കിരണിനായി അന്വേഷണം തമിഴ്നാട്ടിലേക്കും ;സ്കൂബാ ഡൈവേഴ്സ് ഇന്നിറങ്ങും

Wednesday 13 July 2022 3:22 AM IST

വിഴിഞ്ഞം: പെൺ സുഹൃത്തിനെ കാണാനെത്തി ആഴിമല കടലിൽ വീണ് കാണാതായ യുവാവിനെ കണ്ടെത്താൻ കടലിലെ അന്വേഷണം തമിഴ്നാട്ടിലേക്കും. ആഴിമല ഭാഗത്ത് തെരച്ചിൽ നടത്താൻ ഇന്ന് സ്കൂബാ ഡൈവേഴ്സ് ഇറങ്ങും. ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ എസ്. ഷാജി ഇന്നലെ സംഭവസ്ഥലം സന്ദർശിച്ചു.

കാണാതായ യുവാവ് കടലിനടുത്തേക്കുള്ള റോഡിലൂടെ ഓടുന്ന സി.സി ടിവി ദൃശ്യം കഴിഞ്ഞ ദിവസം പൊലീസിന് ലഭിച്ചിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം കാണാതായ പള്ളിച്ചൽ മൊട്ടമൂട് വള്ളോട്ടുകോണം മേക്കുംകര പുത്തൻവീട്ടിൽ കിരണിന് വേണ്ടിയാണ് തെരച്ചിൽ തുടരുന്നത്. സംഭവത്തോടനുബന്ധിച്ച് ഒളിവിൽപ്പോയ പെൺസുഹൃത്തിന്റെ സഹോദരനുൾപ്പെടെയുള്ളവരെ ഇന്നലെയും പൊലീസിന് പിടികൂടാനായില്ല. യുവാവ് കടലിൽ വീണ് കാണാതായെന്നു തന്നെയാണ് ഉറപ്പിക്കുന്നതെന്ന് അസി.കമ്മിഷണർ പറഞ്ഞു. സ്കൂബാ ഡൈവിംഗ് സംഘത്തെ പൊലീസ് ഇന്നലെ സ്ഥലത്ത് എത്തിച്ച് സ്ഥല പരിശോധന നടത്തി. ഇവിടെ കൂടാതെ തമിഴ്നാട്ടിലെ തീരദേശത്തും കടലിലും തെരച്ചിൽ തുടങ്ങിയെന്ന് വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി പറഞ്ഞു.

Advertisement
Advertisement