ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജി വച്ചു; കാവൽ പ്രധാനമന്ത്രിയായി തുടരും

Thursday 07 July 2022 5:35 PM IST

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജിവച്ചു. കാബിനറ്റ് പദവിയിലുണ്ടായിരുന്ന മന്ത്രിമാരെല്ലാം രാജി വച്ചതോടെയാണ് ബോറിസിന്റെ നിലയും പ്രതിസന്ധിയിലായത്. പ്രധാനമന്ത്രി പദവിയോടൊപ്പം പാര്‍ട്ടി നേതൃസ്ഥാനവും അദ്ദേഹം ഒഴിഞ്ഞു. മൂന്ന് ദിവസമായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധികൾക്കൊടുവിലായിരുന്നു അദ്ദേഹത്തിന്റെ രാജി.

രാഷ്ട്രീയത്തിൽ ആരും അനിവാര്യരല്ലെന്നും പുതിയ നേതാവിന് എല്ലാ പിന്തുണയും നൽകുമെന്നും പുതിയ നേതാവിനെ തിരഞ്ഞെടുക്കും വരെ സ്ഥാനത്ത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബറിൽ കൺസർവേറ്റീവ് പാർട്ടി പുതിയ നേതാവിനെ തിരഞ്ഞെടുക്കും. അതുവരെ കെയർടേക്കർ പ്രധാനമന്ത്രിയായി ജോൺസൺ തുടരും.

കഴിഞ്ഞ മാസമാണ് സ്വന്തം കക്ഷിയായ കൺസർവേറ്റീവ് പാർട്ടിയിലെ വിമത എം.പിമാർ കൊണ്ടുവന്ന പാർട്ടിക്കുള്ളിലെ അവിശ്വാസ വോട്ടെടുപ്പിനെ 211 വോട്ടുകൾ നേടി ബോറിസ് അതിജീവിച്ചത്. 180 എം.പിമാരുടെ പിന്തുണയായിരുന്നു അവിശ്വാസം അതിജീവിക്കാൻ വേണ്ടിയിരുന്നത്. പാർലമെന്റിൽ 359 അംഗങ്ങളുള്ള കൺസർവേറ്റീവ് പാർട്ടിയിലെ 148 പേർ ബോറിസിനെതിരായി വോട്ട് ചെയ്തിരുന്നു.

പാർട്ടി ഗേറ്റ് വിവാദങ്ങളിൽ പ്രതിച്ഛായ മങ്ങിയതിന് പിന്നാലെ മന്ത്രിമാരുടെ കൂട്ടരാജി ബോറിസിന്റെ സമ്മർദ്ദം ഇരട്ടിയാക്കിയിരുന്നു. മുതിർന്ന മന്ത്രിയും ഇന്ത്യൻ വംശജനുമായ റിഷി സുനക്ക്. സാജിദ് ജാവിദ് എന്നിവരാണ് ആദ്യം രാജി വച്ചത്. ഇതിന് പിന്നാലെ നിരവധി മന്ത്രിമാർ രാജി വച്ചു. ബോറിസ് ജോൺസൺ മന്ത്രിസഭയിലെ വിശ്വാസം നഷ്ടപ്പെട്ടതാണ് രാജിവയ്ക്കാൻ കാരണമായി ഇവർ വിശദീകരിച്ചത്.