പർബതി ഗിരി

Sunday 17 July 2022 12:00 AM IST

ബ്രിട്ടീഷ് സർക്കാരിനെതിരെ പോരാടാൻ പതിനൊന്നാം വയസിൽ പഠനമുപേക്ഷിച്ച് സമരമുഖത്തേക്കെത്തിയ പെൺകുട്ടി. പതിനാറാം വയസിൽ ക്വിറ്റ് ഇന്ത്യ സമരത്തിൽ സജീവപ്രവർത്തക. ബ്രിട്ടീഷുകാർക്കെതിരെയുള്ള സമരങ്ങൾക്കും റാലികൾക്കും നേതൃത്വം നൽകിയ പർബതിഗിരി നിരവധി തവണ ശിക്ഷിക്കപ്പെട്ടു. സ്വാശ്രയത്തിന്റെയും അഹിംസയുടെയും പ്രചാരകയായ പർബതിഗിരി പടിഞ്ഞാറൻ ഒഡീഷയിലെ മദർ തെരേസ എന്നറിയപ്പെടുന്നു.

1926 ജനുവരി 19 ന് ഒഡീഷയിലെ സംബാൽപൂരിൽ സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബത്തിൽ ജനനം. ഗാന്ധിയൻ തത്വചിന്തകളെയും അമ്മാവനായ പ്രമുഖ കോൺഗ്രസ് നേതാവ് രാമചന്ദ്രഗിരിയുടെ പ്രവർത്തനങ്ങളെയും പിന്തുടർന്ന് സ്വാതന്ത്ര്യ സമരരംഗത്തേക്ക്. കോൺഗ്രസ് പ്രസ്ഥാനത്തിനു വേണ്ടി പ്രവർത്തിച്ചു. പതിനൊന്നാം വയസിൽ തന്നെ സ്വാതന്ത്ര്യസമര സമ്മേളനങ്ങളിലും സംവാദങ്ങളിലും പങ്കെടുക്കുകയും നിരവധി ആശ്രമങ്ങൾ സന്ദർശിക്കുകയും ചെയ്തു. ഗ്രാമങ്ങൾ തോറും സഞ്ചരിച്ച് സ്വാതന്ത്ര്യ സമരത്തെക്കുറിച്ചുള്ള അവബോധം വളർത്താനും ഗ്രാമീണരെ നെയ്ത്തു പഠിപ്പിക്കാനും ശ്രമിച്ചു. ഗാന്ധിജിയുടെ ഖാദി പ്രസ്ഥാനത്തിനായി ഗ്രാമീണരെ അണിനിരത്തുകയും ചർക്കയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം നൽകുകയും ചെയ്തു. ജനങ്ങൾ ബ്രിട്ടീഷുകാരുമായി യാതൊരുതരത്തിലും സഹകരിക്കരുതെന്ന് ആഹ്വാനം ചെയ്തു.

ക്വിറ്റ് ഇന്ത്യാ സമരകാലത്ത് നിരവധി തവണ തടവുശിക്ഷ അനുഭവിച്ചു. സർക്കാർവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി ബാർഗാറിലെ എസ്.ഡി.ഒ ഓഫീസിലേയ്ക്ക് ഇരച്ചുകയറി. മജിസ്ട്രേറ്റിന്റെ മുറിയിൽ അതിക്രമിച്ചു കയറിയതിനും അദ്ദേഹത്തിനെതിരെ പ്രവ‌ർത്തിച്ചതിനും രണ്ടുവർഷം തടവുശിക്ഷ. സ്വാതന്ത്ര്യാനന്തരം സാമൂഹ്യ പ്രവർത്തനങ്ങളിൽ മുഴുകി. 1995 ആഗസ്റ്റ് 17 ന് അന്തരിച്ചു.

സംബാൽപൂർ സർവകലാശാല ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു. പർബതി ഗിരിയോടുള്ള ആദരസൂചകമായി ഒഡീഷ സർക്കാരിന്റെ മെഗാ ജലസേചനപദ്ധതിക്ക് പർബതി ഗിരി എന്ന പേര് നൽകി.

Advertisement
Advertisement