നവതി ആഘോഷത്തിന് ക്ഷണിച്ചില്ല, മകൻ പിതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു
കോട്ടയം : നവതി ആഘോഷത്തിന് ക്ഷണിച്ചില്ലെന്നാരോപിച്ച് മകൻ പിതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മാന്നാനം തലശേരിപ്പറമ്പിൽ തങ്കപ്പൻ (90) മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് തങ്കപ്പന്റെ മകൻ ബിജുമോൻ (47) നെ ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്‌തു. വെള്ളിയാഴ്ച രാത്രി ഒൻപതരയോടെ മാങ്ങാനം ഷാപ്പുംപടിയിലെ വീട്ടിലായിരുന്നു സംഭവം.
ഒരാഴ്‌ച മുൻപ് തൊണ്ണൂറ് വയസ് തികഞ്ഞ തങ്കപ്പൻ ബന്ധുക്കളെയും, അടുത്ത സുഹൃത്തുക്കളെയും വിളിച്ചു വരുത്തി പാർട്ടി നടത്തിയിരുന്നു. ഇതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെയാണ് ബിജുമോൻ തങ്കപ്പനെ വാക്കത്തി ഉപയോഗിച്ച് വെട്ടിയത്. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് തങ്കപ്പനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അമിതമായി മദ്യപിച്ചെത്തിയ ബിജുവും പിതാവും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും വടിവാൾ ഉപയോഗിച്ചു തലയ്ക്കും കഴുത്തിലും വെട്ടുകയും ആയിരുന്നുവെന്നു പൊലീസ് പറഞ്ഞു. തലയ്‌ക്ക് പതിനാറ് തുന്നലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.