നാട്ടുകൂട്ടം പറയും പയ്യാവൂരിന് വേണ്ടുന്നത് പ്രഖ്യാപനം ആഗസ്റ്റിൽ

Saturday 16 July 2022 11:31 PM IST

പയ്യാവൂർ :'നാട്ടുകൂട്ടങ്ങളുടെ' നാടാകാനൊരുങ്ങുകയാണ് പയ്യാവൂർ. പഴയ കാലത്തേക്കുള്ള തിരിച്ചുപോക്കാണെന്ന് തോന്നുമെങ്കിലും കൃത്യമായ ലക്ഷ്യത്തോടെ ഇവിടെ പുതിയ നാട്ടുകൂട്ടങ്ങളുടെ പ്രവർത്തനം.

സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതിയുടെ പ്രഖ്യാപനം ആഗസ്റ്റിൽ നടക്കും. അടിയന്തര ആവശ്യങ്ങൾ ദ്രുതഗതിയിൽ നടപ്പാക്കുക, പഞ്ചായത്ത് തലത്തിൽ നടത്തുന്ന പദ്ധതികൾ കൂടുതൽ കാര്യക്ഷമമായി ജനങ്ങളിലേക്ക് എത്തിക്കുക, ഗ്രാമസഭയിലെ പ്രാതിനിധ്യം വർദ്ധിപ്പിക്കുക, പഞ്ചായത്തിൽ വിവരശേഖരണം നടത്തി അത് ഡിജിറ്റലൈസ് ചെയ്യുക എന്നിവയാണ് ലക്ഷ്യങ്ങൾ. ഡിസംബറോടെ തുടങ്ങിയ നാട്ടുകൂട്ടങ്ങളുടെ രൂപീകരണം പൂർത്തിയായി.

16 വാർഡുകൾ, 209 നാട്ടുകൂട്ടങ്ങൾ

പഞ്ചായത്തിലെ 16 വാർഡുകളിലായി 209 നാട്ടുകൂട്ടങ്ങളാണുള്ളത്. ഒരു നാട്ടുകൂട്ടത്തിൽ 30 വീടുകളാണ് . പത്തു മുതൽ 15 നാട്ടുകൂട്ടം വരെയുള്ള വാർഡുകൾ പഞ്ചായത്തിലുണ്ട്. വാർഡ് മെമ്പർമാർക്കാണ് ഇവയുടെ ചുമതല. ഇതിനായി വാട്‌സാപ്പ് ഗ്രൂപ്പുകളും തുടങ്ങിയിട്ടുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന വികസനം, കുടിവെള്ളം, ശുചിത്വം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ സുതാര്യത ഉറപ്പ് വരുത്താൻ ഇതുവഴി സാധിക്കും. തരിശുഭൂമികളുടെ എണ്ണം, ഭിന്നശേഷിക്കാർ, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ, ചികിത്സിക്കുന്ന സ്ഥലം, പാലിയേറ്റീവ് രോഗികൾ, നടപ്പാതകൾ, ശൗചാലയങ്ങൾ, മാലിന്യ സംസ്‌കരണം, ഹരിത കർമ്മ സേന, വാക്‌സിനേഷൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട 25 ചോദ്യങ്ങളുമായുള്ള വിവരശേഖരണത്തോടെയാണ് ഇവയുടെ പ്രവർത്തനം തുടങ്ങുന്നത്. പഞ്ചായത്ത് അംഗങ്ങൾക്കും ആശാ വർക്കർമാർക്കുമാണ് വിവര ശേഖരണത്തിന്റെ ചുമതല.

ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആരോഗ്യ, ഭൗതിക, സാംസ്‌കാരിക, സാമ്പത്തിക സാഹചര്യം മെച്ചപ്പെടുത്താനുള്ള നൂതന പദ്ധതികൾ പഞ്ചായത്ത് ആസൂത്രണം ചെയ്യുന്നത്-

സാജു സേവ്യർ, പഞ്ചായത്ത് പ്രസിഡന്റ്

Advertisement
Advertisement