ദേശീയപാതക്ക് വഴിമാറുന്നു വീണുടഞ്ഞ ശില്പംപോലെ കാനായിയുടെ വീട്

Thursday 07 July 2022 11:44 PM IST
ഇനിയെത്ര നാളുകൾ ..വിസ്‌മൃതിയിലാകുന്ന കാനായി കുഞ്ഞിരാമൻ താമസിച്ച പിലിക്കോട് മട്ടലായിയിലെ ചരിത്ര വീട്

കാസർകോട്: മലയാളത്തിന്റെ മഹാശില്പി കാനായി കുഞ്ഞിരാമൻ ബാല്യകാലം ചെലവഴിച്ച ഭവനം ദേശീയപാതയ്ക്കായി വഴിമാറുന്നു.വീടിന്റെ പിൻഭാഗത്തെ നേർപകുതിയും അതിനോട്‌ ചേർന്ന 25 സെന്റ് സ്ഥലവുമാണ് ദേശീയപാതയ്ക്കായി ഏറ്റെടുത്തത്. നിർമ്മാണത്തിനായി മുകൾ ഭാഗത്തുനിന്നു മണ്ണിടാൻ തുടങ്ങിയതോടെ ഓടുമേഞ്ഞ വീട് തകർന്നുതുടങ്ങി.85ന്റെ നിറവിലെത്തിയ കാനായി കുഞ്ഞിരാമൻ, നീലേശ്വരം രാജാസ് ഹൈസ്‌കൂളിൽ പത്താംക്ലാസ് പഠനം പൂർത്തിയാക്കി മദിരാശി ഫൈൻ ആർട്സ് കോളേജിൽ ഉപരിപഠനത്തിന് ചേരുന്നതു വരെയും കഴിഞ്ഞിരുന്നത് ചെറുവത്തൂർ മട്ടലായി ശിവക്ഷേത്രത്തിനു മുന്നിലുള്ള ഈ തറവാട് വീട്ടിലായിരുന്നു.

1937 ജൂലായ് 15 ന് കുട്ടമത്തെ വീട്ടിലായിരുന്നു ജനനമെങ്കിലും പഠിച്ചതും വളർന്നതും പിതാവ് കാനായി രാമൻ നിർമ്മിച്ച ഈ വീട്ടിലാണ്.വീടിന് തൊട്ടരികിൽ റോഡും കുളവും വിശാലമായ നെൽവയലുമുണ്ട്. സ്കൂൾ വിട്ടുവന്നാൽ കൂട്ടുകാരുമൊത്ത് കുഞ്ഞിരാമനും കുളത്തിൽ നീന്തിക്കുളിക്കുമായിരുന്നു. കൃഷി തന്നെയായിരുന്നു കുടുംബത്തിന്റെ പ്രധാന വരുമാനം. പതിനാറ് ഏക്കറുണ്ടായിരുന്ന സ്വത്ത് ഭാഗംവച്ചപ്പോൾ, ഈ വീടും ഒന്നരയേക്കർ പുരയിടവും അനുജൻ കാനായി ഗംഗാധരന് അവകാശപ്പെട്ടതായി.

മദിരാശിയിലെ പഠനം കഴിഞ്ഞാണ് 1965 വരെ കാനായി ലണ്ടനിലെ സ്കെയിസ് സ്കൂൾ ഓഫ് ആർട്സിൽ ശില്പകലയിൽ ഉപരിപഠനം നടത്തിയത്. അവധിക്ക് നാട്ടിൽ വരുമ്പോഴും വടക്കൻ കേരളത്തിലെ സാഹിത്യസദസുകളിൽ പങ്കെടുക്കാൻ എത്തുമ്പോഴും കാനായി ഇവിടെ തങ്ങുമായിരുന്നു. ചിലപ്പോൾ, ഒരു മാസം വരെ ഈ വീട്ടിൽ കഴിഞ്ഞ ശേഷമാണ് മടങ്ങുക. മലമ്പുഴയിലെ യക്ഷിയുടെ പണിപ്പുരയിൽ ആയതിനു ശേഷവും തിരുവനന്തപുരത്തേക്ക് താമസം മാറിയതിന് ശേഷവുമാണ് വരവ് കുറഞ്ഞത്. പിന്നീട് കാഞ്ഞങ്ങാട് അതിയാമ്പൂരിൽ വീട് പണിതതിനാൽ അവിടേയ്ക്ക് താമസം മാറി. പഞ്ചായത്തിനോ ജില്ലാ ഭരണകൂടത്തിനോ പുരാവസ്തു വകുപ്പിനോ കേരളം അഭിമാനിക്കുന്ന കലാകാരന്റെ വീട് സംരക്ഷിക്കാൻ മുന്നോട്ടുവരാമായിരുന്നു എന്നാണ് കാനായിയെ സ്നേഹിക്കുന്നവർ പറയുന്നത്.

പത്ത് വർഷം മുമ്പാണ് ദേശീയപാതയ്ക്കായി ഏറ്റെടുത്തത്. ആ സമയത്ത് ആരെങ്കിലും ശ്രമിച്ചിരുന്നെങ്കിൽ ഏട്ടൻ താമസിച്ച വീടെന്ന നിലയിൽ പൂർണ്ണമായും സംരക്ഷിക്കാൻ കഴിയുമായിരുന്നു.

-കാനായി ഗംഗാധരൻ, കാനായിയുടെ സഹോദരൻ, റിട്ടയേർഡ് ജെ.ടി.എസ് ഫോർമാൻ

Advertisement
Advertisement