സ്വർണക്കടത്ത് കേസിൽ സിബിഐ അന്വേഷണം വേണമെന്ന് വി ഡി സതീശൻ; പ്രതിപക്ഷത്തിന്റെ സബ്‌മിഷന് അനുമതിയില്ല

Tuesday 12 July 2022 12:30 PM IST

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ സബ്‌മിഷന് അനുമതിയില്ല. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സബ്മിഷന്‍ ശ്രമത്തിനാണ് സ്പീക്കര്‍ അനുമതി നിഷേധിച്ചത്. സബ്‌മിഷൻ കേന്ദ്രവുമായി ബന്ധപ്പെട്ട കാര്യമാണെന്നും അനുമതി നൽകരുതെന്നും നിയമമന്ത്രി പി രാജീവ് ആവശ്യപ്പെട്ടു.

സബ്മിഷൻ നോട്ടീസിൽ ക്രമപ്രശ്‌നമുണ്ട്. അനുമതി നൽകിയാൽ അത് ചട്ടവിരുദ്ധമാകും. പൂർണമായും കേന്ദ്രത്തിന്റെ നിയന്ത്രണത്തിലുള്ള കാര്യത്തിനാണ് അന്വേഷണം ആവശ്യപ്പെട്ടതെന്നും മന്ത്രി പറഞ്ഞു. ഇതോടെ നോട്ടീസിൽ സാങ്കേതിക പ്രശ്‌നമുണ്ടെന്ന് വ്യക്തമാക്കി സ്പീക്കര്‍ സബമിഷന് അനുമതി നിഷേധിക്കുകയായിരുന്നു.

എന്നാൽ സ്വർക്കടത്തിൽ നടക്കാൻ പാടില്ലാത്തത് നടന്നുവെന്ന് വിദേശകാര്യമന്ത്രി പറഞ്ഞതായി വി ഡി സതീശൻ വ്യക്തമാക്കി. മുഖ്യമന്ത്രി പ്രോട്ടോക്കോൾ ലംഘിച്ചുവെന്ന് വരെ ആരോപണമുണ്ട്. അന്വേഷണത്തിന് ശുപാർശ ചെയ്യേണ്ടത് സംസ്ഥാന സർക്കാരാണ്.

മടിയിൽ കനമില്ലാത്തുകൊണ്ട് വഴിയിൽ പേടിയില്ല എന്ന ബോർഡ് എഴുതി വയ്‌ക്കാത മുഖ്യമന്ത്രി മറുപടി പറയണം. സ്വർണക്കടത്ത് കേസ് ചർച്ച ചെയ്യാൻ സർക്കാരിന് ഭയമാണെന്നും സതീശൻ ആരോപിച്ചു. സർക്കാർ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ സഭയിൽ വാക്കേറ്റമുണ്ടായി. തുടർന്ന് സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.