സൗജന്യമാക്കിയിട്ടും ബൂസ്റ്ററിന് ആളില്ല.

Saturday 16 July 2022 12:00 AM IST

കോട്ടയം. ബൂസ്റ്റർ ഡോസ് വാക്സിൻ സൗജന്യമാക്കിയിട്ടും ആദ്യ ദിവസം അത്ര മമത പോര. ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിലെ വിമുഖത ഇന്നലെയും തുടർന്നു. അതേസമയം തിങ്കളാഴ്ച മുതൽ കൂടുതൽ കേന്ദ്രങ്ങളിൽ വാക്സിനേഷൻ നടപ്പാക്കാനാണ് തീരുമാനം.

18 വയസിന് മുകളിലുള്ളവരിൽ പത്ത് ശതമാനം പോലും ഇതുവരെ ബൂസ്റ്റർ ഡോസ് സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കൂടുതൽ കേന്ദ്രങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുന്നത്. ജില്ലയിൽ 18 വയസിന് മുകളിലുള്ള 15.62 ലക്ഷം പേർക്കാണ് വാക്‌സിൻ നൽകേണ്ടത്. എന്നാൽ ഇതുവരെ സ്വീകരിച്ചത് ഒന്നര ലക്ഷത്തോളം പേർ മാത്രം. നിലവിൽ 15000 ഡോസാണ് സ്റ്റോക്കുള്ളത്. തിങ്കളാഴ്ചയോടെ കൂടുതൽ പേർ വാക്സിൻ സ്വീകരിക്കാനെത്തുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്.

കോട്ടയം സെന്റ് ലാസറസ് പള്ളി ഹാൾ, ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രികൾ, വൈക്കം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ഇന്നും ബൂസ്റ്റർ ഡോസ് സൗജന്യമായി നൽകും. തിങ്കളാഴ്ച മുതൽ 16 ബ്ളോക്ക് ആരോഗ്യ കേന്ദ്രങ്ങളിലേയ്ക്ക് കൂടി വ്യാപിപ്പിക്കും. ആവശ്യത്തിന് ആൾ എത്തിയില്ലെങ്കിൽ വാക്സിൻ പാഴാകുമെന്നതാണ് പ്രധാന വെല്ലുവിളി. ഈ സാഹചര്യത്തിൽ പരമാവധി ആളുകളെ വാക്സിനേഷന് എത്തിക്കാൻ ആശാ വർക്കർമാരോടും വാർഡ് മെമ്പർമാരോടും നിർദേശിച്ചിട്ടുണ്ട്.

രണ്ടാം ഡോസ് വാക്‌സിൻ എടുത്തശേഷം ആറു മാസം പൂർത്തിയാക്കിയവർക്കാണ് കരുതൽ ഡോസ് സ്വീകരിക്കാൻ കഴിയുക. സെപ്തംബർ 30 വരെ സർക്കാർ കേന്ദ്രങ്ങളിൽ കരുതൽ ഡോസ് സൗജന്യമായി നൽകാനാണ് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്.

Advertisement
Advertisement