കെ.എസ്.ആർ.ടി.സി ഗാരേജ് നിർമ്മാണം അന്തിമഘട്ടത്തിൽ

Friday 08 July 2022 1:10 AM IST

ആലപ്പുഴ: ആലപ്പുഴ മൊബിലിറ്റി ഹബ് നിർമ്മാണ ഘടന സംബന്ധിച്ച് അന്തിമ തീരുമാനം വൈകുകയാണെങ്കിലും, പദ്ധതിക്ക് അനുബന്ധമായുള്ള കെ.എസ്.ആർ.ടി.സിയുടെ പുതിയ ഗാരേജിന്റെ നിർമ്മാണം അന്തിമഘട്ടത്തിലെത്തി. വളവനാട് ജംഗ്ഷന് കിഴക്ക് ഭാഗത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപമുള്ള 4 ഏക്കറിലാണ് ഗാരേജിന്റെ നിർമ്മാണം പുരോഗമിക്കുന്നത്. സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ സ്ഥലത്താണ് നിർമ്മാണം.

നിലവിൽ ആലപ്പുഴ ഡിപ്പോയോട് ചേർന്ന് പ്രവർത്തിക്കുന്ന ഗാരേജ് വളവനാട്ടെ താത്കാലിക സംവിധാനത്തിലേക്ക് മാറ്റിയാലേ പഴയ കെട്ടിടം പൊളിച്ചു തുടങ്ങാൻ കഴിയുകയുള്ളൂ. ഓഫീസ്, യാർഡ്, വാഷിംഗ് ഗാരേജ് എന്നിവയുടെ നിർമ്മാണമാണ് നിലവിൽ പൂർത്തിയായത്. ഇവിടേക്കുള്ള പാതയുടെ ടാറിംഗും പൂർത്തീകരിച്ചു. അഗ്നിരക്ഷാ നിലത്തിൽ നിന്നുള്ള പെർമിഷൻ, ജലലഭ്യത ഉറപ്പാക്കൽ തുടങ്ങിയ നടപടിക്രമങ്ങളാണ് ശേഷിക്കുന്നത്. ഗാരേജിന് സമീപം ബസ് ടെർമിനൽ നിർമ്മിക്കാനും ആലോചനയുണ്ടെങ്കിലും രൂപരേഖയിൽ തീരുമാനമായിട്ടില്ല.

ഡിപ്പോയിൽ ബസ് വന്നുപോകും

ഗാരേജ് വളവനാട്ട് ആരംഭിച്ചു കഴിഞ്ഞാൽ ബസുകൾക്ക് വന്നുപോകാൻ മാത്രമാകും ആലപ്പുഴ നഗരത്തിലുള്ള ഇപ്പോഴത്തെ ബസ് സ്റ്റാൻഡ് ഉപയോഗിക്കുക. ബസുകൾ സൂക്ഷിക്കുന്നതും അറ്റകുറ്റപ്പണികൾ നടത്തുന്നതും വളവനാട്ടെ താത്കാലിക ഗാരേജിലാകും.

4 : ഗാരേജ് നിർമ്മാണത്തിന് കിഫ്ബി അനുവദിച്ചത് 4 കോടി രൂപ

12: ഒരേസമയം 12 ബസുകൾ കഴുകാനും പാർക്ക് ചെയ്യാനും സൗകര്യം

ഗാരേജിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. ഇവിടേയ്ക്ക് വെള്ളത്തിന്റെ ലഭ്യത ഉറപ്പു വരുത്തേണ്ടതുണ്ട്. അഗ്നിരക്ഷാ യൂണിറ്റിൽ നിന്നുള്ള അനുമതിയും ലഭിക്കണം. ഇത്തരം സാങ്കേതിക നടപടികൾ പൂർത്തിയാകാൻ രണ്ട് മാസം കൂടിയെടുത്തേക്കും

- അശോക് കുമാർ, ഡി.ടി.ഒ, ആലപ്പുഴ

Advertisement
Advertisement