ഗുജറാത്ത് വ്യാജ ഐ.പി.എൽ: നാലുപേർ അറസ്റ്രിൽ

Wednesday 13 July 2022 11:18 PM IST

അഹമ്മദാബാദ്: പാടത്ത് സെറ്റിട്ട് വ്യാജ ഐ.പി.എൽ നടത്തിയ സംഘത്തിലെ നാലുപേരെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. റഷ്യൻ വാതുവയ്പ്പുകാരിൽ നിന്ന് പണം തട്ടാനായി ഫാം തൊഴിലാളികളായ ഒരുകൂട്ടം ചെറുപ്പക്കാരാണ് ഐ.പി.എൽ മാതൃകയിൽ സെറ്റിട്ട് തട്ടിപ്പ് നടത്തിയത്. ഗുജറാത്തിലെ മൊളിപ്പൂർ ജില്ലയിലെ മെഹ്സന ഗ്രാമത്തിലാണ് വ്യാജ ഐ.പി.എൽ നടന്നത്. അമ്പയ‌ർ ഹർഷ് ഭോഗ്ലെയുടെ ശബ്ദം അനുകരിച്ച് കമന്ററിയായി ഉപയോഗിക്കുകയും യൂട്യൂബി‌ലൂടെ കളിയുടെ തത്സമയ സംപ്രേഷണവും ഇവർ നടത്തി. തട്ടിപ്പ് ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും റഷ്യയിൽ വച്ചാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ബൗണ്ടറി ലൈനുകളും ഹാലൊജൻ ലൈറ്റുകൾ, ​ക്ലൗഡ് നോയ്സ് സംവിധാനം,​ ഹൈ റസല്യൂഷൻ കാമറ എന്നിവയൊക്കെ സജ്ജീകരിച്ച് റിയലസ്റ്റിക് ഐ.പി.എൽ മാതൃകയിലാണ് കളി നടന്നത്. മേയ് മാസത്തിൽ യഥാർത്ഥ ഐ.പി.എൽ അവസാനിച്ചതിനു ശേഷം മൂന്ന് ആഴ്ച കഴിഞ്ഞാണ് വ്യാജ ഐ.പി.എൽ ആരംഭിച്ചത്. കളിക്കാരായി വാടകയ്ക്കെടുത്ത ഫാം തൊഴിലാളികൾക്ക് ദിവസം 400 രൂപയായിരുന്നു പ്രതിഫലം. റഷ്യയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയ ഷൊയ്ബ് ദാവ്‌ഡ എന്നയാളാണ് തട്ടിപ്പിന്റെ മുഖ്യ ആസൂത്രകൻ. റഷ്യയിലെ വാതുവയ്പ്പുകാരുമായുള്ള ഇയാളുടെ പരിചയമാണ് തട്ടിപ്പിന‌് കാരണമായത്.

Advertisement
Advertisement