നക്ഷത്രങ്ങൾ ജനിച്ചത് ഇവിടെ...! ആദിമ പ്രപഞ്ചത്തിലേക്ക് മിഴി തുറന്ന് ജെയിംസ് വെബ്

Wednesday 13 July 2022 4:57 AM IST

വാഷിംഗ്ടൺ : പ്രപഞ്ചോൽപത്തിയ്ക്ക് ശേഷം രൂപപ്പെട്ട ആദിമ നക്ഷത്രങ്ങളും ഗാലക്സികളും നിറഞ്ഞ പ്രപഞ്ചത്തിന്റെ ഏറ്റവും വിദൂരതയിലുള്ളതും വ്യക്തവുമായ ഇൻഫ്രാറെഡ് കളർച്ചിത്രം പുറത്തുവിട്ട് ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ്. ഇതുവരെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലുതും ശക്തവുമായ സ്പേസ് ടെലിസ്കോപ്പായ ജെയിംസ് വെബ് നാസ, യൂറോപ്യൻ സ്പേസ് ഏജൻസി, കനേഡിയൻ സ്പേസ് ഏജൻസി എന്നിവയുടെ സംയുക്ത സംരംഭമാണ്.

കഴിഞ്ഞ ഡിസംബറിൽ ഫ്രഞ്ച് ഗയാനയിൽ നിന്ന് യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ഏരിയൻ 5 റോക്കറ്റിൽ വിക്ഷേപിക്കപ്പെട്ട ജെയിംസ് വെബ് ടെലിസ്കോപ്പ് ഗവേഷണാർത്ഥം പകർത്തിയ വിദൂര പ്രപഞ്ചത്തിന്റെ ആദ്യ കളർ ചിത്രങ്ങളാണ് നാസ ഇന്നലെ പുറത്തുവിട്ടത്. ആദ്യ ചിത്രം തിങ്കളാഴ്ച രാത്രി വൈകിയും മറ്റ് ചിത്രങ്ങൾ ഇന്നലെ രാത്രിയോടെയും നാസ പുറത്തുവിട്ടു. യു.എസ് പ്രസിഡന്റ് ജോ ബൈഡനാണ് ആദ്യ ചിത്രം പുറത്തുവിട്ടത്.

ആയിരക്കണക്കിന് ഗ്യാലക്സികളെയും നക്ഷത്രങ്ങളെയും ഈ ചിത്രത്തിൽ കാണാം. 1,300 കോടി വർഷങ്ങൾക്ക് മുമ്പുള്ള ഗ്യാലക്സികളെ വരെ ഈ ചിത്രത്തിൽ കാണാമെന്നതാണ് അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം.

ഉൽപ്പത്തിയ്ക്ക് ശേഷം ഏകദേശം 1,380 കോടി വർഷങ്ങൾക്ക് മുമ്പാണ് പ്രപഞ്ചം വികസിക്കാൻ തുടങ്ങിയതെന്നാണ് കരുതുന്നത്. മനുഷ്യരാശിയുടെ ചരിത്രനിമിഷമായാണ് ചിത്രം പുറത്തുവിട്ടതിനെ നാസ വിശേഷിപ്പിച്ചത്. ഹബിൾ സ്പേസ് ടെലിസ്കോപ്പിന്റ പിൻഗാമിയാണ് ജെയിംസ് വെബ് ടെലിസ്കോപ്പ്.

ഏതാനും ആഴ്ചകൾ മുമ്പാണ് ജെയിംസ് വെബ് പ്രപഞ്ചത്തിന്റെ ചിത്രങ്ങൾ പകർത്താൻ തുടങ്ങിയത്. 120 മണിക്കൂറുകൾ നീണ്ട നിരീക്ഷണ ഫലമായി ജെയിംസ് വെബ് പകർത്തിയ അഞ്ച് ലക്ഷ്യ സ്ഥാനങ്ങളുടെ ഓരോന്ന് വീതം ചിത്രങ്ങൾ നാസ പുറത്തുവിട്ടു.

ഭൂമിയിൽ നിന്ന് 1,150 പ്രകാശവർഷം അകലെയുള്ളതും 2014ൽ കണ്ടെത്തിയതുമായ WASP-96 b എന്ന വാതക ഭീമൻ ഗ്രഹത്തെ നിരീക്ഷിച്ച് ജെയിംസ് വെബ് ശേഖരിച്ച അന്തരീക്ഷത്തിന്റെ ഘടനയുടെ സ്പെക്ട്രവും ഇതിൽ ഉൾപ്പെടുന്നു. WASP-96 bയുടെ അന്തരീക്ഷത്തിൽ ജല ബാഷ്പത്തിന്റെ അംശമുണ്ടെന്നാണ് ഈ സ്പെക്ട്രം സൂചിപ്പിക്കുന്നത്.

ജെയിംസ് വെബ് പകർത്തിയ ചിത്രങ്ങളെല്ലാം നേരത്തെ ഹബിൾ ടെലിസ്കോപ്പ് പകർത്തിയിരുന്നെങ്കിലും ഇത്രയും വ്യക്തതയും സൂഷ്മതയുമുണ്ടായിരുന്നില്ല. പത്ത് വർഷമാണ് ജെയിംസ് വെബ് മിഷന്റെ കാലാവധി നിശ്ചയിച്ചിരിക്കുന്നതെങ്കിലും 20 വർഷം വരെ പ്രവർത്തിക്കാൻ കഴിയും. 15 വർഷം കൊണ്ട് പ്രാവർത്തികമായ ഈ ഇൻഫ്രാറെഡ് ടെലിസ്കോപ്പിന്റെ ചെലവ് ഏകദേശം 7.25 ബില്യൺ പൗണ്ടാണ്. ഭൂമിയിൽ നിന്ന് ഏകദേശം 10 ലക്ഷം മൈൽ അകലെയാണ് ജെയിംസ് വെബ് ഇപ്പോൾ.

 മഹാവിസ്ഫോടനത്തിലേക്കുള്ള വഴികാട്ടി

മനുഷ്യ നേത്രങ്ങൾക്ക് കാണാനാകാത്ത ഇൻഫ്രാറെഡ് പ്രകാശത്തിലൂടെ പ്രപഞ്ചത്തിലെ നിഗൂഢതകളിലേക്ക് ജെയിംസ് വെബ് ഇനി അന്വേഷണം നടത്തും. വരുന്ന പത്ത് വർഷത്തിനുള്ളിൽ ഭൂമിയ്ക്കപ്പുറത്തെ ജീവന്റെ സാന്നിദ്ധ്യം സംബന്ധിച്ച നിർണായക വിവരങ്ങൾ ജെയിംസ് വെബിന് കൈമാറാൻ കഴിഞ്ഞേക്കുമെന്നാണ് കരുതുന്നത്. 13.5 ബില്യൺ പ്രകാശവർഷം അകലെയുള്ള വസ്തുക്കളെ വീക്ഷിക്കാൻ ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പിന് കഴിയും.

വാതകക്കുള്ളൻ ഗ്രഹങ്ങൾക്ക് ചുറ്റുമുള്ള അന്തരീക്ഷത്തിലെ രാസ അമോണിയ പോലെയുള്ള ജീവന്റെ അടയാളങ്ങൾ കണ്ടെത്താൻ ഇത് സഹായിക്കുമെന്ന് കരുതുന്നു. കൂടാതെ സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളായ എക്സോ പ്ലാനറ്റുകൾ, നക്ഷത്രാന്തരീയ പദാർത്ഥങ്ങളുടെ പരസ്പരമുള്ള ഗുരുത്വാകർഷണഫലമായി രൂപപ്പെടുന്ന നെബുലകൾ എന്നിവയിലേക്കും ജെയിംസ് വെബ് കണ്ണോടിക്കും. നക്ഷത്രങ്ങൾക്ക് അന്ത്യം സംഭവിക്കുന്നത് വഴിയുള്ള സ്‌ഫോടനത്താലോ അല്ലെങ്കിൽ നക്ഷത്രങ്ങളുടെ പിറവിയിലോ രൂപപ്പെടുന്നവയാണ് നെബുലകൾ.

പൊടിപടലങ്ങൾ, ഹൈഡ്രജൻ വാതകം, പ്ലാസ്മ എന്നിവ നിറഞ്ഞ മേഘങ്ങളായ നെബുലകളിലേക്കുള്ള ഗവേഷണങ്ങൾ പ്രപഞ്ചം എങ്ങനെയുണ്ടായെന്ന ചോദ്യത്തിന്റെ ഉത്തരത്തിലേക്ക് നയിക്കുമെന്ന് കരുതുന്നു. കാരണം, ഏകദേശം 13 ബില്യൺ വർഷങ്ങൾക്ക് മുമ്പുള്ള നെബുലകളെയും ഗ്യാലക്സികളെയുമാണ് ജെയിംസ് വെബ് ടെലിസ്കോപ്പിന് കാണാൻ സാധിക്കും.

ആദിമ നക്ഷത്രങ്ങളും ഗാലക്സികളും രൂപപ്പെട്ട പ്രപഞ്ചോൽപത്തിയ്ക്ക് കാരണമായ മഹാവിസ്ഫോടനത്തിന് ( ബിഗ് ബാംഗ് ) ശേഷമുള്ള ഏതാണ്ട് 80 കോടി വർഷങ്ങൾക്ക് ശേഷമുള്ള അവസ്ഥയാണിത്. പ്രപഞ്ചത്തിലുടനീളം സഞ്ചരിച്ചെത്തുന്നതിന് പ്രകാശത്തിന് അനേകം വർഷങ്ങൾ വേണ്ടിവരുമെന്നതാണ് കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പുള്ള ഗ്യാലക്സികളെയും നക്ഷത്രങ്ങളെയും ഇത്തരത്തിൽ കാണാൻ കാരണം.

 ഇതുവരെ പകർത്തിയിട്ടുള്ളതിൽ വച്ച് വിദൂര പ്രപഞ്ചത്തിന്റെ ഏറ്റവും ആഴത്തിലുള്ളതും വ്യക്തവുമായ ചിത്രം. ഏകദേശം 512 കോടി പ്രകാശവർഷം അകലെയാണ് SMACS 0723 എന്ന ഈ ഗ്യാലക്സി കൂട്ടം സ്ഥിതി ചെയ്യുന്നത്. 1,300 കോടി വർഷങ്ങൾക്ക് മുമ്പുള്ള ഗ്യാലക്സികളെയും ഈ ചിത്രത്തിൽ ജെയിംസ് വെബ് ഒപ്പിയെടുത്തെന്ന് നാസ പറയുന്നു.

 ജെയിംസ് വെബ് പകർത്തിയ സതേൺ റിംഗ് നെബുലയുടെ ചിത്രം. ഭൂമിയിൽ നിന്ന് 2,000 പ്രകാശ വർഷം അകലെ ഇല്ലാതായിക്കൊണ്ടിരിക്കുന്ന നക്ഷത്രത്തെ പ്രദക്ഷിണം ചെയ്യുന്ന നെബുലയാണിത്. സതേൺ റിംഗ് നെബുലയിലെ വാതക മേഘങ്ങൾ വികസിച്ചുകൊണ്ടിരിക്കുകയാണ്. സതേൺ റിംഗ് നെബുലയിലെ രണ്ടാമത്തെ നക്ഷത്രത്തെ ജെയിംസ് വെബ് പകർത്തിയ ചിത്രത്തിൽ കാണാം.

 ജെയിംസ് വെബ് പകർത്തിയ ഭൂമിയിൽ നിന്ന് 290 ദശലക്ഷം പ്രകാശവർഷം അകലെയുള്ള സ്റ്റീഫൻസ് ക്വിൻറ്റെന്റ് എന്ന ചെറു ഗ്യാലക്സികൂട്ടത്തിന്റെ ചിത്രം. പെഗാസസ് നക്ഷത്ര സമൂഹത്തിൽ സ്ഥിതി ചെയ്യുന്ന സ്റ്റീഫൻസ് ക്വിൻറ്റെന്റ് 1877ലാണ് ആദ്യം കണ്ടെത്തിയത്. സ്റ്റീഫൻസ് ക്വിൻറ്റെന്റിലെ അഞ്ച് ഗ്യാലക്സികളിൽ രണ്ടെണ്ണം കൂടിച്ചേർന്ന് ജോഡികളായാണ് കാണപ്പെടുന്നത്. ഗ്യാലക്സികൾ തമ്മിലെ പരസ്പര ആകർഷണം സംബന്ധിച്ച ആഴത്തിലുള്ള പഠനത്തിന് ആ ചിത്രം സഹായിക്കും.

 ജെയിംസ് വെബ് പകർത്തിയ ഭൂമിയിൽ നിന്ന് 7,600 പ്രകാശ വർഷം അകലെയുള്ള വാതകവും പൊടിയും നിറഞ്ഞ കാറിന നെബുലയുടെ ചിത്രം. കാറിനയിൽ നക്ഷത്രങ്ങൾ പിറവിയെടുക്കുന്ന NGC 3324 എന്ന ഭാഗമാണ് ചിത്രത്തിൽ. നക്ഷത്രങ്ങൾ പിറവിയെടുക്കുന്ന നഴ്സറിയെന്നാണ് കാറിന അറിയപ്പെടുന്നത്. പ്രപഞ്ചത്തിലെ ഏറ്റവും വലുതും തിളക്കമേറിയതമായ നെബുലകളിലൊന്നാണിത്. നമ്മുടെ സൂര്യനേക്കാൾ വലിപ്പമേറിയ നിരവധി നക്ഷത്രങ്ങൾ ഇവിടെയുണ്ട്.

Advertisement
Advertisement