സംഭവം ആസൂത്രിതം: കിരണിന്റെ പിതാവ്

Monday 11 July 2022 1:18 PM IST

വിഴിഞ്ഞം: വെള്ളം കണ്ടാൽ മകന് പേടിയാണ്, കൈത്തോടിൽ പോലും അവൻ കുളിക്കാനിറങ്ങില്ല... എന്റെ മകന് എന്തുപറ്റിയെന്നറിയില്ല.

കടലിൽ വീണെന്ന് വിശ്വസിക്കാനാവുന്നില്ല... ഫേസ്ബുക്കിൽ പരിചയപ്പെട്ട പെൺകുട്ടിയെ കാണാനെത്തി ദുരൂഹ സാഹചര്യത്തിൽ ആഴിമലയിൽ കാണാതായ കിരണിന്റെ പിതാവ് മധുവിന് തേങ്ങലടക്കാനാവുന്നില്ല. സംഭവമറിഞ്ഞത് മുതൽ വിഴിഞ്ഞം സ്റ്റേഷന് മുന്നിലിരിക്കുകയാണ് മധു.

ശനിയാഴ്ച ഉച്ചയ്‌ക്ക് ഭക്ഷണം കഴിക്കാനായി മകനെ വിളിച്ചെങ്കിലും ഫോണെടുത്തില്ല. സാധാരണ രാത്രി എട്ടോടെ വീട്ടിലെത്തുന്നതാണ്. രാത്രി 10നുശേഷവും കാണാതായതോടെ നരുവാമൂട് പൊലീസിൽ പരാതി നൽകുകയായിരുന്നു. കാണാനില്ലെന്ന് പരാതി നൽകുമ്പോഴാണ് മകനൊപ്പമുണ്ടായിരുന്ന മെൽവിൻ സംഭവം പറയുന്നത്. തുടർന്നാണ് വിഴിഞ്ഞം സ്റ്റേഷനിൽ പരാതി നൽകിയതെന്ന് മധു പറഞ്ഞു. ഡിഗ്രി വരെ പഠിച്ച കിരൺ നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് കയറാൻ പോകുന്നതിന്റെ സന്തോഷം തന്നോട് പങ്കിട്ടിരുന്നുവെന്നും മധു പറഞ്ഞു. നേരത്തെ മാർജിൻഫ്രീ ഷോപ്പിലാണ് കിരൺ ജോലി ചെയ്‌തിരുന്നത്.

മുമ്പും താക്കീത്

ഒരാഴ്ച മുമ്പ് പെൺകുട്ടിയുടെ മാമനെന്ന പേരിൽ ഒരാൾ വിളിച്ചിരുന്നുവെന്ന് മധു പറഞ്ഞു. മകൻ മകളെ സ്ഥിരമായി ശല്യം ചെയ്യുന്നുവെന്നും പറഞ്ഞുവിലക്കണമെന്നും താക്കീത് നൽകി. അന്നാണ് വീട്ടുകാർ ഈ ബന്ധത്തെക്കുറിച്ച് അറിയുന്നത്. ഇനി വിളിക്കില്ലെന്നും ശല്യം ചെയ്യില്ലെന്നും മകൻ പറഞ്ഞു. കഴിഞ്ഞദിവസം വിളിച്ചുവരുത്തി കരുതിക്കൂട്ടി ചെയ്‌തതാണെന്നും മധു പറഞ്ഞു.

പൊലീസ് യഥാർത്ഥ

സംഭവമറിയാൻ വൈകി

ഉച്ചയ്‌ക്ക് 1.45ഓടെ ഒരാൾ കടലിൽ വീണെന്നറിഞ്ഞ് പൊലീസ് സംഭവസ്ഥലത്തേക്ക് കുതിച്ചെങ്കിലും യഥാർത്ഥ കഥകൾ അറിയാൻ വൈകി. പൊലീസ് കടൽത്തീരത്തേക്ക് പായുമ്പോൾ എതിരെ നടന്നുവരികയായിരുന്നു അനന്തുവും മെൽവിനും. റോഡിൽ നിന്ന് കളഞ്ഞുകിട്ടിയ ഒരു ലൈസൻസ് ഇതിനിടെ മെൽവിൻ പൊലീസിന് കൈമാറിയെങ്കിലും കിരണിനെ കാണാതായത് ഉൾപ്പെടെയുള്ള സംഭവങ്ങളൊന്നും പൊലീസിനോട് പറഞ്ഞില്ല.

മെൽവിൻ സംഭവം പറഞ്ഞിരുന്നെങ്കിൽ പെൺകുട്ടിയുടെ വീട്ടുകാരെ ഒളിവിൽ പോകുംമുമ്പ് പിടികൂടാൻ പൊലീസിന് കഴിയുമായിരുന്നു. മണിക്കൂറുകൾക്ക് ശേഷം രാത്രി പിതാവ് പരാതിയുമായി എത്തുമ്പോഴാണ് പൊലീസ് സംഭവം അറിയുന്നത്.

കാൽനടയായി കിലോമീറ്ററോളം

പെൺകുട്ടിയെ കാണാൻ മൂവരും കിലോമീറ്ററോളം കാൽനടയായി സഞ്ചരിച്ചാണ് ആഴിമലയിലെത്തിയത്. പള്ളിച്ചലിൽ നിന്ന് ബസ് കയറി പുന്നക്കുളത്തിറങ്ങിയശേഷമാണ് ഇവർ കാൽനടയായി വന്നത്. സ്വന്തമായി വാഹനമോടിക്കാൻ അറിയാത്ത ഇവ‌ർ കിരണിനെ കാണാതായതോടെ ആഴിമലയിൽ നിന്ന് മറ്റ് ബൈക്കുകളിൽ ലിഫ്റ്റ് ചോദിച്ചാണ് തിരികെപ്പോയതെന്നും പൊലീസിനോട് പറഞ്ഞു.

Advertisement
Advertisement