മുല്ലപ്പൂവേ, ക്ഷമിക്കൂ, ഇത്തിരിനേരം

Sunday 17 July 2022 6:00 AM IST

കണക്ക് നൂലാമാലയും ഹിന്ദി തലവേദനയുമായിരുന്നു, സൗമ്യയ്ക്ക്. ഒൻപതാം ക്ളാസിലെത്തുന്നതുവരെ. ഒൻപതിൽ കണക്കിന് സത്യനാഥ് മാഷും ഹിന്ദിക്ക് രേണുക ടീച്ചറും വന്നതോടെ വെറുപ്പും പുകച്ചിലും മാറി ഇഷ്ടവിഷയങ്ങളായി അവ.

സൗമ്യനും സുമുഖനുമായ സത്യൻ. കോട്ടൺ സാരി ഞൊറിഞ്ഞുടുത്തു വരുന്ന ചന്തമുള്ള രേണുക. രണ്ടുപേരും സ്കൂളിൽ ആ വർഷം വന്നുചേർന്നവരാണ്.

ഞായറാഴ്‌ച സൗമ്യയുടെ പതിനഞ്ചാം പിറന്നാളാണ്.

മറ്റാരുമറിയാതെ അവൾ മാഷിനേയും ടീച്ചറേയും ഉച്ചയൂണിന് ക്ഷണിച്ചു.

മധുരപലഹാരങ്ങളുമായാണ് മാഷ് എത്തിയത്. ടീച്ചർ സമ്മാനിച്ചത് പാവാടയുടേയും ബ്ളൗസിന്റേയും തുണി.

അതിഥികൾക്കു നാരങ്ങാനീര് നൽകിയതിന് ശേഷം അമ്മ അടുക്കളയിലേക്ക് പോയി. ഭിത്തിയിൽ പതിച്ച അച്ഛന്റെ ചിത്രം ചൂണ്ടിക്കാട്ടി സൗമ്യ.

തെല്ലുനേരം.

ടീച്ചറിന്റേയും മാഷിന്റേയും നോട്ടത്തിലെ മമത അവൾ തിരിച്ചറിഞ്ഞു.

'ഞാനൊരു കാര്യം ചോദിച്ചോട്ടെ?" അവളുടെ സ്വരത്തിൽ കുസൃതി.

ആ ചോദ്യം കേൾക്കാൻ അവർക്ക് ധൃതിയായി.

'കുട്ടികളെല്ലാം പറയുന്നു, മാഷും ടീച്ചറും ഇഷ്ടത്തിലാണെന്ന്. ശരിയാണോ?"

ഒരു വിസ്‌മയത്തിന്റെ ആഹ്ളാദം അവരിൽ പുഞ്ചിരിയായി.

എത്രയോ നാളായി പരസ്പരം പറയാൻ വെമ്പിയ സ്വകാര്യം. എങ്ങനെ പറയുമെന്ന പരിഭ്രമത്തിൽ മാറ്റിവച്ച സത്യം.

അവരുടെ തിളങ്ങുന്ന മിഴികൾ അവൾക്കുത്തരം നൽകി.

സദ്യ വിളമ്പുമ്പോൾ അമ്മ ചോദിച്ചു 'എന്നാ നിങ്ങൾ സദ്യ തരുന്നത്?"

രേണുകയുടെ കവിൾത്തടം നാണത്താൽ ചുവന്നു. ആ ചുവപ്പിൽ മാഷിന്റെ ആഹ്ളാദം തൊട്ടു.

ഉൗണുകഴിഞ്ഞ് സൗമ്യ അവരെ പറമ്പിലേക്ക് കൂട്ടിക്കൊണ്ടുപോയി.

നിറയെ മരങ്ങൾ. പൂക്കൾ. പൂത്തുമ്പികൾ.

ചില്ലകൾ പടർന്ന മാവിനരികിലെത്തിയപ്പോൾ സൗമ്യ പറഞ്ഞു.

'ഞാനിപ്പോ വരാം",

പൂത്ത മുല്ലയ്ക്കരിലേക്കാണ് അവളോടിയത്. മറ്റാരുമില്ലാതെ അവർക്കായി അല്പനേരം സമ്മാനിക്കാനാണ് അവൾ മാറി നിന്നത്.

ടീച്ചറിന്റെ നീണ്ട മുടിയിൽ ചൂടിക്കാൻ അവൾ പൂക്കളിറുത്തു.

അവൾ കണ്ടു; മാഞ്ചുവട്ടിൽ ടീച്ചറിന്റെ ചുമലിൽ മെല്ലെ തൊടുന്ന മാഷ്.

ആദ്യത്തെ ചുംബനത്തിൽ തഴുകി ഇളം കാറ്റ് പ്രണയമധുരമായി കുറുനിരകളെ ഇളക്കിയപ്പോൾ സൗമ്യ മിഴിപൂട്ടി, മന്ത്രിച്ചു.

മുല്ലപ്പൂവേ, ക്ഷമിക്കൂ, ഇത്തിരിനേരം.

Advertisement
Advertisement