നഗ്നതാപ്രദര്‍ശനം: ശ്രീജിത്ത് രവിക്ക് ജാമ്യമില്ല, 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു
തൃശൂര്‍: പ്രായപൂർത്തിയാകാത്ത കുട്ടികള്‍ക്ക് നേരേ നഗ്നതാപ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് കോടതി ജാമ്യം അനുവദിച്ചില്ല. നടനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തു. മാനസികരോഗം കാരണം ചെയ്‌തതാണെന്ന പ്രതിഭാഗത്തിന്റെ വാദം തൃശൂര്‍ പോക്‌സോ കോടതി മുഖവിലയ്‌ക്കെടുത്തില്ല.
മാനസികരോഗത്തിന് ചികിത്സ തേടുന്നുണ്ടെന്ന് നടൻ കോടതിയിൽ പറഞ്ഞിരുന്നു. ഇത് സംബന്ധിക്കുന്ന രേഖകളും പ്രതിഭാഗം കോടതിയിൽ സമർപ്പിച്ചു. എന്നാൽ ഇവയിൽ കൊടുത്തിരിക്കുന്ന തീയതി ഇന്നത്തെയാണെന്നും ഇത് അംഗീകരിക്കരുതെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
ഇന്ന് രാവിലെയാണ് പോക്‌സോ കേസിൽ ശ്രീജിത്ത് രവിയെ തൃശൂർ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പതിനൊന്നും അഞ്ചും വയസുള്ള രണ്ട് കുട്ടികൾക്കുമുന്നിലാണ് ശ്രീജിത് നഗ്നതാ പ്രദർശനം നടത്തിയത്. ഉടൻതന്നെ സ്ഥലം വിടുകയും ചെയ്തു. കുട്ടികളിൽ നിന്ന് വിവരമറിഞ്ഞ് രക്ഷിതാക്കൾ സ്ഥലത്തെത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.
തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. അപമര്യാദയായി പെരുമാറിയ ആളെ കണ്ട് നല്ല പരിചയമുണ്ടെന്നാണ് കുട്ടികൾ പൊലീസിനോട് പറഞ്ഞത്. കാറിന്റെ നിറവും കുട്ടികൾ പറഞ്ഞു. തുടർന്ന് സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് കാർ കണ്ടെത്തി പിന്തുടരുകയായിരുന്നു. പിടിയിലായ ശ്രീജിത്തിനെ കുട്ടികൾ തിരിച്ചറിഞ്ഞു. ഇതോടെയാണ് ഇയാൾ കുറ്റം സമ്മതിച്ചത്.