നാട്ടുകാരോടു തട്ടിക്കയറും, ഗുണ്ടയുടെ തോളിൽ കൈയിടും! ചേരിപ്പോരിൽ ചീഞ്ഞു നാറി ജില്ലാ പൊലീസ് .

Friday 08 July 2022 12:00 AM IST

കോട്ടയം. പാരവെപ്പിലും ചേരിപ്പോരിലും ചീഞ്ഞുനാറി ജില്ലാ പൊലീസ്. കുപ്രസിദ്ധ ഗുണ്ട അരുൺ ഗോപനുമായി ബന്ധമുണ്ടെന്ന റിപ്പോർട്ടിൽ ചങ്ങനാശേരി ഡിവൈ.എസ്.പി ശ്രീകുമാർ അടക്കം നാലു പൊലീസുകാർക്കെതിരെ വകുപ്പുതല നടപടിക്കൊരുങ്ങുന്നതും ഇതിന്റെ തുടർച്ചയാണ്.

പ്രതികളെ അറസ്റ്റ് ചെയ്യാനായി 'സോഴ്സായി' ഗുണ്ടകളെ കൂടെക്കൂട്ടുകയാണ് പൊലീസ്. ജില്ലയിലെ ക്വട്ടേഷൻ,​ കഞ്ചാവ്,​ ബ്ളേഡ് മാഫിയ ഉൾപ്പെടെയുള്ള സംഘങ്ങളുമായി ബന്ധമുള്ള നിരവധി പൊലീസുകാരുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഓരോ ഗ്യാംഗും എതിർവിഭാഗത്തെ ഒറ്റാൻ ഒരു വിഭാഗം പൊലീസുകാരുടെ ആളുകളായി മാറും. അരുൺ ഗോപൻ,​ അലോട്ടി,​ വിനീത് സഞ്ജയൻ,​കെ.ഡി ജോമോൻ ഇങ്ങനെ എല്ലാ ഗുണ്ടകൾക്കും പൊലീസിൽ വ്യക്തമായ സ്വാധീനമുണ്ട്. ഈ ബന്ധത്തിന്റെ മറവിലാണ് ഇവരുടെ ക്രമിനൽ പ്രവർത്തനങ്ങൾ.

ആളാകാനും വേണം ഗുണ്ടകൾ.

വർഷങ്ങൾക്ക് മുൻപ് നഗരത്തിലെ ഒരു സ്റ്റേഷനിൽ പുതുതായി ഒരു സ്റ്റേഷൻ ഹൗസ് ഓഫീസർ ചാർജ് എടുത്തതിന് പിന്നാലെ, സ്റ്റേഷൻ പരിധിയിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ സംഘർഷമുണ്ടായി. നടുറോഡിൽ വാളുരസിയും വാക്കേറ്റമുണ്ടാക്കിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പ്രതികളെ അന്നു തന്നെ അറസ്റ്റ് ചെയ്തു. എസ്.എച്ച്.ഒ ചാർജെടുത്ത ഉടനെ പേരെടുക്കാൻ തനിയെ ആസൂത്രണം ചെയ്തതായിരുന്നു ഇത്.

ഫോൺ വിളി സ്വാഭാവികമെന്ന്.

'രഹസ്യ വിവരങ്ങളുടെ' അടിസ്ഥാനത്തിലുള്ള അറസ്റ്റുകളെല്ലാം പരസ്പരമുള്ള ഒറ്റാണ്. ഇതിനായി സ്വാഭാവികമായും ഗുണ്ടകളുമായി ബന്ധം പുലർത്തേണ്ടി വരുമെന്നാണ് പൊലീസ് പറയുന്നത്. ബാംഗ്ളൂരിൽ നിന്ന് അമ്പത് കിലോ കഞ്ചാവ് പിടികൂടിയതിനുള്ള എല്ലാ സൗകര്യങ്ങളും പൊലീസിന് ഏർപ്പാടാക്കിയത് അരുൺ ഗോപനായിരുന്നു. അരുൺ ഗോപന്റെ എതിരാളി അലോട്ടിയെ കുരുക്കാനായിരുന്നു ഇത്. ഇതിന്റെ ഭാഗമായി പല പൊലീസുകാരെയും അരുൺ ഗോപൻ വിളിച്ചിരുന്നു. ഇപ്പോൾ നടപടിയെടുത്തിരുന്ന ഉദ്യോഗസ്ഥരേയും വിളിച്ചിരുന്നെന്നും എന്നാൽ തങ്ങൾ സഹകരിച്ചില്ലെന്നും ഇവർ പറയുന്നു. ഒടുവിൽ മറ്റൊരു സംഘം അരുൺ ഗോപൻ ഒരുക്കിയ വാഹനത്തിൽ ബാംഗ്ളൂരിലെത്തിയാണ് പ്രതികളെ പിടികൂടിയത്. ഗുണ്ടയുടെ വാഹനത്തിൽ പ്രതിയെ പിടിക്കാൻ പോയ പൊലീസുകാർക്കെതിരെ നടപടിയുണ്ടായിട്ടില്ല.

ചീട്ടുകളിക്ക് കാവൽ.

മണർകാട് കേന്ദ്രീകരിച്ച് നടന്നിരുന്ന വൻ ചീട്ടുകളി സംഘം കുടുങ്ങിയതിനുപിന്നാലെ ഇവരുമായുള്ള അന്നത്തെ മണർകാട് സ്റ്റേഷൻ ഹൗസ് ഓഫിസറുടെ ബന്ധം പുറത്തായിരുന്നു. ചീട്ടുകളി നടന്നിരുന്ന ക്ലബ് അധികൃതരുമായി സി.ഐ നടത്തിയ ഫോൺ സംഭാഷണം പുറത്താകുകയായിരുന്നു. ഇത് വലിയ ചർച്ചയായതോടെ അന്നത്തെ
ഇൻസ്‌പെക്ടർ ആർ.രതീഷ്‌കുമാറിനെ സസ്‌പെൻഡ് ചെയ്തിരുന്നു. മണർകാട് സ്റ്റേഷനിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർക്ക് ചീട്ടുകളി സംഘത്തിൽ നിന്ന് മാസപ്പടി ലഭിച്ചിരുന്നതായും കണ്ടെത്തി. ഇതോടെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവായി.

മര്യാദയില്ലാത്ത പെരുമാറ്റം.

ഡിവൈ.എസ്.പി ശ്രീകുമാർ പൊതുജനങ്ങളുൾപ്പെടെയുള്ളവരോട് മോശമായേ പെരുമാറൂ. ഭരിക്കുന്ന പാർട്ടിയുടെ ആളായി പെട്ടെന്ന് മാറും. വർഷങ്ങൾക്ക് മുൻപ് നടന്ന യൂത്ത് കോൺഗ്രസിന്റെ കളക്ടറേറ്റ് മാർച്ചിലും മാടപ്പള്ളിയിൽ നടന്ന സിൽവർ ലൈൻ വിരുദ്ധ സമരത്തിലുമുണ്ടായ പൊലീസ് അതിക്രമങ്ങൾക്കും ചുക്കാൻ പിടിച്ചത് ശ്രീകുമാറായിരുന്നു.

Advertisement
Advertisement