ചുഴലിയിൽ 4വള്ളങ്ങൾ തകർന്നു, 15 തൊഴിലാളികൾക്ക് പരിക്ക്

Thursday 14 July 2022 12:28 AM IST

അമ്പലപ്പുഴ: കരൂർ തീരത്തുണ്ടായ അതിശക്തമായ ചുഴലിയിൽ, കരയിൽ കയറ്റി വച്ചിരുന്ന 4 വള്ളങ്ങൾ തകർന്നു. 15 ഓളം മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു. കരൂർ അയ്യൻ കോയിക്കൽ ചന്തക്കടവിന് വടക്കുവശം ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം.

മത്സ്യബന്ധനം കഴിഞ്ഞ് കരയിൽ കയറ്റിവച്ചിരുന്ന വള്ളങ്ങൾ ചുഴലിയിൽപ്പെട്ട് കൂട്ടിയിടിക്കുകയായിരുന്നു. ഈ വള്ളങ്ങൾ തട്ടിയാണ് സമീപത്ത് വലപ്പണിയിൽ ഏർപ്പെട്ടിരുന്ന മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റത്. ഇവരെ നാട്ടുകാരും മറ്റു മത്സ്യത്തൊഴിലാളികളും ചേർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുന്നപ്ര സ്വദേശി അഖിലാനന്ദന്റെ ഉടമസ്ഥതയിലുള്ള ആണ്ടിയാർ ദീപം , കാഞ്ഞിരം ചിറ സ്വദേശി ബോണിയുടെ ഉടമസ്ഥതയിലുള്ള തെക്കേത്തൈ, നീതിമാൻ ,സിയോൺ എന്നീ നാലു വള്ളങ്ങളാണ് ശക്തമായി വീശിയടിച്ച ചുഴലിയിൽപ്പെട്ടത്. പരസ്പരം കൂട്ടിയിടിച്ച് നാലു വള്ളങ്ങളും പൊട്ടുകയും എൻജിൻ ഉൾപ്പടെ തകരുകയും ചെയ്തു. വള്ളങ്ങളുടെ സമീപത്തിരുന്ന് വലപ്പണി ചെയ്തിരുന്ന ആലപ്പുഴ ഗുരുമന്ദിരം വാർഡ് ആഞ്ഞിലിപ്പറമ്പിൽ ബോണിക്ക് (32) കാലുകൾക്ക് ഒടിവുണ്ടായി.പുന്നപ്ര പുതുവൽ ഗിരീഷിനും (53) ഗുരുതര പരിക്കേറ്റു. കാഞ്ഞിരം ചിറ ചാരുങ്കൽ വീട്ടിൽ തോമസ് (47), ആലപ്പുഴ സീവ്യൂ വാർഡ് ഫ്രാൻസിസ് (63) ,കാഞ്ഞിരം ചിറ വെളിയിൽ വീട്ടിൽ വിൻസന്റ് (65), കാഞ്ഞിരംചിറ പുന്നക്കൽ വീട്ടിൽ ആന്റപ്പൻ (62) തുടങ്ങിയവർക്കും പരിക്കേറ്റു. 4 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വള്ളം ഉടമകൾ പറഞ്ഞു.

Advertisement
Advertisement