ബിഗ് ബോസ് താരം റോബിൻ സഞ്ചരിച്ച കാർ മറിഞ്ഞു; അപകടം ഉദ്ഘാടനത്തിന് പോകും വഴി

Saturday 09 July 2022 4:56 PM IST

ബിഗ് ബോസ് മലയാളം സീസൺ നാല് മത്സരാർത്ഥിയായ ഡോ റോബിൻ രാധാകൃഷ്ണന്റെ കാർ അപകടത്തിൽപ്പെട്ടു. തൊടുപുഴയിൽ ഒരു ഉദ്ഘാടനത്തിനായി പോകും വഴിയാണ് അപകടമുണ്ടായത്. ഇതിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. അപകടത്തിൽ നിന്നും രക്ഷപ്പെട്ട റോബിൻ ഉദ്ഘാടനത്തിന് എത്തുകയും ചെയ്തിരുന്നു. ' വരുന്ന വഴി എന്റെ കാർ ഒരു കൊക്കയിലേക്ക് മറിഞ്ഞു. കാര്‍ ഒരു കല്ലിൽ തട്ടി നിന്നതുകൊണ്ട് മാത്രം രക്ഷപ്പെട്ടു. എന്നിട്ടും നിങ്ങളെ കാണാൻ വേണ്ടിയാണ് ഞാൻ വന്നത്'- റോബിൻ ഉദ്ഘാടന വേദിയിൽ പറഞ്ഞു.

ബിഗ് ബോസ് സീസണ്‍ നാലില്‍ ഏറെ പ്രേക്ഷകപ്രീതി നേടിയ താരമാണ് റോബിന്‍. ഫൈനല്‍ ഫൈവ് പ്രതീക്ഷ നിലനിര്‍ത്തിയ റോബിന് പക്ഷേ ഷോ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. സഹമത്സരാര്‍ത്ഥിയായ റിയാസ് സലീമിനെ ശാരീരികമായി കൈയ്യേറ്റം ചെയ്‍തതിനാല്‍ ഷോയില്‍ നിന്നും പുറത്താക്കുകയായിരുന്നു.

അതേസമയം, റോബിന്‍ സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. പ്രമുഖ നിര്‍മാതാവ് സന്തോഷ് ടി കുരുവിള നിര്‍മിക്കുന്ന ചിത്രത്തിലൂടെയാണ് റോബിന്‍ സിനിമാഭിനയത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നത്. എസ്ടികെ ഫ്രെയിംസിന്‍റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രം സന്തോഷ് ടി കുരുവിളയുടെ 14-ാമത്തെ ചലച്ചിത്ര സംരംഭമാണ്.