പ്രണയബന്ധവും പീഡനക്കുറ്റവും

Sunday 17 July 2022 12:00 AM IST

ഒരുകാലത്ത് ചിന്തിക്കാൻ കഴിയാത്തതാവും മറ്റൊരു കാലഘട്ടത്തിൽ സാധാരണ കാര്യമായി മാറുന്നത്. വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുക എന്നത് പഴയകാലത്ത് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല. ഇന്നാകട്ടെ അങ്ങനെ നിരവധിപേർ ഒരുമിച്ച് കഴിയുന്നുണ്ട്. അതൊരു സദാചാരക്കുറ്റമായൊന്നും വിലയിരുത്താറില്ല. നിയമങ്ങൾക്കും മറ്റും രൂപംനൽകുമ്പോൾ ഇങ്ങനെയുള്ള മാറ്റങ്ങൾ ഭാവിയിലുണ്ടാകുമെന്ന് മുൻകൂട്ടിക്കണ്ട് വകുപ്പുകൾ ചേർക്കുക അസാദ്ധ്യമാണ്. കാലഘട്ടത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് നിയമങ്ങളിലും അതിന്റെ പ്രയോഗത്തിലും മാറ്റം ആവശ്യമാണ്. ഇല്ലെങ്കിൽ നിയമവ്യവസ്ഥയെ ദുരുപയോഗം ചെയ്യാൻ പലരും ശ്രമിക്കും. കടുത്ത ശിക്ഷാവ്യവസ്ഥകളുള്ള വകുപ്പുകൾ എതിർകക്ഷിയുടെ മേൽ അടിച്ചേല്പിക്കാനുള്ള ഒരവസരവും അഭിഭാഷകർ കളയാറില്ല. ഒരു സ്‌ത്രീയെ പീഡിപ്പിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. എന്നാൽ പ്രായപൂർത്തിയായവരുടെ ഉഭയകക്ഷി സമ്മതത്തോടെയുള്ള ബന്ധങ്ങളെ ഗുരുതരമായ കുറ്റമായി വീക്ഷിക്കുന്നതും നടപടികളെടുക്കുന്നതും ഒരിക്കലും ന്യായീകരിക്കാവുന്നതല്ല. വർഷങ്ങളോളം ഒരുമിച്ച് ജീവിച്ചശേഷം പ്രണയബന്ധത്തിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ പീഡനക്കുറ്റം ആരോപിക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് കഴിഞ്ഞദിവസം സുപ്രീംകോടതി ഒരു കേസിൽ അഭിപ്രായം പ്രകടിപ്പിച്ചത് മാറിയ കാലഘട്ടത്തെ ഉൾക്കൊള്ളുന്ന ശ്രദ്ധേയമായ നിരീക്ഷണമാണ്.

നാലുവർഷം ഒന്നിച്ച് താമസിച്ച് ഒരു കുട്ടിയുണ്ടായ ശേഷം, വിവാഹ വാഗ്ദാനം പാലിച്ചില്ലെന്ന് കാട്ടി യുവതി നൽകിയ പീഡന പരാതിയിൽ രാജസ്ഥാൻ സ്വദേശിക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധിയിലാണ് ജസ്റ്റിസ് ഹേമന്ത് ഗുപ്ത, ജസ്റ്റിസ് വിക്രംനാഥ് എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം. യുവാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ രാജസ്ഥാൻ ഹൈക്കോടതി ഉത്തരവും സുപ്രീംകോടതി റദ്ദാക്കി.

''വിവാഹിതയായ പരാതിക്കാരി ഈ ബന്ധം സ്വന്തം ഇഷ്ടപ്രകാരം തുടങ്ങിയതാണ്. അന്നവർക്ക് 21 വയസായിരുന്നു. നാല് വർഷത്തിനുശേഷം ബന്ധം തകർന്നപ്പോൾ സെക്‌ഷൻ 376 (2) (എൻ) പ്രകാരം പീഡനക്കുറ്റത്തിന് എഫ്.ഐ.ആർ ഇടുന്നതിന് ഒരു അടിസ്ഥാനവുമില്ല" - മുൻകൂർ ജാമ്യം അനുവദിക്കാൻ അടിസ്ഥാനമായി കോടതി ഈ അഭിപ്രായമാണ് രേഖപ്പെടുത്തിയത്. കേസന്വേഷണത്തെ ഈ അഭിപ്രായം സ്വാധീനിക്കരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. രാജസ്ഥാൻ ഹൈക്കോടതി വിധിക്കെതിരെ യുവാവ് നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. സമാനമായ കേസുകൾ രാജ്യത്ത് വിവിധ കോടതികളിൽ രജിസ്റ്റർ ചെയ്യപ്പെടുന്നതിനാൽ സുപ്രീംകോടതിയുടെ നിരീക്ഷണത്തിന് കൂടുതൽ പ്രസക്തിയുണ്ട്. പരാതി ലഭിച്ചാൽ പ്രാഥമിക അന്വേഷണം പോലും നടത്താതെ ജാമ്യം ലഭിക്കാതിരിക്കാനുള്ള കടുത്ത വകുപ്പുകൾ ചാർത്തി എഫ്.ഐ.ആർ ഇടുന്ന രീതി പൊലീസിൽ നിലനിൽക്കുന്നുണ്ട്. കേസിൽ വാദിയും പ്രതിയും പറയുന്നത് മുഴുവൻ സത്യമാകണമെന്നില്ല. മുഴുവനും കള്ളമാകണമെന്നുമില്ല. സത്യസന്ധമായി പ്രാഥമികാന്വേഷണം നടത്തി പീഡനം തന്നെയാണോ അതല്ല കക്ഷികൾ തമ്മിൽ സുഹൃത്ത് ബന്ധം തുടർന്നിരുന്നോ എന്നൊക്കെ കണ്ടെത്തേണ്ടത് പൊലീസാണ്. ഇത്തരം പരാതികൾ അവസരമാക്കി നിയമ വ്യവസ്ഥയെ ദുരുപയോഗം ചെയ്യുന്ന പ്രവണത തടയപ്പെടേണ്ടതാണ്. സുപ്രീംകോടതിയുടെ നിരീക്ഷണം വരുന്നതിന് ഒരാഴ്ചമുമ്പ് സമാനമായ നിരീക്ഷണം കേരള ഹൈക്കോടതിയും നടത്തിയിരുന്നു. നിയമത്തിന്റെ വകുപ്പുകൾക്കപ്പുറം പരാതിയുടെ സാഹചര്യം കൂടി വിലയിരുത്തുമ്പോൾ മാത്രമേ നീതി ശരിയായ അർത്ഥത്തിൽ നടപ്പിലാവൂ. ഇക്കാര്യത്തിൽ പൊലീസും കോടതികളും കൂടുതൽ ജാഗ്രത പുലർത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പീഡനത്തിന് ഇരയായവർക്ക് മാത്രമാണ് നീതിയുടെ എല്ലാ സംരക്ഷണവും ആനുകൂല്യങ്ങളും ലഭിക്കേണ്ടത്. വ്യാജപരാതിക്കാർക്കല്ല.

Advertisement
Advertisement