കിട്ടൂർ ചെന്നമ്മ
ബ്രിട്ടീഷ് പരമാധികാരത്തിനെതിരെ പോരാട്ടം നയിച്ച നാട്ടുഭരണാധികാരികളിൽ പ്രമുഖ സ്ഥാനം. ഇന്നത്തെ കർണാടകത്തിൽ ഉൾപ്പെട്ട കിട്ടൂർ നാട്ടുരാജ്യത്തിന്റെ റാണി. 1824-ൽ ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ യുദ്ധം നയിച്ചു. ആദ്യ യുദ്ധത്തിൽ വിജയിച്ചെങ്കിലും പിന്നീട് ബ്രിട്ടീഷ് സേന ചെന്നമ്മയെ പിടികൂടി യുദ്ധത്തടവുകാരിയാക്കി.
1778 നവംബർ 14-ന് കർണാടകത്തിലെ ബെലഗാവിയിൽ ജനനം. പതിനഞ്ചാം വയസിൽ കിട്ടൂരിലെ രാജാ മല്ലസർജയുടെ ഭാര്യ. 1824- ൽ ഭർത്താവിന്റെയും തുടർന്ന് മകന്റെയും മരണം. കിട്ടൂരിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ പ്രതിജ്ഞയെടുത്ത റാണി ചെന്നമ്മ ശിവലിംഗപ്പയെ ദത്തുപുത്രനായി സ്വീകരിച്ച് കിരീടാവകാശിയാക്കി. അനന്തരാവകാശികളില്ലാതെ നാട്ടുരാജാവോ റാണിയോ മരിച്ചാൽ ആ രാജ്യം ബ്രിട്ടീഷ് അധീനതയിലാകുമെന്നായിരുന്നു നിയമം.
ശിവലിംഗപ്പയെ രാജാവായി അംഗീകരിക്കണമെന്ന ചെന്നമ്മയുടെ അഭ്യർത്ഥന ബ്രിട്ടൻ തള്ളി. കിട്ടൂർ പിടിക്കാൻ ബ്രിട്ടീഷ് സൈന്യം എത്തിയതോടെ അമാത്തൂർ ബാലപ്പയുടെ നേതൃത്വത്തിൽ ചെന്നമ്മയുടെ പടയാളികൾ ധീരമായ പ്രത്യാക്രമണം തുടങ്ങി. നൂറുകണക്കിന് ബ്രിട്ടീഷ് സൈനികരെ കിട്ടൂർ സൈന്യം കൊന്നൊടുക്കി. രണ്ടു ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ തടവിലാക്കിയ ചെന്നമ്മ, ഇവരെ വിട്ടയ്ക്കണമെങ്കിൽ യുദ്ധം അവസാനിപ്പിക്കണമെന്ന ഉപാധി വച്ചു. ഉപാധി സ്വീകരിച്ച കമ്മിഷണർ ചാപ്ളിൻ വാക്കു തെറ്റിച്ച് യുദ്ധം പുനരാരംഭിച്ചു.
ഈ യുദ്ധത്തിൽ ശംഖൊലി രായണ്ണയുടെ നേതൃത്വത്തിൽ ചെന്നമ്മയുടെ സൈന്യം ധീരമായി പോരാടിയെങ്കിലും ബ്രിട്ടീഷ് സേന ചെന്നമ്മയെ തടവുകാരിയായി പിടിച്ചു. ഗറില്ലാ യുദ്ധം തുടർന്ന രായണ്ണയും തടവിലാവുകയും തൂക്കിലേറ്റപ്പെടുകയും ചെയ്തു. കാരാഗൃഹ വാസത്തിനിടെ രോഗിയായ ചെന്നമ്മ 1829 ഫെബ്രുവരി 21 ന് മരണമടഞ്ഞു. കർണാടകത്തിലെ കിട്ടൂർ ഉത്സവം റാണി ചെന്നമ്മയുടെ ഒന്നാം യുദ്ധവിജയത്തെ അനുസ്മരിച്ചാണ്.