ആശുപത്രി വികസന ഫണ്ട് തിരിമറി ആയുർവേദ ആശുപത്രി മുൻ സൂപ്രണ്ട് ഉൾപ്പെടെ നാലുപേർക്കെതിരെ വിജിലൻസ് കേസ്

Tuesday 12 July 2022 1:22 PM IST

തിരുവനന്തപുരം: ആശുപത്രി വികസന സമിതിയുടെ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് മുൻ ആശുപത്രി സൂപ്രണ്ടും സെക്രട്ടറിയുമുൾപ്പെടെ നാലുപേർക്കെതിരെ വിജിലൻസ് പ്രത്യേക അന്വേഷണ സംഘം കേസെടുത്തു. ഗവ. ആയുർവേദ ആശുപത്രി ലേ സെക്രട്ടറിയായിരുന്ന പ്രസാദ് കുമാർ, സൂപ്രണ്ടായിരുന്ന ഡോ.സി. രഘുനാഥൻ നായർ, പൂജപ്പുര പഞ്ചകർമ്മ ആശുപത്രി മുൻ സൂപ്രണ്ടായിരുന്ന ഡോ. നജ്മ, നഴ്സിംഗ് സൂപ്രണ്ടായിരുന്ന ഇന്ദിരാദേവിയമ്മ എന്നിവർക്കെതിരെയാണ് തിരുവനന്തപുരം വിജിലൻസ് കോടതിയുടെ നിർദേശാനുസരണം പ്രത്യേക അന്വേഷണസംഘം ജൂൺ 25ന് കേസ് രജിസ്റ്റർ ചെയ്‌തത്.

അന്വേഷണം നടത്തി കൂടുതൽ തെളിവുകൾ ശേഖരിക്കണമെന്നും കോടതി ഉത്തരവിട്ടു. ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. ഇതിൽ പ്രസാദ് കുമാർ നേരത്തെ മരിച്ചു. 2016 മുതൽ 2020 വരെയുള്ള ആശുപത്രി വികസനഫണ്ടിൽ തട്ടിപ്പ് നടന്നെന്ന് കാണിച്ച് നെടുമങ്ങാട് സ്വദേശി അജി വിജിലൻസ് കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് നടപടി. 15,000ത്തോളം രൂപയുടെ ക്രമക്കേട് ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചത്.

ഫണ്ട് ദുരുപയോഗം ചെയ്‌ത് വകമാറ്റിയെന്നാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. തുടരന്വേഷണവുമായി മുന്നോട്ടുപോകുകയാണെന്നും കൂടുതൽ തെളിവുകൾ കണ്ടെത്തുമെന്നും പൂജപ്പുര വിജിലൻസ് പ്രത്യേക അന്വേഷണ വിഭാഗം അറിയിച്ചു. കേസിൽ പരാതി കിട്ടിയപ്പോൾ വിജിലൻസ് സംഘം മിന്നൽപരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ വിജിലൻസ് ഡയറക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്നാണ് കേസെടുക്കാൻ നിർദേശമുണ്ടായത്.

Advertisement
Advertisement