കോടതിയലക്ഷ്യക്കേസിൽ മല്യക്ക് 4 മാസം തടവും 2,000 രൂപ പിഴയും  40 ദശലക്ഷം ഡോളർ 4 ആഴ്ച്ചയ്ക്കുള്ളിൽ നിക്ഷേപിക്കണം

Monday 11 July 2022 10:54 PM IST

ന്യൂഡൽഹി: വിവാദ വ്യവസായി വിജയ് മല്യയെ കോടതിയലക്ഷ്യക്കേസിൽ നാല് മാസം തടവിനും രണ്ടായിരം രൂപ പിഴയടയ്ക്കാനും സുപ്രീംകോടതി ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ രണ്ട് മാസം കൂടി തടവുശിക്ഷ അനുഭവിക്കേണ്ടിവരും.

ബാങ്കുകളുടെ കൺസോർഷ്യത്തിന് നൽകാനുള്ള 40 ദശലക്ഷം ഡോളർ എട്ട് ശതമാനം പലിശ സഹിതം നാല് ആഴ്ച്ചയ്ക്കുള്ളിൽ നൽകാനും ജസ്റ്റിസ് യു.യു. ലളിത് , ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. തുക നൽകിയില്ലെങ്കിൽ വിജയമല്യയുടെ സ്വത്തുക്കൾ കണ്ടു കെട്ടാം. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൺസോർഷ്യം നൽകിയ ഹർജിയിലാണ് സുപ്രീംകോടതി വിധി.

കൺസോർഷ്യം നൽകിയ ഹർജിയിൽ സുപ്രീംകോടതി ഉത്തരവ് ലംഘിച്ച് 2017ൽ മല്യ തന്റെ മക്കൾക്ക് 40 ദശലക്ഷം ഡോളർ കൈമാറിയതിൽ മല്യ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ബാങ്കുകളുടെ വായ്പകൾ തിരിച്ചടയ്ക്കാതെ രാജ്യം വിട്ട മല്യയെ ഇന്ത്യയിൽ തിരിച്ചെത്തിക്കാനുള്ള നടപടികൾ ലണ്ടനിൽ പുരോഗമിക്കുന്നതിനിടയിലാണ് സുപ്രീംകോടതി വിധി. വിവിധ ബാങ്കുകൾക്ക് വിജയ മല്യ നൽകാൻ ഉണ്ടായിരുന്ന 6,400 കോടി രൂപ നൽകാൻ സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് വിജയ മല്യ പാലിക്കാത്തതിനെ തുടർന്നാണ് കോടതിയലക്ഷ്യക്കേസ്.

വിജയ മല്യ കോടതിയലക്ഷ്യക്കുറ്റം ചെയ്തതായും കോടതിയിൽ നേരിട്ട് ഹാജരാകാനും സുപ്രീം കോടതി വിധിച്ചു. 2017ലായിരുന്നു കോടതി വിധി. കോടതി ഉത്തരവ് ലംഘിച്ച് 2017ൽ ബ്രിട്ടീഷ് കമ്പനിയായ ഡിയോളിയോയിൽ നിന്ന് ലഭിച്ച 40 ദശലക്ഷം ഡോളർ വിജയ് മല്യ മക്കൾക്ക് കൈമാറിയിരുന്നു. 9,000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് മല്യയുടെ പേരിലുള്ളത്. എസ്.ബി.ഐ ഉൾപ്പെടെ 13 ഇന്ത്യൻ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത ശേഷം തുക തിരിച്ചടയ്ക്കാതെ 2016 മാർച്ച് 2നാണ് മല്യ ലണ്ടനിലേക്ക് കടന്നത്. ലണ്ടനിൽ നിയമ നടപടി നേരിടുന്ന മല്യ ബ്രിട്ടനോട് അഭയം ചോദിച്ചിട്ടുണ്ട്.

Advertisement
Advertisement