടുക്കുക.
കഴിഞ്ഞ മാസമാണ് പാർട്ടിയിലെ വിമത എം.പിമാർ കൊണ്ടുവന്ന പാർട്ടിക്കുള്ളിലെ അവിശ്വാസ വോട്ടെടുപ്പ് ബോറിസ് അതിജീവിച്ചത്. നിലവിൽ അടുത്ത വർഷം വരെ ബോറിസിന് അവിശ്വാസ വോട്ടിൽ നിന്ന് കമ്മിറ്റി പരിരക്ഷ നൽകുന്നുണ്ട്. എന്നാൽ, നിയമത്തിൽ മാറ്റം വരുത്താൻ കമ്മിറ്റി അംഗങ്ങൾക്ക് അധികാരമുണ്ട്.
പാർട്ടിയ്ക്കുള്ളിലെ അതൃപ്തി കടുത്തതും മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും കൂട്ട രാജിയും ബോറിസിനെ വീണ്ടും അവിശ്വാസ വോട്ടിലേക്ക് തള്ളിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.