ഹയർ സെക്കൻഡറിക്ക് 20% സീറ്റ് വർദ്ധിപ്പിച്ചു അസൗകര്യങ്ങളിൽ കുരുങ്ങി പ്ലസ് വൺ ക്ലാസ് മുറികൾ

Monday 11 July 2022 12:03 AM IST

തൃശൂർ: പ്ലസ് വണ്ണിന് സീറ്റുകളുടെ എണ്ണം കൂട്ടിയെങ്കിലും സ്കൂളുകളിൽ ഭൗതിക സാഹചര്യമില്ലാത്തത് വിനയാകുന്നു. ക്ലാസ് മുറികൾക്ക് പര്യാപ്തമായ വിസ്തീർണമുണ്ടെങ്കിലേ സീറ്റുവർദ്ധിപ്പിച്ചതിന് ഗുണമുണ്ടാകൂ.

ഭൗതികസാഹചര്യം പരിശോധിച്ചാണ് മുൻവർഷം സീറ്റ് വവർദ്ധിപ്പിച്ചത്. 600 (30 - 20) അടി വിസ്തീർണമുണ്ടെങ്കിൽ മാത്രമേ 60 കുട്ടികളെ ക്ലാസ് മുറികളിൽ ഇരുത്താനാകൂ. എന്നാൽ മിക്ക സ്‌കൂളുകളിലും 20 - 20 അടി എന്ന നിലയിലാണ് ക്ലാസ് മുറികൾ നിർമ്മിച്ചിരിക്കുന്നത്.

ഇത്തരം ക്ലാസുകളിൽ 60 കുട്ടികളെ കുത്തിനിറച്ച് ഇരുത്തേണ്ടിവരുന്നത് പ്രയാസകരമാണ്. ഇത്രയും കുട്ടികളെ ഒന്നിച്ചിരുത്തിയാൽ ബ്ലാക്ക് ബോർഡിന് തൊട്ടടുത്തു വരെ കുട്ടികളെ ഇരുത്തേണ്ടി വരും. കണക്ക്, സയൻസ് വിഷയങ്ങൾക്ക് ബ്ലാക്ക് ബോർഡ് ഉപയോഗം കൂടുതലാണ്.

പഠനം ദുരിതമാകും

പ്രൊജക്ടർ സ്‌ക്രീൻ സുഗമമായി കാണുന്നതിനും മറ്റും അടുത്തിരിക്കുന്നത് ബുദ്ധിമുട്ടാകുമെന്ന് അദ്ധ്യാപകർ വിശദീകരിക്കുന്നു. ഇത് വിദ്യാർത്ഥികൾക്ക് ഏറെ ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കും. കഴുത്തുവേദനയ്ക്കും നേത്രരോഗങ്ങൾക്കും വഴിവയ്ക്കുമോയെന്ന ആശങ്കയുമുണ്ട്.

സീറ്റുകൾ വർദ്ധിപ്പിക്കണമെങ്കിലും സൗകര്യങ്ങളില്ലാത്ത സ്‌കൂളുകളി സീറ്റുകൾ കൂട്ടുന്നത് ഗുണത്തേക്കാളേറെ ദോഷമാകും. ക്ലാസിൽ സ്വതന്ത്രമായി നടക്കാനോ കുട്ടികളെ നിരീക്ഷിക്കാനോ അദ്ധ്യാപകർക്ക് കഴിയാത്ത സാഹചര്യവുമുണ്ടാകും.

പ്ലസ് വൺ സീറ്റ് 38,126

ജില്ലയിൽ ആകെ 38,126 സീറ്റാണുള്ളത്. ഇതിൽ 25,884 സീറ്റുകളാണ് മെരിറ്റിലുള്ളത്. സി.ബി.എസ്.ഇ ഫലം വരുന്നതോടെ സീറ്റ് ആവശ്യമുള്ളവരുടെ എണ്ണം ഇനിയും ഉയരും. എൻട്രൻസ് കോച്ചിംഗ് പരിശീലനം എന്നിവയിൽ പ്രവേശനം നേടാനെത്തുന്നവരുടെ തിരക്കുമുണ്ടായാൽ പ്രവേശനത്തിന് വിദ്യാർത്ഥികൾ നെട്ടോട്ടം ഓടേണ്ടിവരും.

സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിഭാഗങ്ങളിൽ നിന്ന് 1886 കുട്ടികളാണ് മുൻ വർഷം പ്ലസ് വൺ അപേക്ഷകരായി വന്നത്. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് വിഭാഗങ്ങളിലായി 271 സ്‌കൂളുകളിലാണ് ഹയർ സെക്കൻഡറിയുള്ളത്. ഇതിൽ 87 എണ്ണം മാത്രമാണ് സർക്കാർ മേഖലയിലുള്ളത്. 151 എയ്ഡഡ് സ്‌കൂളുകളും 33 അൺ എയ്ഡഡ് സ്‌കൂളുകളുമാണുള്ളത്.

Advertisement
Advertisement