ആക്രി പെറുക്കുന്നതിനിടയിൽ ലഭിച്ച മൊന്ത നിധിയെന്ന് കരുതി തുറന്നു, കണ്ണൂരിൽ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത് അച്ഛനും മകനും; ബോംബിന്റെ ഉറവിടം തേടി പൊലീസ്
കണ്ണൂർ: മട്ടന്നൂരിൽ വീടിനകത്ത് ബോംബ് പൊട്ടി അന്യ സംസ്ഥാന തൊഴിലാളികളായ പിതാവും മകനും മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. ആക്രിപെറുക്കുന്നതിനിടയിൽ ലഭിച്ച സ്റ്റീൽ പാത്രം തുറന്നുനോക്കുമ്പോൾ പൊട്ടിത്തെറിച്ചതാകാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
ബോംബിന്റെ ഉറവിടത്തെക്കുറിച്ചാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. വീട്ടിൽ സ്‌ഫോടക വസ്തു സൂക്ഷിച്ചിരുന്നോ എന്നും അന്വേഷിക്കും. മട്ടന്നൂർ പത്തൊമ്പതാം മൈൽ ചാവശേരിക്കടുത്ത് നെല്ലിയാട്ട് അമ്പലത്തിന് സമീപത്തെ വാടകവീട്ടിൽ ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് നാടിനെ നടുക്കിയ സ്ഫോടനമുണ്ടായത്. ആസാം സാർബോഗ് ബാർമനഗർ ബാർപെറ്റ സ്വദേശി ഫസൽഹഖ് (52) മകൻ ഷാഹിദുൾ (25) എന്നിവരാണ് മരിച്ചത്. ഫസൽഹഖ് സംഭവ സ്ഥലത്തും ഷാഹിദുൾ ആശുപത്രിയിലുമാണ് മരിച്ചത്.
ആക്രി പെറുക്കുന്നതിനിടെ ലഭിച്ച സ്റ്റീൽ മൊന്ത നിധിയാണെന്ന് കരുതി വീട്ടിൽ കൊണ്ടുപോകുകയായിരുന്നുവെന്നാണ് സൂചന. നിധിയുടെ വിവരം പുറത്തറിയാതിരിക്കാൻ ഫസൽഹഖ് മറ്റൊരു മകൻ തഫീഖുലിനെയും രണ്ട് തൊഴിലാളികളെയും സാധനങ്ങൾ വാങ്ങാൻ നിർബന്ധിച്ച് കടയിലേക്ക് അയച്ചിരുന്നു.തുടർന്ന് വീടിന്റെ മുകളിലത്തെ നിലയിൽ കയറിയ ഫസൽഹഖും ഷാഹിദുളും പാത്രം തുറന്നപ്പോഴാണ് ഉഗ്ര സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന്റെ ശക്തിയിൽ ഇരുവരും തെറിച്ചു താഴേക്ക് വീഴുകയായിരുന്നു.