കനകലത ബറുവ

Thursday 14 July 2022 12:00 AM IST

സ്വാതന്ത്ര്യസമര പോരാട്ടത്തിൽ രക്തസാക്ഷിത്വം വരിച്ച യുവതി. ബ്രിട്ടീഷുകാരുടെ വെടിയേറ്റ് വീരമരണം വരിക്കുമ്പോൾ 17 വയസ്. അസാമിൽ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ സ്വാതന്ത്യസമര നേതാവും കനകലതയാണ്. ബീർബല (ധൈര്യശാലി) ഷഹീദ് (രക്തസാക്ഷി) എന്നീ പേരുകളിലും അറിയപ്പെടുന്നു.

കൃഷ്ണകാന്ത ബറുവയുടെയും കർണേശ്വരി ബറുവയുടെയും മകളായി 1924 ഡിസംബർ 22 ന് അസാമിലെ ദരാംഗ് ജില്ലയിലെ ബോരംഗബാരിയിൽ ജനനം. ചെറുപ്രായത്തിൽ തന്നെ മാതാപിതാക്കൾ മരിച്ചു. സഹോദരങ്ങളെ സംരക്ഷിക്കാനായി പഠനം നിറുത്തി. സൈന്യത്തിൽ ചേരാനാഗ്രഹിച്ചെങ്കിലും പതിനെട്ട് വയസ് തികയാത്തതിനാൽ സാധിച്ചില്ല. മഹാത്മാഗാന്ധിയിലും സ്വാതന്ത്ര്യസമര പോരാട്ടങ്ങളിലും ആകൃഷ്ടയായ കനകലത ഇന്ത്യയുടെ സ്വാതന്ത്യത്തിനു വേണ്ടി പോരാടാൻ തീരുമാനിച്ചു. മുത്തച്ഛൻ ഇതിനെതിരായിരുന്നു. അദ്ദേഹമറിയാതെ രഹസ്യമായി മീറ്റിങ്ങുകളിൽ പങ്കെടുത്തു.

ക്വിറ്റ് ഇന്ത്യ സമരകാലത്ത് മൃത്യു ബാഹിനി എന്ന യുവജന സംഘത്തിലൂടെ രാഷ്ട്രീയ രംഗത്തേക്കും നേതൃസ്ഥാനത്തേക്കും എത്തി. 1942 സെപ്തംബർ 20 ന് ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിന്റെ ഭാഗമായി ഗൊഹ്പൂർ പൊലീസ് സ്റ്റേഷനിൽ ദേശീയപതാക ഉയർത്താൻ ബറുവയുടെ നേതൃത്വത്തിലുള്ള ഗ്രാമീണസംഘം മുക്തി ബാഹിനി ജാഥ നടത്തി. പൊലീസ് ഭീഷണി വകവയ്ക്കാതെ സമാധാനപരമായി നീങ്ങിയ ജാഥയ്ക്കുനേരെ പൊലീസ് വെടിയുതിർത്തു. നെഞ്ചിൽ വെടിയേറ്റു വീഴുമ്പോഴും കനകലത ദേശീയപതാക മുറുകെപ്പിടിച്ചിരുന്നു.

അവരോടുള്ള ആദര സൂചകമായി 1997 ൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ കപ്പലിന് കനകലത എന്ന പേര് നൽകുകയും 2011 ൽ ഗൗരിപൂരിൽ പതാകയേന്തിയ അവരുടെ പ്രതിമ സ്ഥാപിക്കുകയും ചെയ്തു. കനകലത ബറുവയുടെ ജീവിതം ആസ്പദമാക്കി 2017 ൽ പൂരബ് കി ആവാസ് എന്ന പേരിൽ സിനിമയും ഇറങ്ങി.

Advertisement
Advertisement