പാറശാലയിലെ മാലിന്യ നിക്ഷേപ കേന്ദ്രമായി കെ.എസ്.ആർ.ടി.സി വക സ്ഥലം

Friday 08 July 2022 1:04 AM IST

പാറശാല: ഇടിച്ചക്ക പ്ലാമൂട്ടിലെ കെ.എസ്.ആർ.ടി.സി വക സ്ഥലമാണ് ഇപ്പോൾ പാറശാലയിലെ മാലിന്യ നിക്ഷേപകേന്ദ്രം. ദേശീയ പാതയിൽ നിന്ന് പ്ലാമൂട്ടുക്കടയിലേക്കുള്ള റോഡിലൂടെ സഞ്ചരിക്കുന്ന ആർക്കും മൂക്ക് പൊത്തിയേ നടക്കാൻ കഴിയുകയുള്ളൂ. റോഡിന് ഒരു വശത്തായിട്ടുള്ള പത്തേക്കറോളം വരുന്ന കെ.എസ്.ആർ.ടി.സി വക സ്ഥലത്ത് പ്രദേശത്തെ നാട്ടുകാർ നിക്ഷേപിക്കുന്ന മാലിന്യക്കൂമ്പാരങ്ങളാണ് പരിസര മലിനീകരണം സൃഷ്ടിച്ചുകൊണ്ട് പ്രദേശത്ത് ആകെ ദുർഗന്ധം പരത്തുന്നത്. കഴിഞ്ഞ മുപ്പത് വർഷമായി നാഥനില്ലാതെ തുടരുന്ന ഇവിടം പഞ്ചായത്തിലെ തന്നെ മാലിന്യ നിക്ഷേപ കേന്ദ്രമാണ്.

പ്ലാസ്റ്രിക് മുതൽ അറവുശാല വരെ

വീടുകളിലെയും ഹോട്ടലുകളിലെയും അവശിഷ്ടങ്ങൾ മുതൽ കോഴി ഫാമുകളിലെയും അറവ് ശാലകളിലെയും മാംസാവശിഷ്ടങ്ങൾ വരെ ഇവിടെ കൊണ്ട് നിക്ഷേപിക്കും. ശുചിത്വ പഞ്ചായത്തിനുള്ള കേന്ദ്ര സർക്കാരിന്റെ പുരസ്കാരം നേടിയ പഞ്ചായത്തിലാണ് സർക്കാർ വക വസ്തുക്കളിൽ വർഷങ്ങളായി മാലിന്യ നിക്ഷേപം നടത്തുന്നത്. കെ.എസ്.ആർ.ടി വക വസ്തുക്കളിൽ പാഴ്‌മരങ്ങൾ വളർന്നത് കാരണം പ്രദേശമാകെ കാടുപിടിച്ച നിലയിലാണ്.

പാറശാലക്കാരനും മുൻ മന്ത്രിയുമായ എൻ. സുന്ദരൻനാടാരുടെ കാലത്താണ് പാറശാലയിൽ കെ.എസ്.ആർ.ടിയുടെ ഡിപ്പോ സ്ഥാപിതമായതും തുടർന്ന് റീജിയണൽ വർക്ക് ഷോപ്പ് സ്ഥാപിക്കുന്നതിനായി സ്ഥലം കണ്ടെത്തിയതും. സ്ഥലം ഏറ്റെടുത്ത് ചില കെട്ടിടങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങളും നടത്തി.

കെ.എസ്.ആർ.ടി.സിയുടെ വകയായി പ്രിന്റിംഗ് പ്രസ്, എൻജിനിയറിംഗ് കോളേജ് തുടങ്ങി പലതും സ്ഥാപിക്കുന്നതാണെന്ന് വാഗ്ദാനം നൽകിയിരുന്നെങ്കിലും ഒന്നും നടന്നില്ല. മാനേജ്മെന്റിന് ഈ ഭൂമിയിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നിരിക്കെ സമൂഹത്തിന് വിപത്തായി മാറുന്ന പരിസര മലിനീകരണത്തിനും മറ്റും ബന്ധപ്പെട്ട പഞ്ചായത്ത് ആരോഗ്യ വകുപ്പ് അധികൃതർ നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം. ഇവിടെ സ്ഥാപിച്ചിട്ടുള്ള കെട്ടിടങ്ങൾ പൂർത്തിയാവാത്തത് കാരണം അവ തകർച്ചയുടെ വക്കിലാണ്.

Advertisement
Advertisement