കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം; പോക്‌സോ കേസിൽ നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ

Thursday 07 July 2022 7:21 AM IST

തൃശൂർ: കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിൽ നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ. തൃശൂർ വെസ്റ്റ് പൊലീസാണ് നടനെ അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. രണ്ട് ദിവസം മുൻപ് തൃശൂർ അയ്യന്തോളിലാണ് കേസി‌നാസ്‌പദമായ സംഭവം നടന്നത്.

അയ്യന്തോളിലെ എസ് എൻ പാർക്കിന് സമീപം കാർ നിർത്തി പതിനാലും ഒൻപതും വയസുള്ള കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്നാണ് നടനെതിരെയുള്ള പരാതി. സമാനമായ രീതിയിൽ ശ്രീജിത്ത് രവിക്കെതിരെ നേരത്തെയും പരാതി ഉയർന്നിരുന്നു.

2016 ആഗസ്റ്റ് 27ന് സ്‌കൂളിലേക്ക് പോകുകയായിരുന്ന പെൺകുട്ടികൾക്കടുത്തെത്തിയ ശ്രീജിത്ത് രവി കാറിന്റെ ഡ്രൈവർ സീറ്റിലിരുന്ന് നഗ്നത പ്രദർശിപ്പിക്കുകയും, കുട്ടികൾ ഉൾപ്പെടുന്ന തരത്തിൽ സെൽഫി എടുക്കുകയും ചെയ്‌തെന്നായിരുന്നു പരാതി. വിദ്യാർത്ഥിനികൾ ബഹളംവച്ചതോടെ നടൻ കാർ ഓടിച്ചുപോയി. വിവരം പെൺകുട്ടികൾ സ്‌കൂൾ അധികൃതരെ അറിയിക്കുകയും ഒറ്റപ്പാലം പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.