ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പ്: എൻ.ഡി.എയിൽ നഖ്‌വിക്ക് സാദ്ധ്യത

Saturday 16 July 2022 12:18 AM IST

ന്യൂഡൽഹി: ആഗസ്റ്റ് ആറിന് നടക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ

എൻ.ഡി.എ സ്ഥാനാർത്ഥിയായി ബി.ജെ.പിയുടെ മുസ്ളീം മുഖമായ മുൻ കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വിയെ പരിഗണിക്കുന്നതായി വിവരം. ജമ്മുകാശ്‌മീർ ലെഫ്. ഗവർണർ മനോജ് സിൻഹയുടെ പേരും പരിഗണനയിലുണ്ട്. സിൻഹയെ ഉപരാഷ്‌ട്രപതിയാക്കിയ ശേഷം നഖ്‌വിയെ ജമ്മുകാശ്‌മീർ ലെഫ്. ഗവർണർ ആക്കുമെന്നും പറഞ്ഞു കേൾക്കുന്നു. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗ് തുടങ്ങിയവരുടെ പേരുകളും ഉയരുന്നുണ്ട്.

രണ്ടു ദിവസത്തിനുള്ളിൽ ബി.ജെ.പി സ്ഥാനാർത്ഥിയാരെന്ന് തീരുമാനിക്കും. സ്ഥാനാർത്ഥി നിർണയത്തിനായി കോൺഗ്രസ് നേതൃത്വത്തിൽ പ്രതിപക്ഷ കക്ഷികൾ നാളെ യോഗം വിളിച്ചിട്ടുണ്ട്. ജൂലായ് 19നാണ് പത്രിക നൽകാനുള്ള അവസാന തിയതി.

വനിതാ ആദിവാസി നേതാവ് ദ്രൗപദി മുർമുവിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കിയതുപോലെ ബി.ജെ.പി അപ്രതീക്ഷിത നീക്കം നടത്തുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. മുർമുവിനെ സ്ഥാനാർത്ഥിയാക്കിതിലൂടെ പ്രതിപക്ഷ നിരയിൽ വിള്ളലുണ്ടാക്കാൻ എൻ.ഡി.എയ്ക്കായി.

ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയുടെ സഖ്യകക്ഷിയായ സുഹൽദേവ് ഭാരതീയ സമാജ്‌ പാർട്ടി (എസ്.ബി.എസ്.പി) ഇന്നലെ മുർമുവിന് പിന്തുണ പ്രഖ്യാപിച്ചു. പാർട്ടിക്ക് യു.പിയിൽ 6 എം.എൽ.എമാരുണ്ട്.

Advertisement
Advertisement