ഗോതബയയുടെ വസതി ടൂറിസ്റ്റ് സ്പോട്ട് ആക്കി ജനം

Monday 11 July 2022 12:41 AM IST

കൊളംബോ : ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോ ഇന്നലെ പൊതുവെ ശാന്തമായിരുന്നെങ്കിലും ഗോതബയയുടെ ഔദ്യോഗിക വസതിയും ഓഫീസും ഇപ്പോഴും പ്രക്ഷോഭകരുടെ നിയന്ത്രണത്തിലാണ്. ഒരു 'മിനി വിനോദ സഞ്ചാര കേന്ദ്രത്തിന്റെ പ്രതീതിയാണവിടെ.

നിരവധി പേരാണ് കൊളോണിയൽ കാലഘട്ടത്തിൽ നിർമ്മിച്ച പ്രസിഡൻഷ്യൽ കൊട്ടാരം കാണാനെത്തുന്നത്. വസതിയ്ക്കകത്ത് ചുറ്റിനടന്ന് ഫോട്ടോകൾ പകർത്തുകയും ആഡംബര സൗകര്യങ്ങൾ ആസ്വദിക്കുകയും ചെയ്‌തു. ചിലർ ജിമ്മിലെ ഉപകരണങ്ങൾ പരീക്ഷിക്കുന്നതിന്റെയും ചിലർ ബെഡ് റൂമുകളിൽ വിശ്രമിക്കുന്നതിന്റെയും വീഡിയോകൾ വൈറലാണ്.

പൊലീസുമായുണ്ടായ സംഘർഷത്തിൽ 11 മാദ്ധ്യമ പ്രവർത്തകർ ഉൾപ്പെടെ 103 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ല.

വസതിയിലെ നീന്തൽക്കുളത്തിൽ പ്രക്ഷോഭകർ നീന്തുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നെങ്കിലും ഇന്നലെ ഇങ്ങനെയൊരു കാഴ്ച കണ്ടില്ല. കുളത്തിലെ വെള്ളം കലങ്ങിയതാണ് കാരണം.

സുരക്ഷാ ഉദ്യോഗസ്ഥർ വസതിക്ക് പുറത്തുണ്ടായിരുന്നെങ്കിലും ജനങ്ങളെ തടഞ്ഞില്ല. തങ്ങൾ ദുരിതമനുഭവിക്കുമ്പോൾ പ്രസിഡന്റ് കൊട്ടാരത്തിൽ ആഡംബര ജീവിതം ആസ്വദിക്കുകയായിരുന്നെന്ന് ഇന്നലെ ഇവിടം സന്ദർശിക്കാനെത്തിയ സാധാരണക്കാർ പറഞ്ഞു.

സുരക്ഷാ ബങ്കർ, കോടിക്കണക്കിന് രൂപ

കൊളംബോ : ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്സയുടെ ഔദ്യോഗിക വസതിയുടെ പരിസരത്ത് അതീവ സുരക്ഷാ ബങ്കർ കണ്ടെത്തി. വസതിയിൽ നിന്ന് കോടിക്കണക്കിന് രൂപ കണ്ടെത്തിയെന്നും പ്രക്ഷോഭകർ അവകാശപ്പെട്ടു. 1.78 കോടി ശ്രീലങ്കൻ രൂപ തങ്ങൾ എണ്ണിയെന്നാണ് ഇവർ അവകാശപ്പെടുന്നത്. പണം എണ്ണുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഈ പണം പ്രക്ഷോഭകർ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറിയെന്ന് മാദ്ധ്യമങ്ങൾ പറയുന്നു. ഇന്ധനവും അവശ്യവസ്തുക്കളും പണവുമില്ലാതെ ശ്രീലങ്കൻ ജനത നട്ടംതിരിയുന്നതിനിടെയാണ് പ്രസിഡന്റിന്റെ വസതിയിലെ പണശേഖരം കണ്ടെത്തിയത്.

Advertisement
Advertisement