ചീഞ്ഞളിഞ്ഞ് മാലിന്യക്കൂമ്പാരം, കൊതുകുശല്യം രൂക്ഷം

Tuesday 12 July 2022 2:33 AM IST

തൃശൂർ: മഴയ്ക്ക് പിന്നാലെ മാലിന്യപ്രശ്‌നം രൂക്ഷമായിരിക്കെ, ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുന്നതിൽ ആശങ്ക. ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ഒരാഴ്ചയ്ക്കിടെ നൂറുകണക്കിന് പേരാണ് ചികിത്സ തേടിയത്. മഴക്കാലപൂർവ ശുചീകരണം പാളിയതോടെ, ശക്തൻ മാർക്കറ്റിലും ആൾപ്പാർപ്പുള്ള ഇടങ്ങളിലും മാലിന്യം നിറഞ്ഞ നിലയിലാണ്.

കൊതുകു വളരാൻ വഴിവയ്ക്കുന്ന വെള്ളക്കെട്ടുകൾ ശുചീകരിച്ചെന്ന് അവകാശവാദം മുഴങ്ങുമ്പോൾ, ഫോഗിംഗ് പോലുള്ള പ്രതിരോധമാർഗ്ഗം ജലരേഖയാവുകയാണ്.

മലേറിയ, ചിക്കുൻ ഗുനിയ, ജപ്പാൻ ജ്വരം, വെസ്റ്റ്‌നൈൽ ഫീവർ, മന്ത് തുടങ്ങിയ നിരവധി രോഗങ്ങൾ പിടിപെടുമെന്ന ആശങ്കയുമുണ്ട്. ആൺകൊതുകുകൾ പരമാവധി 10 ദിവസവും പെൺകൊതുകുകൾ 56 ദിവസവും മാത്രമേ ജീവിക്കൂവെന്നാണ് പറയുന്നത്. മുട്ടയിട്ടു പെരുകി സൃഷ്ടിക്കുന്നത് ഗുരുതര രോഗഭീഷണിയാണ്. കൊതുകുജന്യ രോഗങ്ങളുള്ളവരെ കണ്ടെത്തി ചികിത്സ നൽകാൻ സർവേ അടക്കമുള്ള പ്രതിരോധ പ്രവർത്തനം ആരോഗ്യ വകുപ്പ് നടത്തുന്നുണ്ടെങ്കിലും കൊതുകുനശീകരണം പാളുകയാണെന്നാണ് ആരോപണം.

മാലിന്യപ്രശ്‌നം ചൂണ്ടിക്കാട്ടി മാലിന്യക്കുട്ടകളുമായി പ്രതിപക്ഷം കോർപറേഷനിലേക്ക് പ്രതിഷേധപ്രകടനം നടത്തിയിരുന്നു. അതിനുശേഷവും പരിഹാരമായില്ല. പ്‌ളാസ്റ്റിക് മാലിന്യമാണ് ഗുരുതരഭീഷണി ഉയർത്തുന്നത്. മാലിന്യം കവറുകളിലേക്ക് വഴിയോരങ്ങളിൽ തള്ളുന്നത് പതിവാണെങ്കിലും ഇത്തരക്കാരെ കുടുക്കാനുള്ള നടപടികളുമില്ല. പലയിടങ്ങളിലും കാമറകളുണ്ടെങ്കിലും പലതും പ്രവർത്തിക്കുന്നില്ലെന്നതാണ് സത്യം.

വളർത്തുമൃഗങ്ങളും രോഗഭീതിയിൽ

മഴ ശക്തമായതോടെ മാലിന്യപ്രശ്‌നവും മഴക്കാലരോഗങ്ങൾ വളർത്തുമൃഗങ്ങൾക്കും ഏറെ വെല്ലുവിളി സൃഷ്ടിക്കുന്നു. കൊതുകുജന്യരോഗങ്ങൾ അടക്കമുള്ള രോഗബാധകളുടെ നടുവിലാണ് വളർത്തുമൃഗങ്ങൾ. രോഗങ്ങൾക്കെതിരെയുള്ള വാക്‌സിനേഷനും മറ്റും നടക്കുന്നുണ്ടെങ്കിലും രോഗപ്രതിരോധം എങ്ങനെ വേണമെന്നത് സംബന്ധിച്ച് കൃത്യമായ ബോധവത്കരണം കർഷകരിലേക്ക് എത്തുന്നില്ലെന്നതാണ് സത്യം. തൊഴുത്ത് വൃത്തിയായി സൂക്ഷിക്കുക എന്നത് മഴക്കാലത്ത് ഏറെ പ്രയാസകരമാണ്. ഷീറ്റ് മേഞ്ഞ തൊഴുത്തുകൾ ശക്തമായ കാറ്റിൽ തകരുന്നതും പതിവാണ്. അതുകൊണ്ട് കൊതുക് ശല്യവും രൂക്ഷമാണ്. ഇതിനെ പ്രതിരോധിക്കാനുള്ള മരുന്നുകൾക്കും വിലയേറെയാണ്. ചിലർ ഫാനുകളും മറ്റും പ്രവർത്തിപ്പിച്ചാണ് കൊതുകുശല്യം കുറയ്ക്കുന്നത്. ആന്ത്രാക്‌സ് അടക്കമുള്ള രോഗങ്ങൾക്ക് വാക്‌സിനേഷൻ കന്നുകാലികൾക്ക് മൃഗസംരക്ഷണ വകുപ്പ് നൽകുമ്പോഴാണ് കൊതുകുശല്യം വളർത്തുമൃഗങ്ങളെ ബാധിക്കുന്നത്.

ശ്രദ്ധിക്കാൻ

വീടുകളിലെ ചെടിച്ചട്ടികളിൽ വെള്ളം ഇല്ലാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം
വൈകുന്നേരങ്ങളിൽ വാതിലും ജനലും അടച്ചു കൊതുക് കയറുന്നത് തടയണം.
കൊതുകിനെ തടയുന്ന വലകൾ വാതിലിലും ജനലിലും സ്ഥാപിക്കാം.
വീടിനുള്ളിൽ കാട്ടുതുളസി, തുമ്പ, ആര്യവേപ്പ് എന്നിവയുടെ ഇല എന്നിവ ഉണക്കി പുകയ്ക്കാം.

Advertisement
Advertisement