മാവിൻമൂട് - പറകുന്ന് - ഇരുപത്തിയെട്ടാംമൈൽ റൂട്ടിൽ യാത്രാക്ലേശം രൂക്ഷം

Tuesday 12 July 2022 1:55 AM IST

കല്ലമ്പലം: വർക്കല - കല്ലമ്പലം റോഡിനെ നാവായിക്കുളം ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന ഇട റൂട്ടായ മാവിൻമൂട് - പറകുന്ന് -ഇരുപത്തിയെട്ടാംമൈൽ മേഖലയിൽ രൂക്ഷമായ യാത്രാ ക്ലേശം തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞു. കെ.എസ്.ആർ.ടി.സി അടക്കം മൂന്ന് ബസുകളാണ് ഈ റൂട്ടിൽ സർവീസ് നടത്തിയിരുന്നത്. രണ്ടു കെ.എസ്.ആർ.ടി.സി ബസും ഒരു സ്വകാര്യ ബസും ലാഭത്തിൽ ഓടിയിരുന്ന റൂട്ടിൽ ഇപ്പോൾ വല്ലപ്പോഴും ഓടുന്ന ഒരു സ്വകാര്യ ബസ് മാത്രമാണുള്ളത്.

കൊവിഡ് കാലത്താണ് ബസുകൾ മൂന്നും നിറുത്തലാക്കിയത്. ഇതിൽ സ്വകാര്യ ബസ് ഇപ്പോൾ ഇടയ്ക്കൊക്കെ ഓടുന്നതാണ് ആകെ ആശ്വാസം. എന്നാൽ നിറുത്തലാക്കിയ രണ്ട് കെ.എസ്.ആർ.ടി.സി ബസും ഇതുവരെയും പുനസ്ഥാപിക്കാത്തത് നാട്ടുകാരെ വലയ്ക്കുന്നു. പല റൂട്ടുകളിലും വലിയ നഷ്ടത്തിൽ കെ.എസ്.ആർ.ടി.സി ബസുകൾ ഓടുമ്പോൾ ലാഭത്തിലുള്ള ഈ റൂട്ടിനെ അവഗണിച്ചതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്.


യാത്രാക്ലേശം രൂക്ഷം

മുൻപ് ആവശ്യാനുസരണം സർവ്വീസുകൾ ഉണ്ടായിരുന്ന പ്രദേശത്താണ് ഒരു ബസിന്റെ സഹായത്തോടെ നാട്ടുകാർ യാത്ര ചെയ്യേണ്ടിവരുന്നത്. പറകുന്ന് മേഖലയിൽ നിന്നും ആറ്റിങ്ങൽ ഭാഗത്തേക്കാണ് എല്ലാ സർവീസുകളും ഓടിയിരുന്നത്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം ഗതാഗതം പുനരാരംഭിച്ചെങ്കിലും യാത്രാക്ലേശം രൂക്ഷമായി തുടരുകയാണ്. നാല് കോടിയോളം രൂപ ചെലവിട്ട് പുനഃർനിർമ്മിച്ച രാജ്യാന്തര നിലവാരത്തിലുള്ള റൂട്ടിലാണ്‌ യാത്രാക്ലേശമെന്നതും വിചിത്രം.

സ‌ർവീസ് വേണം

ദേശീയപാതയിലൂടെ സർവീസ് നടത്തുന്ന ഏതാനും കെ.എസ്.ആർ.ടി.സി ബസുകൾ മാവിൻമൂട് പറകുന്ന് വഴി ഇരുപത്തെട്ടാം മൈലിലൂടെയും തിരിച്ചും സർവീസ് നടത്തിയാൽ പ്രശ്നം ഒഴിവാകുകയും നല്ല കളക്ഷൻ ലഭിക്കുമെന്നും നാട്ടുകാരും റസിഡന്റ്സ് അസോസിയേഷനുകളും പറയുന്നു. ഇതും ബന്ധപ്പെട്ടവരെ അറിയിച്ചിട്ട് പരീക്ഷണാടിസ്ഥാനത്തിൽ പോലും ബസ് ഓടിപ്പിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.

Advertisement
Advertisement