വിദൂര ഗ്രഹത്തിലെ ജലാംശം കണ്ടെത്തി ജെയിംസ് വെബ്

Thursday 14 July 2022 4:49 AM IST

വാഷിംഗ്ടൺ : പ്രപഞ്ചോൽപത്തിയ്ക്ക് ശേഷം രൂപപ്പെട്ട ആദിമ നക്ഷത്രങ്ങളും ഗാലക്സികളും നിറഞ്ഞ പ്രപഞ്ചത്തിന്റെ ഏറ്റവും വിദൂരതയിലുള്ളതും വ്യക്തവുമായ ഇൻഫ്രാറെഡ് കളർച്ചിത്രങ്ങൾ പകർത്തിയതിന് പിന്നാലെ മറ്റൊരു നിർണായക നേട്ടം കൈവരിച്ച് ലോകത്തെ ഏറ്റവും വലുതും ശക്തവുമായ സ്പേസ് ടെലിസ്കോപ്പായ ജെയിംസ് വെബ്.

ഭൂമിയിൽ നിന്ന് 1,150 പ്രകാശവർഷം അകലെയുള്ളതും 2014ൽ കണ്ടെത്തിയതുമായ വാസ്‌പ് - 96 ബി ( WASP- 96 b ) എന്ന വാതക ഭീമൻ ഗ്രഹത്തിന്റെ അന്തരീക്ഷത്തിൽ ജല ബാഷ്പ അംശത്തിന്റെ സൂചനയുണ്ടെന്നാണ് ജെയിംസ് വെബിന്റെ കണ്ടെത്തൽ. ജെയിംസ് വെബ് ശേഖരിച്ച എക്സോപ്ലാനറ്റായ വാസ്‌പ് - 96 ബിയുടെ അന്തരീക്ഷ ഘടനയുടെ സ്പെക്ട്രത്തിലാണ് നിർണായക വിവരമുള്ളത്.

ഭൂമിയുൾപ്പെടുന്ന സൗരയൂഥത്തിന് പുറത്ത് സൂര്യന് സമാനമായ ഒരു നക്ഷത്രത്തെ ചു​റ്റുന്ന ഗ്രഹത്തെയാണ് നാം 'എക്‌സോ പ്ലാന​റ്റ് " എന്ന് പറയുന്നത്. 5,000ത്തിലധികം എക്‌സോ പ്ലാന​റ്റുകളെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്.

ഒരു എക്സോ പ്ലാനറ്റിൽ നടത്തുന്ന ഏറ്റവും വലിയ ശാസ്ത്രീയ വിവര ശേഖരണമാണ് ജെയിംസ് വെബ് നടത്തിയിരിക്കുന്നത്. ജലത്തിന് പുറമേ മൂടൽ മഞ്ഞിന്റെയും മേഘത്തിന്റെയും സാന്നിദ്ധ്യം വാസ്‌പ് - 96 ബിയിൽ കണ്ടെത്തി. സൗരയൂഥം ഉൾപ്പെടുന്ന ഗ്യാലക്സിയായ ക്ഷീരപദത്തിലെ ഫീനിക്സ് നക്ഷത്ര സമൂഹത്തിലാണ് വാസ്‌പ് - 96 ബിയുടെ സ്ഥാനം.

സൗരയൂഥത്തിലെ വാതക ഭീമനായ വ്യാഴത്തിന്റെ പകുതി പിണ്ഡമാണ് വാസ്‌പ് - 96 ബിയ്ക്ക്. മാതൃനക്ഷത്രമായ സൂര്യനെ ഭ്രമണം ചെയ്യാൻ ഭൂമിയ്ക്ക് ഒരു വർഷം വേണം. എന്നാൽ, 538 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ താപനിലയുള്ള വാസ്‌പ് - 96 ബിയ്ക്ക് അതിന്റെ നക്ഷത്രത്തെ ചു​റ്റാൻ വെറും 3.5 ദിവസം മതി.

നാസ, യൂറോപ്യൻ സ്പേസ് ഏജൻസി, കനേഡിയൻ സ്പേസ് ഏജൻസി എന്നിവയുടെ സംയുക്ത സംരംഭമായ ജെയിംസ് വെബ് ടെലിസ്കോപ്പ് പകർത്തിയ ആദ്യ അഞ്ച് ചിത്രങ്ങൾ നാസ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

ഏകദേശം 512 കോടി പ്രകാശവർഷം അകലെയുള്ള SMACS 0723 എന്ന ഗ്യാലക്സി കൂട്ടം, ഭൂമിയിൽ നിന്ന് 2,000 പ്രകാശ വർഷം അകലെ ഇല്ലാതായിക്കൊണ്ടിരിക്കുന്ന നക്ഷത്രത്തെ പ്രദക്ഷിണം ചെയ്യുന്ന സതേൺ റിംഗ് നെബുല, ഭൂമിയിൽ നിന്ന് 290 ദശലക്ഷം പ്രകാശവർഷം അകലെയുള്ള സ്റ്റീഫൻസ് ക്വിൻറ്റെന്റ് എന്ന അഞ്ച് ഗ്യാലക്സികളുടെ കൂട്ടം, ഭൂമിയിൽ നിന്ന് 7,600 പ്രകാശ വർഷം അകലെയുള്ള വാതകവും പൊടിയും നിറഞ്ഞ കാറിന നെബുല എന്നിവയുടെ ചിത്രങ്ങളാണ് നാസ പുറത്തുവിട്ടത്.

Advertisement
Advertisement