ബോറിസിനെ വീഴ്‌ത്തിയ ഏഷ്യൻ വിമതർ

Friday 08 July 2022 5:37 AM IST

ലണ്ടൻ : ഏഷ്യൻ വംശജരായ നേതാക്കളുടെ വിമത നീക്കങ്ങളാണ് ബോറിസിനെ വീഴ്‌ത്തിയത്. ബോറിസിന്റെ വിശ്വസ്തരിൽ ഒരാളായ മുൻ ധനമന്ത്രി ഋഷി സുനാക് ( 42 ) അടുത്ത പ്രധാനമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞു കേൾക്കുന്ന പേരുകളിൽ ഒന്നാണ്. പാർട്ടി ഗേറ്റ് വിവാദങ്ങൾക്കിടെ ബോറിസിന് പകരം പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഋഷിയുടെ പേര് ഉയർന്നിരുന്നു.

രാജ്യത്തെ സാമ്പത്തിക നയങ്ങളിൽ നിർണായക നീക്കങ്ങൾ നടത്തിയ പഞ്ചാബി വേരുകളുള്ള ഋഷി ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മകൾ അക്ഷത മൂർത്തിയുടെ ഭർത്താവാണ്. മുൻ കൺസർവേറ്റീവ് മന്ത്രിസഭകളിലെ പ്രമുഖരെ മാറ്റിനിറുത്തിയാണ് യുവ നേതാവും ലോകം ഉറ്റുനോക്കുന്ന സാമ്പത്തിക വിദഗ്ദ്ധനുമായ റിഷിയെ ബോറിസ് ധനമന്ത്രിയാക്കിയത്.

ബ്രിട്ടനിലേക്ക് കുടിയേറിയ പാകിസ്ഥാനി ബസ് ഡ്രൈവറുടെ മകനായ സാജിദ് ജാവിദ് ( 52 ) ആയിരുന്നു ഋഷിക്ക് മുന്നേ ധനമന്ത്രി. ഹോം സെക്രട്ടറിയടക്കം നിർണായക സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള സാജിദിന് ആരോഗ്യമാണ് ബോറിസ് നൽകിയത്. സാജിദിന്റെ പേരും പ്രധാനമന്ത്രി സ്ഥാനത്തേക്ക് കേൾക്കുന്നുണ്ട്. കൊവിഡ് പ്രതിസന്ധിയിൽ രാജ്യത്തെ സമ്പദ്, ആരോഗ്യ രംഗങ്ങളെ താങ്ങിനിറുത്താൻ ഇരുവരും നടപ്പാക്കിയ പദ്ധതികൾ ശ്രദ്ധേയമായിരുന്നു.

ഇവർക്കൊപ്പം ഹോം സെക്രട്ടറിയായി ഇന്ത്യൻ വംശജയായ പ്രീതി പട്ടേലിനെയും വാണിജ്യ സെക്രട്ടറിയായി അലോക് ശർമ്മയെയും നിയമിച്ചു.

ഇങ്ങനെ ബോറിസ് വിശ്വസിച്ച യുവനേതാക്കളാണ് ഇപ്പോൾ അദ്ദേഹത്തെ പ്രതിസന്ധിയിലാക്കിയത്.

Advertisement
Advertisement