പട്ടിണിമാറ്റാൻ പാട്ട പെറുക്കുന്നവർ സുരക്ഷിതത്വം തേടുന്നു

Monday 11 July 2022 12:14 AM IST

കണ്ണൂർ: പട്ടിണിയെ അതിജീവിക്കാൻ പാട്ടകളും ഒഴിഞ്ഞകുപ്പികളും പെറുക്കുന്നവർ സുരക്ഷിതത്വം തേടുന്നു. രാജ്യത്തിന്റെ വടക്കേയറ്റത്തുള്ള സംസ്ഥാനങ്ങളിൽ നിന്നും അശരണരായെത്തുന്നവർ കണ്ണൂരിലെ ബോംബുരാഷ്ട്രീയത്തിനു പോലും ഇരയാവുകയാണ്. കഴിഞ്ഞദിവസം മട്ടന്നൂർ ഏഴാം മൈലിൽ അച്ഛനും മകനുമാണ് പെറുക്കിക്കിട്ടിയ പിച്ചളപാത്രം പൊട്ടിത്തെറിച്ച് അതിദാരുണമായി മരിച്ചത്.
അശരണരായ കുടുംബത്തിന് കണ്ണീരുമാത്രം ബാക്കിയാക്കി രണ്ടുപാവപ്പെട്ട മനുഷ്യജീവൻ നഷ്ടമായപ്പോൾ ഇവർക്കായി ഒന്നും ചെയ്യാതെ കൈകെട്ടി നിൽക്കുകയാണ് സർക്കാർ സംവിധാനങ്ങൾ. ആസാം സ്വദേശികളായ ഫസൽഹഖിന്റെയും മകൻ സെയ്ദുൾ ഹഖിന്റെയും മരണാനന്തര നഷ്ടപരിഹാരമായി ഒരഞ്ചു പൈസപോലും കൊടുക്കാൻ സർക്കാരിനോ മറ്റു സംവിധാനങ്ങൾക്കോ ഇതുവരെ കഴിഞ്ഞിട്ടില്ല.

മട്ടന്നൂരിലെ പൊട്ടിത്തെറിക്ക് ശേഷം ഈമേഖലയിൽ ജോലി ചെയ്യുന്നവർ ഭീതിയിലാണ്. ഏതൊക്കെ സാധനങ്ങൾ ശേഖരിക്കണമെന്ന് ഇവർക്ക് ധാരണയില്ലാത്തതാണ് അപകടങ്ങൾക്ക് ഇടയാക്കുന്നത്. ഇതിനായി ജില്ലയിലെ അഞ്ച് സ്ഥലങ്ങളിൽ ബോധവൽകരണ ക്ലാസ് നടത്താൻ സ്‌ക്രാപ്പ് മർച്ചന്റ്സ് അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്. കണ്ണൂരിൽ നിർഭയമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് കളക്ടർക്ക് നിവേദനം നൽകാനും സംഘടന തീരുമാനിച്ചിട്ടുണ്ട്.

ആയിരക്കണക്കിന് തൊഴിലാളികൾ
സംസ്ഥാനത്ത് ആയിരക്കണക്കിന് തൊഴിലാളികളാണ് ആക്രിപെറുക്കി ജീവിക്കുന്നത്. നമ്മുടെ നാട്ടിലെ പ്ലാസ്റ്റിക് മാലിന്യങ്ങളിൽ വലിയൊരു അളവിൽ നീക്കം ചെയ്യുന്നത് ഇവരാണ്.
നൂറുകണക്കിന് കരാറുകാരാണ് കണ്ണൂർ ജില്ലയിൽമാത്രം ഈ മേഖലയിൽ ജോലി ചെയ്യുന്നത്. നിത്യകൂലിക്ക് ഇവരുടെ കീഴിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ രാവിലെ മുതൽ വൈകുന്നേരം വരെ സൈക്കിളിലും മറ്റും സഞ്ചരിച്ചാണ് പ്ലാസ്റ്റിക് കുപ്പിയും മറ്റും ശേഖരിക്കുന്നത്. വളരെ തുച്ഛമായ വേതനം മാത്രമേ ഇവർക്ക് ലഭിക്കുന്നുള്ളൂ. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഇൻഷൂറൻസ് പരിരക്ഷയോ മറ്റ് ആനുകൂല്യങ്ങളോ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ഈ തൊഴിലാളികൾക്ക് ലഭിക്കുന്നില്ല. കരാറുകാരാണ് സൈക്കിളും പരിമിതമായ താമസസൗകര്യവും നൽകുന്നത്. ആറുമാസം കൂടുമ്പോഴാണ് ഇവരിൽ പലരും നാട്ടിലേക്ക് പോയി മടങ്ങുന്നത്.

ആക്രി ശേഖരണ രംഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഇൻഷൂറൻസ് പരിരക്ഷയും മറ്റ് ആനുകൂല്യങ്ങളും നൽകാൻ സർക്കാർ തയാറാകണം. പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്ന വലിയൊരു സേവനമാണ് ഇവർ ചെയ്യുന്നത്. സർക്കാരിന് 18 ശതമാനം ജി.എസ്.ടി നൽകിയാണ് ഈ മേഖലയിലെ കരാറുകാർ പ്രവർത്തിക്കുന്നത്.
പി.എം മുഹമ്മദ് ഹർഷാദ് (ജില്ലാസെക്രട്ടറി,​ കേരള സ്‌ക്രാപ്പ് മർച്ചന്റ്സ് അസോ.)

Advertisement
Advertisement