തിരുപ്പൂർ കുമരൻ

Friday 08 July 2022 12:00 AM IST

തമിഴ്നാട്ടിൽ,​ കൊടികാത്ത കുമരൻ എന്ന പേരിൽ അറിയപ്പെടുന്ന സ്വാതന്ത്ര്യസമര ഭടൻ. ബ്രിട്ടീഷുകാർക്കെതിരെ തമിഴകത്ത് യുവാക്കളെ അണിനിരത്തിയ ദേശബന്ധു യൂത്ത് അസോസിയേഷന്റെ സ്ഥാപകൻ. ഇരുപത്തിയെട്ടാം വയസിൽ തിരുപ്പൂരിൽ പ്രതിഷേധ മാർച്ചിനിടെ പൊലീസ് മർദ്ദനമേറ്റ് വീരമൃത്യു.

യഥാർത്ഥ പേര് കുമാരസ്വാമി മുതലിയാർ. 1904 ഒക്ടോബർ നാലിന് ഈറോഡ് ജില്ലയിലെ ചെന്നിമലയിൽ നാച്ചിമുത്തു മുതലിയാരുടെയും കറുപ്പായിയുടെയും മകനായി ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കുടുംബ സാഹചര്യം കാരണം നെയ്‌ത്തുജോലി സ്വീകരിച്ചു. തിരുപ്പൂരിലേക്ക് താമസം മാറ്റിയതോടെ ഗാന്ധിയൻ ആദർശങ്ങളിൽ ആകൃഷ്ടനായി,​ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നല്കി.

നിയമലംഘന പോരാട്ടം തമിഴ്നാട്ടിലുടനീളം വ്യാപിച്ചപ്പോൾ യുവാക്കളെ സംഘടിപ്പിച്ച് സമരനേതൃത്വം. 1932 - ൽ മുംബയിൽ സമരത്തിന് നേതൃത്വം നല്കിയ മഹാത്മാ ഗാന്ധിയെ അറസ്റ്റ് ചെയ്തു ജയിലിലടയ്കാൻ ബ്രിട്ടീഷ് ഭരണകൂടം തീരുമാനിച്ചപ്പോൾ അതിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം. ഇതിന്റെ ഭാഗമായി ജനുവരി 11 ന് തിരുപ്പൂരിൽ ത്യാഗി പി.എസ്. സുന്ദരത്തിന്റെ നേതൃത്വത്തിൽ നടന്ന മാർച്ചിന്റെ മുൻനിരയിലായിരുന്നു കുമരൻ.

വന്ദേമാതരം വിളിച്ച് മുന്നേറിയ മാർച്ചിനു നേരെ ബ്രിട്ടീഷ് പൊലീസ് ക്രൂരമർദ്ദനം അഴിച്ചുവിട്ടു. ലാത്തിച്ചാർജിൽ കുമരന്റെ തലയോട്ടി പിളർന്നു. മരിച്ചുവീഴുമ്പോഴും കൈയിൽ സ്വാതന്ത്ര്യപതാക ഉയർത്തിപ്പിടിച്ചിരുന്ന കുമരന്,​ മരണാന്തരം ലഭിച്ച പേരാണ് കൊടികാത്ത കുമരൻ. തിരുപ്പൂരിൽ കുമരനോടുള്ള ആദരസൂചകമായി പിന്നീട് അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കപ്പെട്ടു. കുമരന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് 2004 - ൽ തപാൽവകുപ്പ് പ്രത്യേക സ്‌മാരക സ്റ്റാമ്പ് പുറത്തിറക്കി.

Advertisement
Advertisement