ഇന്ത്യയെ ഭരിച്ച ബ്രിട്ടനെ ഇന്ത്യക്കാരൻ ഭരിക്കുമോ?

Friday 08 July 2022 5:38 AM IST

ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഋഷി സുനാക്കിന്റെ പേരും കേൾക്കുന്നു

ലണ്ടൻ : ഇന്ത്യ ഭരിച്ച ബ്രിട്ടനെ ഒരു ഇന്ത്യക്കാരൻ ഭരിക്കുന്ന കാലം വരുമോ? ബോറിസ് ജോൺസന്റെ പിൻഗാമിയായി ഇന്ത്യൻ വംശജനായ ഋഷി സുനാക് ( 42 ) ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിക്കൂടെന്നില്ല. അദ്ദേഹത്തിന്റെ ഉൾപ്പെടെയുള്ള പേരുകളാണ് പുതിയ പ്രധാനമന്ത്രി സ്ഥാനത്തേക്ക് കേൾക്കുന്നത്. കൺസർവേറ്റീവ് പാർട്ടിയുടെ നേതാവിനെ തിരഞ്ഞെടുക്കാനുള്ള നടപടികൾ അടുത്തയാഴ്ച ആരംഭിക്കുന്നതോടെ ചിത്രം വ്യക്തമാകും.

2015ൽ റിച്മോണ്ടിൽ നിന്ന് എം.പിയായ ഋഷിയെ 2020 ഫെബ്രുവരിയിലാണ് ധനമന്ത്രിയായി നിയമിച്ചത്. ബോറിസ് മന്ത്രിസഭയിൽ രണ്ടാമനായാണ് അറിയപ്പെട്ടിരുന്നത്. കൊവിഡ് കാലത്തുൾപ്പെടെ ഋഷി പ്രഖ്യാപിച്ച സാമ്പത്തിക നയങ്ങളാണ് ബോറിസിനെ രക്ഷിച്ചത്. പ്രധാനമന്ത്രിയായാൽ ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജനെന്ന ചരിത്രനേട്ടം ഋഷിക്ക് സ്വന്തമാകും.

പാക് വംശജനും മുൻ ആരോഗ്യമന്ത്രിയുമായ സാജിദ് ജാവിദിനും ഋഷിക്കൊപ്പം തുല്യ സാദ്ധ്യതയാണ് കൽപ്പിക്കുന്നത്. ബോറിസിന്റെ കസേര തെറിപ്പിച്ച രാജി പരമ്പര തുടങ്ങിയത് ഇവരാണ്. ഇന്ത്യൻ വംശജയും ഹോം സെക്രട്ടറിയുമായ പ്രീതി പട്ടേൽ, ലിസ് ട്രസ് ( വിദേശകാര്യ മന്ത്രി ), മൈക്കൽ ഗോവ് ( മുൻ ഹൗസിംഗ് സെക്രട്ടറി ), നദീം സഹാവി ( പുതിയ ധനമന്ത്രി ), ബെൻ വാലസ് ( പ്രതിരോധ മന്ത്രി ), സ്റ്റീവ് ബാർക്ലേ ( പുതിയ ആരോഗ്യ മന്ത്രി ) തുടങ്ങിയവരും കൺസർവേറ്റീവ് പാർട്ടി നേതൃത്വ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാൻ സാദ്ധ്യതയുള്ളവരാണ്.

നികുതിവെട്ടിപ്പ് ആരോപണം വിനയാകും ?

ഋഷിയുടെ ഭാര്യയും ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മകളുമായ അക്ഷത മൂർത്തി കമ്പനി ഓഹരികളിൽ നിന്നുള്ള ആഗോള വരുമാനത്തിന്റെ ടാക്സ് ബ്രിട്ടനിൽ അടച്ചില്ലെന്ന ആരോപണം ഋഷിക്ക് പ്രതികൂലമായേക്കാം.

അക്ഷത ബ്രിട്ടനിലാണ് താമസമെങ്കിലും ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചിട്ടില്ല. ഇങ്ങനെയുള്ളവർക്ക് ബ്രിട്ടനിൽ ടാക്സ് അടയ്‌ക്കേണ്ട ആവശ്യമില്ല. ബ്രിട്ടനിൽ നികുതി അടയ്ക്കാൻ തയാറാണെന്ന് അക്ഷത അറിയിച്ചെങ്കിലും രാജ്യത്തിന് ലഭിക്കേണ്ട 50 ദശലക്ഷം യൂറോ നികുതി അക്ഷത വെട്ടിച്ചെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് എങ്ങനെ ?

രണ്ടിലേറെ എം. പിമാർ സ്ഥാനാർത്ഥികളായാൽ രണ്ട് പേർ മാത്രം ശേഷിക്കുന്നതു വരെ പാർട്ടി എം. പിമാർ പല റൗണ്ടുകൾ നീളുന്ന വോട്ടെടുപ്പ് നടത്തും.

സ്ഥാനാർത്ഥിയാകാൻ എട്ട് പാർട്ടി എം. പിമാരുടെ പിന്തുണ വേണം രണ്ടിലേറെ സ്ഥാനാർത്ഥികളുണ്ടെങ്കിൽ ഒന്നാം റൗണ്ട് വോട്ടെടുപ്പിൽ അഞ്ച് ശതമാനം എം. പിമാരുടെ ( 18 ) പിന്തുണ കിട്ടുന്നവർ മത്സരത്തിൽ ശേഷിക്കും. അപ്പോഴും രണ്ടിലേറെ പേരുണ്ടെങ്കിൽ രണ്ടാം റൗണ്ടിൽ പത്ത് ശതമാനം ( 36 ) എം. പി മാരുടെ പിന്തുണയുള്ളവർ മാത്രം മത്സരിക്കും. തുടർന്നുള്ള റൗണ്ടുകളിൽ കുറച്ച് വോട്ട് കിട്ടുന്നവർ പുറത്താവും  അങ്ങനെ രണ്ട് പേർ മാത്രം ശേഷിക്കുമ്പോൾ എം. പിമാർക്കൊപ്പം രാജ്യത്തെ മുഴുവൻ കൺസർവേറ്റിവ് പാർട്ടി അംഗങ്ങളും പോസ്റ്റൽ വോട്ട് ചെയ്യും. കൂടുതൽ വോട്ട് നേടുന്ന ആൾ കൺസർവേറ്റിവ് പാർട്ടി നേതാവും പ്രധാനമന്ത്രിയുമാവും.

Advertisement
Advertisement