ശ്രീനാഥ് ഭാസിക്കെതിരെ അച്ചടക്ക നടപടിയ്ക്ക് സാദ്ധ്യത; ഉയരുന്നത് വലിയ പരാതികൾ, അമ്മയിൽ അംഗത്വമില്ലാത്തതും തിരിച്ചടിയായി
കൊച്ചി: യുവനടൻ ശ്രീനാഥ് ഭാസിക്കെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ഫിലിം ചേംബർ. ഷൂട്ടിംഗ് ലൊക്കേഷനുകളിൽ കൃത്യസമയത്ത് എത്തുന്നില്ലെന്നും നിർമാതാക്കൾക്ക് വലിയ നഷ്ടം ഉണ്ടാക്കുന്നുവെന്നും പരാതി ഉയർന്നതിനെത്തുടർന്നാണ് നടപടി. ഇന്നുനടന്ന ഫിലിം ചേംബർ യോഗത്തിലാണ് തീരുമാനം.
നടപടിയുമായി ബന്ധപ്പെട്ട് അടുത്ത ദിവസം ശ്രീനാഥ് ഭാസി ചേംബറിലെത്തി കാര്യങ്ങൾ ബോധ്യപ്പെടുത്തണം. ശ്രീനാഥിന് താരസംഘടനയായ അമ്മയിൽ അംഗത്വമില്ല. ഇതിനാലാണ് താരത്തിനെതിരെ നടപടിയെടുക്കാൻ ഫിലിം ചേംബർ മുൻകയ്യെടുക്കുന്നത്. ഇനിയുള്ള സിനിമകളിൽ അഭിനയിക്കുന്നതിന് മുൻപായി ചേംബറുമായി ആലോചിക്കണമെന്നും നിർദേശമുണ്ട്.
നടൻമാർ പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവുമാരെ മാനേജറായി നിയമിക്കുന്നത് ഇനി അനുവദിക്കില്ലെന്നും ഫിലിം ചേംബർ യോഗത്തിൽ തീരുമാനമായി. അമ്മയുടെ പ്രസിഡന്റ് മോഹൻലാലിന്റെ സാന്നിദ്ധ്യത്തിൽ അടുത്ത മാസം ചേരുന്ന ചേംബർ യോഗത്തിൽ താരങ്ങളുടെ ശമ്പളം കുറയ്ക്കുന്ന കാര്യത്തിൽ തീരുമാനമാകുമെന്ന് സംഘടന അറിയിച്ചു.