കുഞ്ഞുമീനുകൾക്ക് കൂട്ടക്കുരുതി

Wednesday 13 July 2022 1:38 AM IST

നിരോധിത വല ഉപയോഗിച്ച് നടത്തുന്ന മത്സ്യബന്ധനം വ്യാപകം

ആലപ്പുഴ : ട്രോളിംഗ് നിരോധന കാലത്ത്, ജില്ലയുടെ തീരത്ത് നിരോധിത വല ഉപയോഗിച്ച് നടത്തുന്ന മത്സ്യബന്ധനം മത്സ്യസമ്പത്തിന് ഭീഷണിയാകുന്നു. വളർച്ചയെത്താത്ത മത്തി, അയല തുടങ്ങിയ ചെറുമത്സ്യങ്ങളെ പിടിക്കുന്നത് വ്യാപകമായതോടെ തീരമേഖലയിൽ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന കടുപ്പിച്ചു.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പുറക്കാട്, അയ്യൻ കോയിക്കൽ തീരങ്ങളിൽ നടത്തിയ പരിശോധനയിൽ 12 വള്ളങ്ങൾക്ക് നോട്ടീസ് നൽകി. ഇവർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ഹാജരാകണം. പരിശോധന കടുപ്പിച്ചതോടെ വലയിൽ കുരുങ്ങുന്ന ചെറുമത്സ്യങ്ങളെ തൊഴിലാളികൾ തിരികെ കടലിൽ ഉപേക്ഷിക്കുന്നുണ്ട്. ഇതിന്റെ 90ശതമാനവും ചത്തു പോകും. ഇങ്ങനെ ചാകുന്ന മത്സ്യങ്ങൾ അഴുകുന്നത് ജലത്തിലെ ഓക്സിജന്റെ അളവ് കുറയ്ക്കുന്നതിനാൽ കടലിന്റെ ആവാസ വ്യവസ്ഥയെ ബാധിക്കും. പ്രജനനം നടത്തുന്ന മത്സ്യങ്ങൾക്കും കുഞ്ഞുമീനുകൾക്കും ആവശ്യത്തിന് ഓക്സിജൻ ലഭിക്കാതെ ഇവ നശിച്ച് മത്സ്യസമ്പത്തിന് നാശമുണ്ടാകുമോയെന്ന ആശങ്കയിലാണ് ഭൂരിഭാഗം തൊഴിലാളികളും.

നിർദ്ദേശം പാലിക്കുന്നില്ല

ഇപ്പോൾ പിടിക്കുന്ന ചെറുമത്സ്യങ്ങൾ 15ദിവസം കൂടി കഴിഞ്ഞാൽ പൂർണവളർച്ചയെത്തും. ഇന്ന് ലഭിക്കുന്നതിന്റെ നാലിരട്ടി വിലയും കിട്ടും. അതുവരെ കാത്തി​രി​ക്കാൻ ക്ഷമയി​ല്ലാത്ത തൊഴി​ലാളി​കളാണ് ചെറു മത്സ്യങ്ങൾ കോരി​യെടുക്കുന്നത്. 8എം.എമ്മിന് താഴെ കണ്ണി​യുള്ള വലകൾ മത്സ്യ ബന്ധനത്തി​ന് ഉപയോഗിക്കരുതെന്ന് ഫിഷറീസ് വകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും തൊഴിലാളികൾ ഇത് പാലിക്കാറില്ല. 8 എം.എമ്മിൽ താഴെ വലിപ്പത്തിലുള്ള കണ്ണിയുള്ള വലയാണെങ്കിൽ ചെറുമത്സ്യങ്ങൾ കുരുങ്ങി ചത്തു പോകും. ഇപ്പോൾ ഭൂരിഭാഗം വള്ളക്കാരും ചൂടവലയാണ് മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്നത്.

പുതിയ നിയമം

പുതിയ ഫിഷറീസ് നിയമം അനുസരിച്ച്, 14 സെന്റീ മീറ്റർ വലുപ്പമുള്ള അയലയും 10സെന്റീമീറ്റർ വലി​പ്പമുള്ള മത്തി, ചാള എന്നിവയും പിടിക്കാൻ പാടി​ല്ല. ഇത്തരം മത്സ്യങ്ങളെ പിടിക്കുന്ന വള്ള ഉടമകൾക്ക് 5000രൂമുതൽ പിഴ ചുമത്തും. ജില്ലയുടെ തീരത്ത് ചെറുമത്സ്യങ്ങളുടെ വില്പന കഴിഞ്ഞ ദിവസങ്ങളിൽ പരിശോധനക്കെത്തിയ ഉദ്യോഗസ്ഥർ തടഞ്ഞി​രുന്നു. ഇത് മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടിയായി.

"ചെറുമത്സ്യങ്ങൾ തീരത്ത് വിൽക്കാൻ അനുവദിക്കില്ല. ആദ്യഘട്ടത്തിൽ താക്കീത് നൽകി വിടും. വരും ദിവസങ്ങളിൽ പുതിയ നിയമം അനുസരിച്ച് പിഴ ഈടാക്കും.

- രമേശ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, ആലപ്പുഴ

മനപ്പൂർവമല്ല തൊഴിലാളികൾ ചെറുമത്സ്യങ്ങളെ പിടിക്കുന്നത്. മത്സ്യങ്ങൾ കൂട്ടത്തോടെ വരുമ്പോൾ കടലിലെ വെള്ളത്തിന് നിറവ്യത്യാസം ഉണ്ടാകുന്നതിനാൽ മത്സ്യങ്ങളുടെ വലിപ്പം തിരിച്ചറിയാൻ കഴിയില്ല. വലയിൽ കുടുങ്ങുമ്പോഴായിരിക്കും ചെറിയ മത്സ്യമെന്ന് തിരിച്ചറിയുന്നത്. ഇവയെ തിരികെ കടലിൽ വിട്ടാൽ പത്ത് ശതമാനം പോലും ജീവിക്കില്ല.

- അഭിനാശ്, മത്സ്യത്തൊഴിലാളി, തോട്ടപ്പള്ളി

Advertisement
Advertisement