ആർക്കും വേണ്ട, 136 ലക്ഷം ഡോസ് വാക്സിൻ നശിപ്പിക്കാൻ കാനഡ

Thursday 07 July 2022 5:29 AM IST

ടൊറന്റോ : ഓക്സ്‌ഫഡ് - ആസ്ട്രാസെനക കൊവിഡ് 19 വാക്സിന്റെ 136 ലക്ഷം ഡോസുകൾ നശിപ്പിക്കാനൊരുങ്ങി കാനഡ. ഈ ഡോസുകൾ സ്വീകരിക്കാനോ വാങ്ങാനോ സ്വദേശത്തോ വിദേശത്തോ ഇതുവരെ ആരും തയ്യാറാവാത്ത സാഹചര്യത്തിലാണ് തീരുമാനം. 2020ൽ രണ്ട് കോടി ഡോസുകൾക്കായി കാനഡ ആസ്ട്രാസെനകയുമായി കരാർ ഒപ്പിട്ടിരുന്നു.

2021 ജൂണിനകം ഏകദേശം 23 ലക്ഷം കനേഡിയൻ പൗരന്മാർ വാക്സിന്റെ ആദ്യ ഡോസും സ്വീകരിച്ചു. പിന്നാലെ, ആസ്ട്രാസെനക വാക്സിനുകൾ അപൂർവമായി രക്തം കട്ടപിടിക്കാൻ കാരണമായേക്കാമെന്ന ആശങ്ക വ്യാപിച്ചതോടെ ഫൈസറിന്റെയും മൊഡേണയുടെയും എം.ആർ.എൻ.എ വാക്സിനുകളിലേക്ക് രാജ്യം ശ്രദ്ധ തിരിച്ചു.

ശേഷിക്കുന്ന 177 ലക്ഷം ഡോസുകൾ സംഭാവന നൽകുമെന്നായിരുന്നു 2021 ജൂലായിൽ കാനഡ അറിയിച്ചിരുന്നത്. എന്നാൽ, 136 ലക്ഷം ഡോസുകളുടെ ഉപയോഗത്തിനുള്ള കാലാവധി കഴിഞ്ഞെന്നും നശിപ്പിക്കുകയല്ലാതെ മറ്റ് മാർഗ്ഗമില്ലെന്നും കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ കനേഡിയൻ ആരോഗ്യമന്ത്രാലയം പറയുന്നു. 85 ശതമാനം കനേഡിയൻ പൗരന്മാരും പൂർണ്ണമായും വാക്സിൻ സ്വീകരിച്ചവരാണെന്നാണ് കണക്ക്.