റോപ് വേ വിവാദങ്ങളിൽ തൂങ്ങരുത്

Wednesday 13 July 2022 12:00 AM IST

ഒാരോ വികസന പദ്ധതികൾ വിഭാവനം ചെയ്യുമ്പോഴും കൂടെപ്പിറപ്പ് എന്ന നിലയിൽ വിവാദങ്ങളും ഉയരാറുണ്ട്. കോടിക്കണക്കിന് ഭക്തരുടെ പുണ്യസങ്കേതമായ ശബരിമലയിലും വിവാദങ്ങൾക്ക് കുറവൊന്നുമില്ല. പ്രളയം തകർത്താട‌ിക്കഴിഞ്ഞ് പമ്പയിലെ മണൽവാരി കരയ്ക്കിട്ടശേഷം അത് വിൽപ്പന നടത്തുന്നതിന്റെ പേരിൽ വിവാദം ഉയർന്നു. പമ്പയാറിന്റെ ഉടമസ്ഥർ ജലസേചന വകുപ്പാണെന്നാണ് വയ്പ്പ്. ആറ്റിൽനിന്ന് വെള്ളം വഴിതിരിച്ചു വിടണമെങ്കിലും മണൽ വാരണമെങ്കിലും ജലസേചനവകുപ്പ് കനിയണം. അവരാണ് അത് നടപ്പാക്കുന്നത്. നദിയിലെ മണൽവാരാൻ അവകാശം ജലസേചന വകുപ്പിനുണ്ട്. പക്ഷേ, ജെ.സി.ബി കോരിയെടുക്കുന്ന മണൽ കരയ്ക്കിട്ടാൽ അതിന്റെ ഉടമസ്ഥർ വനംവകുപ്പായി. പെരിയാർ ടൈഗർ റിസർവ് വനമായ ശബരിമലക്കാടുകളിൽ ഒരു പുൽക്കൊടി വളർന്നാലും ഉടമസ്ഥർ വനംവകുപ്പാണ്. മണൽകോരി കരയ്ക്കിട്ടപ്പോൾ അത് വിൽക്കാൻ വനംവകുപ്പ് സമ്മിതിച്ചില്ല. തങ്ങൾ വിറ്റോളാമെന്ന് പറഞ്ഞ് ആരെയും അടുപ്പിച്ചില്ല. രണ്ടും കൽപ്പിച്ച് പഴയ ചീഫ് സെക്രട്ടറി ടോം ജോസും പഴയ ഡി.ജി.പി ബഹ്റയും ഒരു ഹെലികോപ്ടറിൽ നിലയ്ക്കലിലേക്ക് ഒന്നിച്ച് പറന്നത് നാട് മറന്നിട്ടില്ല. മണൽ വിൽക്കാനിറങ്ങിയ സംഘം പൊരിവെയിലിൽ കാല് പൊള്ളിയ കണക്കെയാണ് തിരിച്ചു പറന്നത്. മണൽ കണ്ണൂരിലെ പാർട്ടി സഖാക്കളുടെ കമ്പനിക്ക് മറിച്ചുവിൽക്കാനാണ് സംഘമെത്തിയത് എന്ന വിവാദം കൊടുമ്പിരിക്കൊണ്ടു. ഒടുവിൽ, മണൽനീക്കം ഉപേക്ഷിച്ചു. ആർക്കും വേണ്ടാതെ പമ്പയിൽ കിടക്കുന്ന മണലിൽ പുല്ലുകൾ കിളിർത്തത് വളർന്നു വലുതായി. അക്കഥ അങ്ങനെ അവസാനിച്ചിരിക്കുകയാണ്.

പാഴായത് ഏഴ് വർഷങ്ങൾ

ഇനി മറ്റൊന്നുള്ളത് ശബരിമലയിലെ പ്രധാന പദ്ധതികളിൽ ഒന്നായ റോപ് വേയാണ്. 2015ൽ അന്നത്തെ ദേവസ്വം ബോർഡ് ആവിഷ്‌കരിച്ച റോപ് വേ പദ്ധതി നിലംതൊടാതെ ഏഴുവർഷം പിന്നിട്ടിരിക്കുന്നു. പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള ചരക്കുനീക്കം വേഗത്തിലും സുഗമവും ആക്കുന്നതിനും സന്നിധാനത്ത് അത്യാഹിതങ്ങളുണ്ടായാൽ ആളുകളെ വേഗത്തിൽ പമ്പയിലെത്തിക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതി പരക്കെ സ്വാഗതം ചെയ്യപ്പെട്ടതാണ്. പക്ഷേ, കാര്യത്തോട് അടുത്തപ്പോഴാണ് എല്ലാം കുഴഞ്ഞുമറിഞ്ഞത്. റോപ് വേ എന്നാൽ കോൺക്രീറ്റ് തൂണുകളെ തമ്മിൽ കമ്പികൾ ബന്ധിച്ച് അതുവഴി ഇലക്ട്രിക് സംവിധാനത്തോടെ ചരക്കുകൾ നീക്കുന്ന ഏർപ്പാടാണെന്ന് ചുരുക്കത്തിൽ പറയാം. തൂണുകൾ നിർമിക്കാൻ വനഭൂമി ഏറ്റെടുക്കണം. അതിന് സർവേ നടത്തണം. മണ്ണ് പരിശോധിക്കണം. വന്യമൃഗങ്ങൾ തങ്ങുന്ന പ്രദേശങ്ങളെ ഒഴിവാക്കണം. പക്ഷേ, വനഭൂമി വിട്ടുകൊടുക്കാൻ വനംകുപ്പ് തയ്യാറായിരുന്നില്ല. കോൺക്രീറ്റ് തൂണുകൾ വനത്തിനുള്ളിൽ നിർമിക്കുമ്പോൾ മരങ്ങൾ മുറിച്ചുമാറ്റണം. ഇൗ ഭാഗങ്ങളിലെ വന്യജീവികളെ സംരക്ഷിക്കണം. ഇങ്ങനെയുള്ള കാര്യങ്ങൾ വലിയ വെല്ലുവിളിയായി മാറിയപ്പോൾ റോപ് വേ എന്ന സ്വപ്നം നടക്കാതെ വരുമോ എന്ന ആശങ്കയിലാണ് വർഷങ്ങൾ പിന്നിട്ടത്. അടുത്തിടെ, ദേവസ്വം ബോർഡും വനം, റവന്യൂ വകുപ്പുകളും തമ്മിൽ നടത്തിയ ചർച്ച പദ്ധതിക്ക് വീണ്ടും ജീവൻ വയ്‌പ്പിച്ചിട്ടുണ്ട്. വനഭൂമിക്ക് പകരം എവിടെയെങ്കിലും ഭൂമി വനംവകുപ്പിന് വിട്ടുകൊടുക്കണമെന്ന നിർദേശം ദേവസ്വം ബോർഡ് മുന്നോട്ടുവച്ചു. വനമേഖലയ്‌ക്ക് അടുത്തായാൽ കൊള്ളാമെന്ന് വനംവകുപ്പ് അറിയിച്ചു. പകരം ഭൂമിക്കായുള്ള അന്വേഷണം ചെന്നെത്തിയത് ഇടുക്കി ജില്ലയിലെ അടിമാലിയിലാണ്. അവിടെ പുറമ്പോക്ക് കണ്ടെത്തി. റോപ് വേയ്ക്ക് വേണ്ടത് ശബരിമല വനത്തിലെ പത്തേക്കർ ഭൂമിയാണ്. പകരം പത്തേക്കർ പുറമ്പോക്ക് അടിമാലിയിൽ നിന്ന് വനംവകുപ്പിന് നൽകും.

ഇനി വേണ്ടത്

ഉൗർജിത നടപടികൾ

ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപന്റെ നേതൃത്വത്തിൽ റോപ് വേ പദ്ധതി യാഥാർത്ഥ്യമാക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. അൻപത് കോടിയുടേതാണ് പദ്ധതി. പമ്പ ഹിൽടോപ്പിൽ നിന്ന് സന്നിധാനം പൊലീസ് ബാരക്കിന് സമീപം വരെ 2.9 കിലോമീറ്റർ ദൂരത്തിൽ നിർമിക്കുന്ന റോപ് വേ നടപ്പായാൽ വലിയ മാറ്റങ്ങൾക്കാകും ശബരിമല സാക്ഷ്യം വഹിക്കുന്നത്. ഇപ്പോഴത്തെ ചരക്കുനീക്കങ്ങൾക്കുള്ള ട്രാക്ടറുകൾ അപ്രത്യക്ഷമാകും. പരിസ്ഥിതി മലനീകരണം വലിയ അളവിൽ കുറയും. ട്രാക്ടർ പാത തീർത്ഥാടകർക്ക് സുഗമ സഞ്ചാരപാതയാകും. വിവാദങ്ങൾ മല കയറിയില്ലെങ്കിൽ റാേപ് വേ അടുത്തകാലത്തെങ്ങും കണ്ടിട്ടില്ലാത്ത വികസന പദ്ധതിയാകും. കോൺക്രീറ്റ് കെട്ടിടങ്ങളുടെ നിർമാണം മാത്രമാണ് സന്നിധാനത്ത് നടക്കാറുള്ളത്. സംരക്ഷിത വനപ്രദേശമെന്ന പരിഗണനയും നിയന്ത്രണവും അവഗണിച്ചാണ് കോൺക്രീറ്റ് കെട്ടിടങ്ങൾ ഉയർന്നിട്ടുള്ളത്. ഇതിനൊക്കെ വനംവകുപ്പ് തടസം പറയാതിരുന്നത് ദേവസ്വം ബോർഡിന്റെ ഭൂമിയിലായതിനാലാണ്. റോപ് വേ നിർമിക്കാനായി ഏറ്റെടുക്കുന്ന ഭൂമിയിൽ അധിവസിക്കുന്ന വന്യമൃഗങ്ങൾ മറ്റ് മേഖലകൾ തേടി പോകുമെന്നാണ് കരുതുന്നത്. റോപ് വേ കടന്നു പോകുന്ന വനഭാഗങ്ങൾ തെളിക്കുകയും തൂണുകൾ സംരക്ഷിച്ചു നിർത്തുകയും ചെയ്തില്ലെങ്കിൽ കാട്ടാനകളുടെ ആക്രമണമുണ്ടാകാം. കനത്ത മഴയത്ത് ഉരുൾപൊട്ടലുണ്ടാകുന്ന മേഖലയാണ് ശബരിമല കാടുകൾ. റോപ് വേ കടന്നു പോകേണ്ട വഴികളിലെ പാരിസ്ഥിതിക ആഘാത പഠനം നടന്നിട്ടില്ല. അതിന് കൺസൾട്ടൻസിയെ ഏൽപ്പിക്കേണ്ടി വരും.

ഗൂഢലക്ഷ്യങ്ങളുമായി മണൽക്കച്ചവടം നടത്താൻ ഒരുമ്പെട്ടതു പോലെ റോപ് വെയെ കച്ചവടക്കണ്ണുകൾക്ക് വിട്ടുകൊടുക്കാതെ കാക്കേണ്ടതുണ്ട്. നടപടികളിൽ സുതാര്യതയാണ് ആവശ്യം. വിവാദങ്ങളുടെ കൊടുങ്കാറ്റടിക്കാതെ റോപ് വേ യാഥാർത്ഥ്യമാകുമെന്ന് പ്രതീക്ഷിക്കാം.

Advertisement
Advertisement