തമിഴ്നാടിന്റെ കടന്നുവരവിൽ തളർന്ന് കയർമേഖല

Saturday 16 July 2022 12:08 AM IST
കയർമേഖല

ആലപ്പുഴ: കയറിനും ചകിരിക്കും വില കുറച്ചുള്ള തമിഴ്നാട് ലോബിയുടെ ഇടപെടൽ സംസ്ഥാനത്തെ കയർ വ്യവസായ സംഘങ്ങളെ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടു. കയർപിരി മേഖല നിശ്ചലമായതോടെ തൊഴിലാളികളുടെ ജീവിതം ദുരിതപൂർണമായി. കയർ കോർപ്പറേഷൻ വഴി സംഭരിച്ച കയർ ഭൂവസ്ത്രം,ചകിരിത്തടുക്ക്, ചവിട്ടി, കയർപായ് എന്നീ ഉത്പന്നങ്ങൾ കെട്ടിക്കിടക്കുകയാണ്.

40കോടി രൂപയുടെ കയറാണ് കയർഫെഡിൽ മാത്രം കെട്ടിക്കിടക്കുന്നത്. സ്വന്തം ഉടമസ്ഥതയിലുള്ള പത്തും വാടകയ്‌ക്കെടുത്ത 14 ഗോഡൗണുകളിലും കയർ നിറഞ്ഞതോടെ സംഘങ്ങളിൽ നിന്ന് കയർ സംഭരിക്കാൻ കയർഫെഡിന് കഴിയുന്നില്ല. ഇതോടെ സംഘങ്ങളിൽ 50 മുതൽ 200 ക്വിന്റൽ വരെ കയർ കെട്ടിക്കിടക്കുകയാണ്.

തമിഴ്നാടൻ കയർ കുറഞ്ഞ വിലയ്ക്കു ലഭിക്കുന്നതിനാൽ കയർഫെഡിൽ നിന്ന് കയർ വാങ്ങാൻ ചെറുകിട ഉത്പാദകരും കയറ്റുമതിക്കാരും തയ്യാറുകുന്നില്ല. പ്രതിസന്ധി മറികടക്കാൻ സർക്കാരിന്റെയും സംഘങ്ങളുടെയും സഹകരണം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് കയർഫെഡ് . സംസ്ഥാനത്ത് പതിനോന്ന് പ്രോജക്ടുകളിലായി 1,00,000 കയർപിരി തൊഴിലാളികളുണ്ട്. കായംകുളം കയർ പ്രോജക്ടിൽ 110 സംഘങ്ങളും 52,000ത്തോളം തൊഴിലാളികളുമാണുള്ളത് .

1,00,000 : സംസ്ഥാനത്ത് പതിനൊന്ന് പ്രോജക്ടുകളിലായി ഒരു ലക്ഷം തൊഴിലാളികൾ

തമിഴ്നാട് കയറിന് 32 രൂപ

കഴിഞ്ഞവർഷം ചകിരിവില കിലോഗ്രാമിന് 28രൂപയായിരുന്നു. അടിസ്ഥാന വില കിലോഗ്രാമിന് 22രൂപയായി കണക്കാക്കി വർദ്ധിക്കുന്ന വില സബ്സിഡിയായി സംഘങ്ങൾക്ക് കയർഫെഡ് നൽകിയിരുന്നു. ഇപ്പോൾ ഒന്നാംതരം ചകിരി കിലോയ്ക്ക് 14രൂപയും രണ്ടാംതരത്തിന് 11രൂപയുമാണ്. കയർഫെഡിന്റെ ഡിഫൈബറിംഗ് മില്ലുകളിൽ നിന്ന് ഗുണമേന്മയുള്ള ചകിരി 15രൂപയ്‌ക്ക് ലഭിക്കും. വില വർദ്ധനവുള്ളപ്പോൾ 160 റണ്ണേജിന്റെ ഒരുകിലോ കയർ 46രൂപയ്‌ക്കാണ് സംഘങ്ങളിൽ നിന്ന് കയർഫെഡ് സംഭരിച്ചിരുന്നത്. ഇതിന്റെ 15 ശതമാനം കുറച്ച് 39 രൂപയ്ക്ക് കയർഫെഡ് ചെറുകിടക്കാർക്കും കയറ്റുമതിക്കാർക്കും നൽകും. ഇപ്പോൾ തമിഴ്നാട്ടിൽ നിന്ന് കയർ കിലോഗ്രാമിന് 32രൂപയ്ക്ക് സംസ്ഥാനത്ത് എത്തുന്നുണ്ട്. 10 ടൺ വീതമുള്ള ഒൻപത് ലോഡ് കയർ പ്രതിദിനം തമിഴ്നാട്ടിൽ നിന്ന് എത്തുന്നതായാണ് കണക്ക്.

സംഘങ്ങൾ പ്രതിസന്ധിയിൽ

രണ്ട് മാസമായി കയർഫെഡ് കയർ സംഭരിക്കാത്തതിനാൽ സംഘങ്ങൾ ഉത്പാദനം കുറച്ചു. വരുമാനത്തിൽ കുറവുണ്ടാവുകയും തൊഴിലുറപ്പ് പദ്ധതി സജീവമാകുകയും ചെയ്‌തതോടെ കയർപിരി മേഖലയിൽ നിന്ന് തൊഴിലാളികൾ കൊഴിഞ്ഞു തുടങ്ങി. 2020-21വർഷത്തിൽ രണ്ട് കോടി രൂപയുടെ വിറ്റു വരവുണ്ടായിരുന്ന സംഘത്തിൽ 2021-22വർഷത്തിൽ ഒന്നേമുക്കാൽ കോടിയായി ചുരുങ്ങി. തൊഴിലാളികൾക്ക് കൂലി ഇനത്തിൽ നൽകേണ്ട സർക്കാർ വിഹിതം കൃത്യമായി ലഭിക്കുന്നുമില്ല. വാർഷിക വിറ്റുവരവിന്റെ പത്ത് ശതമാനമായി സംഘങ്ങൾക്ക് ലഭിക്കേണ്ട പ്രൊഡക്ഷൻ മാർക്കറ്റിംഗ് ഇൻസെന്റീവും (പി.എം.ഐ) ഭൂരിപക്ഷം സംഘങ്ങൾക്കും കുടിശ്ശികയാണ്.

"പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിനൊടൊപ്പം സഹകരണ സംഘങ്ങളുടെ സഹകരണവും അനിവാര്യമാണ്. അടിസ്ഥാന വിലയിൽ നിന്ന് കിലോഗ്രാമിന് ഏഴ് രൂപ കുറച്ചാണ് ചകിരി നൽകുന്നത്. ഈ തുകയുടെ പകുതി കയർ വിലയിൽ കുറക്കാൻ സംഘങ്ങൾ തയ്യാറാകണം.

- അഡ്വ.എൻ.സായികുമാർ, പ്രസിഡന്റ്, കയർഫെഡ്.

Advertisement
Advertisement