കാട്കയറിയ ഇറിഗേഷൻ ഭൂമിയിൽ വെല്ലുവിളിയായി മാലിന്യക്കൂന

Saturday 16 July 2022 1:25 AM IST

ബാലരാമപുരം: ബാലരാമപുരം പഞ്ചായത്തിൽ ഒന്നാം വാർഡായ എരുത്താവൂരിൽ മുക്കമ്പാലമൂട് ജംഗ്ഷന് സമീപം വലിയറത്തല റോഡരികിൽ മാലിന്യം കുന്നൂകുടുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. ഇറിഗേഷൻ വക അമ്പതോളം വരുന്ന പുറമ്പോക്കിലാണ് ഇറച്ചിമാംസവും മാലിന്യവും രാത്രികാലങ്ങളിൽ കൊണ്ടിടുന്നത്. കഴിഞ്ഞ ഒരു വർഷമായി നാട്ടുകാർ ഈ ദുരിതം നേരിടുന്നവരാണ്. പരിസരവാസികൾ നിരവധി തവണ ഇറിഗേഷൻ അധികൃതരോട് പരാതി അറിയിച്ചിട്ടും അധികൃതർ ആരും തിരിഞ്ഞ് പോലും നോക്കുന്നില്ലെന്നാണ് പരാതി. ഉഗ്രവിഷമുള്ള പാമ്പുകളും കീരികളുടേയും താവളമായിമാറിയിരിക്കുകയാണ് ഇറിഗേഷന്റെ പുറമ്പോക്ക് ഭൂമി. ദുർഗന്ധവും ഇഴജന്തുക്കളുടേയും ആക്രമണം കാരണം പ്രഭാതസവാരി നടത്തുന്നവരും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. റോഡിന്റെ മറുഭാഗത്ത് ഇത്തരത്തിൽ കാട്കയറിയ സ്ഥലം പള്ളിച്ചൽ പഞ്ചായത്ത് ഇടപെട്ട് നാട്ടുകാരുടെ സഹായത്തോടെ വെട്ടിത്തെളിച്ച് വൃത്തിയാക്കിയിരുന്നു. ബാലരാമപുരം പഞ്ചായത്ത് പരിധിയിൽ വരുന്ന ഇറിഗേഷൻ വക ഭൂമിയിലാണ് പൂച്ചെടികളും കാടും വളർന്ന് നാട്ടുകാർക്ക് വെല്ലുവിളിയായിമാറിയിരിക്കുന്നത്. ആളൊഴിഞ്ഞ സ്ഥലമായതിനാൽ രാത്രികാലങ്ങളിൽ മദ്യപാനികളുടെ ശല്യവും വർദ്ധിച്ചിട്ടുണ്ട്.

ഇഴജന്തുക്കളും

വാർഡിലെ തൊഴിലുറപ്പ് ജീവനക്കാരെക്കൊണ്ട് കാട് വെട്ടിത്തെളിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഒന്നരമാസം മുൻപ് മുക്കമ്പാലമൂട് സ്വദേശിയായ മൂന്നാം ക്ലാസ് വിദ്യാർത്ഥിക്ക് ഇതുവഴി പോകവെ പാമ്പ് കടിയേറ്റിരുന്നു. ഉടൻ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി. പരിസരത്ത് സ്ഥാപിച്ചിട്ടുള്ള സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ച് മാലിന്യം കൊണ്ടിടുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

ആവശ്യങ്ങൾ ഏറെ

ഇറച്ചി വേസ്റ്റുകൾ രാത്രികാലങ്ങളിൽ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ കൊണ്ടിടുന്ന ഹോട്ടലുകൾക്കെതിരെ ആരോഗ്യവകുപ്പ് പരിശോധന ഊർജ്ജിതമാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. മഴക്കാലശുചീകരണപ്രവർത്തനങ്ങൾ വാർഡ് തലത്തിൽ നടന്നപ്പോഴും ഈ ഭാഗം ഒഴിവാക്കുകയായിരുന്നു. ശുചീകരണത്തിന് എൻ.ആർ.എച്ച്.എം ഫണ്ടും തദ്ദേശസ്വയംഭരണവകുപ്പ് അനുവദിക്കുന്ന ഫണ്ടും മഴക്കാലപൂർവ്വശുചീകരണത്തിന് മാത്രമാണ് അനുവദിക്കുന്നത്. ക്രീയാത്മകമായി സർക്കാർ ഫണ്ടുകൾ വിനിയോഗിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

Advertisement
Advertisement