പ്രതിഭയുടെ മടക്കം

Saturday 16 July 2022 12:00 AM IST

സാർവജനീനമായ ജീവിതവീക്ഷണവും, അതിനിണങ്ങിയ വ്യക്തിത്വവും ഒത്തുചേർന്നതായിരുന്നു പ്രതാപ് പോത്തനിലെ കലാകാരൻ. നടനായും സംവിധായകനായും സ്വന്തം കൈയ്യൊപ്പിട്ട പ്രതാപ് പോത്തൻ എഴുപതാം വയസ്സിൽ മടങ്ങുമ്പോൾ ഒരു കാര്യം ഉറപ്പിച്ചു പറയാം, ആർക്കും അനുകരിക്കാൻ പറ്റാത്തതായിരുന്നു സിനിമയോടുള്ള അദ്ദേഹത്തിന്റെ സമീപനവും, അഭിനയ ശൈലിയും.

തിരുവനന്തപുരത്തെ പ്രശസ്തവും സമ്പന്നവുമായ കുളത്തുങ്കൽ കുടുംബത്തിൽ പ്രമുഖ വ്യവസായി കുളത്തുങ്കൽ പോത്തന്റെ മകനായി ജനനം. സ്കൂൾ വിദ്യാഭ്യാസം ഊട്ടിയിലെ ലോറൻസ് സ്കൂളിലായിരുന്നു. മദ്രാസ് ക്രിസ്റ്റ്യൻ കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി പരസ്യക്കമ്പനിയിൽ പ്രവർത്തിക്കുമ്പോഴാണ് നാടകത്തിലൂടെ സിനിമയിലേക്കുള്ള വഴിതുറന്നത്. സ്വന്തമായി പരസ്യക്കമ്പനിയും നടത്തിയിരുന്നു. ചലച്ചിത്ര നിർമ്മാതാവ് ഹരിപോത്തൻ ജ്യേഷ്ഠനായിരുന്നു.

ഫ്ളാമ്പോയന്റ് എന്ന് ഇംഗ്ളീഷിൽ പറയാവുന്നതുപോലെ അലംകൃതമായ കമനീയത പ്രതാപ് പോത്തൻ ജീവിതത്തിലും സിനിമയിലും ഒരുപോലെ പ്രകടമാക്കി. പദ്മരാജന്റെ രചനയിൽ ഭരതൻ സംവിധാനം ചെയ്ത തകരയാണ് പ്രതാപ് പോത്തന് തുടക്കത്തിൽ വലിയ ജനപ്രീതി നൽകിയതെങ്കിലും ജോൺപോളിന്റെ തിരക്കഥയിൽ ഭരതൻ തന്നെ സംവിധാനം ചെയ്ത ചാമരത്തിലെ, അദ്ധ്യാപികയെ പ്രണയിച്ച ധനികനായ കോളേജ് വിദ്യാർത്ഥിയിലൂടെ പ്രതാപ് പോത്തൻ കാമ്പസുകളിലടക്കം തരംഗം സൃഷ്ടിച്ചു. നടനെന്ന നിലയിൽ അദ്ദേഹത്തിന്റെ റെയ്ഞ്ച് തിരിച്ചറിയാൻ ഈ രണ്ട് കഥാപാത്രങ്ങൾ മതിയാകും.1978 ൽ ആരവം എന്ന ചിത്രത്തിൽ പ്രതാപ് പോത്തനെ സിനിമയിൽ ആദ്യമായി അവതരിപ്പിച്ചതും ഭരതനായിരുന്നു. മദ്രാസ് പ്ളെയേഴ്സ് എന്ന നാടക ട്രൂപ്പിൽ ആധുനിക നാടകങ്ങൾ ചെയ്യുന്ന പ്രതാപ് സിനിമയ്ക്ക് പറ്റിയ മുഖമാണെന്ന് സുഹൃത്തുകൂടിയായ ഭരതൻ തിരിച്ചറിയുകയായിരുന്നു. തുടർന്ന് വ്യത്യസ്ത കഥാപാത്രങ്ങൾ മലയാളത്തിലും തമിഴിലും പ്രതാപിനെ തേടിയെത്തി. കെ.ബാലചന്ദർ, ബാലു മഹേന്ദ്ര, മഹേന്ദ്രൻ, പദ്മരാജൻ എന്നിവരുടെ ചിത്രങ്ങളിലെ പ്രതാപ് പോത്തന്റെ വേഷങ്ങൾ പ്രേക്ഷകർ ഒരിക്കലും മറക്കുമെന്ന് തോന്നുന്നില്ല. മലയാള സിനിമയുടെ വസന്തകാലമെന്ന് വിശേഷിപ്പിക്കപ്പെടുന്ന എൺപതുകളുടെ ഭാഗമായ പ്രതാപ് പോത്തൻ തമിഴകത്തെ നവതരംഗത്തിന്റെ ഒപ്പവും തിളക്കമാർന്ന സാന്നിദ്ധ്യമായി.

അഴിയാത്ത കോലങ്ങൾ, നെഞ്ചത്തെ കിള്ളാതെ, വരുമയിൻ നിറം ചുവപ്പ്, മധുമലർ, കാതൽ കഥൈ, തുടങ്ങിയ തമിഴ് ചിത്രങ്ങളും നവംബറിന്റെ നഷ്ടം, ലോറി, ഒന്നു മുതൽ പൂജ്യം വരെ തുടങ്ങി തന്മാത്ര വരെയുള്ള മലയാള ചിത്രങ്ങളും ശ്രദ്ധേയമായി. ആഷിക് അബുവിന്റെ 22 ഫീ മെയിൽ കോട്ടയം, ഇടുക്കി ഗോൾഡ് എന്നീ ചിത്രങ്ങളിലൂടെ നടനായി രണ്ടാംവരവ് നടത്തിയ പ്രതാപ് ഇപ്പോഴും സജീവമായിരുന്നു. സി.ബി.ഐ സീരീസിലെ ഏറ്റവും പുതിയ ചിത്രത്തിലും പ്രത്യക്ഷപ്പെട്ടിരുന്നു.

അഭിനയത്തിൽ നിന്ന് സംവിധായകനിലേക്കുള്ള പരിവർത്തനവും ആകർഷകമായിരുന്നു. എം.ടിയുടെ തിരക്കഥയിൽ ചെയ്ത ഋതുഭേദം, കമലഹാസൻ അഭിനയച്ച ഡെയ്സി, വെട്രിവിഴ, ശിവാജി ഗണേശനും മോഹൻലാലും ഒത്തഭിനയിച്ച ഒരു യാത്രാമൊഴി, ദേശീയ അംഗീകാരം കരസ്ഥമാക്കിയ മീണ്ടും ഒരു കാതൽ കഥൈ, തുടങ്ങി വിവിധ ഭാഷകളിൽ സംവിധായകനെന്ന

നിലയിലും പ്രതാപ് പോത്തൻ വ്യക്തിമുദ്ര പതിപ്പിച്ചു.

ഇംഗ്ളീഷ് ഭാഷയിലുള്ള പ്രാവീണ്യം പ്രതാപിനെ വായനയുടെ വലിയ ലോകത്തേക്കാണ് നയിച്ചത്. സാഹിത്യത്തിലെ നൂതന ചലനങ്ങൾപോലും നന്നായി ഗ്രഹിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന പ്രതാപ് പോത്തന്റെ ഒടുവിലത്തെ ചില പോസ്റ്റുകളിൽ മരണത്തെക്കുറിച്ച് ആംഗലേയ കവികളും ഗായകരും നടത്തിയിട്ടുള്ള പരാമർശങ്ങളുണ്ടായിരുന്നു. ഒരുപക്ഷേ മരണം അടുത്തെത്തിയതുപോലെ തോന്നിയിരിക്കാം. പ്രിയ സുഹൃത്ത് പദ്മരാജനെപ്പോലെ ഉറക്കത്തിൽ പ്രതാപ് പോത്തനും യാത്രയായിരിക്കുന്നു. ഒരു യാത്രാമൊഴി പോലും ചൊല്ലാതെ. ആദരാഞ്ജലികൾ.

Advertisement
Advertisement