വാർത്ത കണ്ട് ഭക്ഷ്യമന്ത്രി വിളിച്ചു. മരിയസദന് റേഷൻ മുടങ്ങില്ല.

Wednesday 13 July 2022 12:00 AM IST

പാലാ. ''സന്തോഷേ... ഞാൻ ഭക്ഷ്യവകുപ്പ് മന്ത്രി അനിലാണ്. മരിയസദനത്തിൽ അരിയും ഗോതമ്പും കിട്ടുന്നില്ലെന്ന വിവരം ഞാൻ അറിഞ്ഞിരുന്നില്ല. 'കേരളകൗമുദി ' വാർത്തയിലൂടെയാണ് ഇതെന്റെ ശ്രദ്ധയിൽപെട്ടത്. തീർച്ചയായും ഇതിന് പരിഹാരം ഉണ്ടാക്കും. ഇന്ന് നിയമസഭയിൽ ഇത് പ്രഖ്യാപിക്കുകയും ചെയ്യും''.

ഇന്നലെ രാവിലെ പാലാ മരിയസദൻ ഡയറക്ടർ സന്തോഷ് ജോസഫിനെ മന്ത്രി അനിൽ നേരിട്ടു വിളിക്കുകയായിരുന്നു.

രണ്ട് മാസമായി മരിയസദനും 430 അന്തേവാസികളും നേരിടുന്ന ഗുരുതരമായ പ്രതിസന്ധി പരിഹരിക്കാമെന്നായിരുന്നു മന്ത്രിയുടെ വാഗ്ദാനം. ഇനി കോട്ടയത്ത് വരുമ്പോൾ മരിയസദനിൽ എത്താമെന്നും മന്ത്രി അറിയിച്ചു.

സർക്കാർ സഹായങ്ങൾ വെട്ടിക്കുറച്ചതോടെ മാനസികാരോഗ്യ പുനരവധിവാസകേന്ദ്രമായ പാലാ മരിയാസദൻ അടക്കം ഗതിമന്ദിരങ്ങളുടെ നിലനിൽപ്പ് പരുങ്ങലിലായിരുന്നു. ഇതുസംബന്ധിച്ച് ''സർക്കാർ റേഷൻ മുടക്കി; മരിയസദനം പട്ടിണിയിലേക്ക്'' എന്ന തലക്കെട്ടിൽ കേരളകൗമുദി കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത ലക്ഷക്കണക്കിന് ആളുകളിലേക്ക് ഷെയർ ചെയ്‌തെത്തി. ഇത് ശ്രദ്ധയിൽപെട്ട ഉദ്യോഗസ്ഥർ വാർത്ത മന്ത്രിയേയും കാണിച്ചു. ഇതേ തുടർന്നാണ് മന്ത്രി ഇന്നലെ രാവിലെ മരിയസദൻ സന്തോഷിനെ വിളിച്ചത്.


വെൽഫെയർ സ്ഥാപനങ്ങൾക്ക് ഭക്ഷ്യ ധാന്യങ്ങൾ തുടരും.

പാലാ. സംസ്ഥാനത്തെ വൃദ്ധസദനങ്ങൾ, അഗതി മന്ദിരങ്ങൾ, അനാഥാലയങ്ങൾ, കന്യാസ്ത്രിമഠങ്ങൾ തുടങ്ങി അംഗീകാരമുള്ള വെൽഫെയർ സ്ഥാപനങ്ങൾക്ക് ഭക്ഷ്യ ധാന്യങ്ങൾ തുടർന്നും അനുവദിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ നിയമസഭയിൽ അറിയിച്ചു. വെൽഫയർ സ്‌കീം പ്രകാരമുള്ള ഭക്ഷ്യധാന്യങ്ങൾ കേന്ദ്രത്തിൽ നിന്നും അനുവദിക്കുന്നതുവരെ ടൈഡ് ഓവർ വിഹിതമായി സംസ്ഥാനത്തിന് ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങളിൽ നിന്ന് മരിയസദനം പോലുള്ള സ്ഥാപനങ്ങൾക്ക് ധാന്യങ്ങൾ നൽകും. ടൈഡ് ഓവർ വിഹിതമായി കേന്ദ്ര സർക്കാർ അനുവദിച്ചു വന്നിരുന്ന ഗോതമ്പ് നിറുത്തലാക്കിയ സാഹചര്യത്തിൽ പകരമായി അരി നൽകും. ഇത്തരം സ്ഥാപനങ്ങളിലെ ഓരോ അന്തേവാസിയ്ക്കും പ്രതിമാസം 10.5 കിലോ അരി 5.65 രൂപ നിരക്കിലും 4.5 കിലോ ഗോതമ്പ് 4.15 രൂപ നിരക്കിലും നൽകി വരികയാണ്.

Advertisement
Advertisement