സഞ്ചാരികളെ ആകർഷിച്ച് മീൻമൂട്ടി

Monday 18 July 2022 1:21 AM IST

കിളിമാനൂർ: സഞ്ചാരികളുടെ ഹൃദയം കവർന്ന് മീൻമൂട്ടി. കിളിമാനൂർ സംസ്ഥാന പാതയിൽ നിന്ന് ആറ് കിലോമീറ്റർ സഞ്ചരിച്ചാൽ കുമ്മിൾ, പഴയകുന്നുമ്മൽ പഞ്ചായത്തുകൾക്ക് അതിരുകളിൽ ഇരുന്നൂട്ടി എന്ന ഗ്രാമത്തിലാണ് മീൻമുട്ടി സ്ഥിതി ചെയ്യുന്നത്.

കണ്ണീർ പോലെ ശുദ്ധമായ കാട്ടരുവി ഇവിടെ പാറക്കെട്ടുകൾക്ക് മുകളിലൂടെ 50 അടിയോളം താഴ്ചയിലേക്ക് പതിക്കുന്ന ദൃശ്യ മനോഹര കാഴ്ച ഏതൊരു വിനോദ സഞ്ചാരിയുടെയും മനം കുളിർപ്പിക്കും. വെള്ളച്ചാട്ടത്തിന്റെ ഹുങ്കാര ശബ്ദത്തിന് സംഗീതത്തിന്റെ താളലയഭംഗി മാത്രമല്ല ഇതിൽ നിന്നും ഉയരുന്ന ജലകണങ്ങൾ വേനലിൽ പോലും സഞ്ചാരികൾക്ക് കുളിർമ്മയേകുകയും ചെയ്യും. വെള്ളച്ചാട്ടത്തിന് താഴെ മീനുകൾ പാറകളിൽ മുട്ടിയുരുമ്മി നിൽക്കുന്ന കാഴ്ചയും ഇവിടെ കാണാം. അതു കൊണ്ടാണത്രെ മീൻമുട്ടിയെന്ന് വെള്ളച്ചാട്ടത്തിന് പേര് ലഭിച്ചത്.

ചരിത്രം

ശിവഗിരിക്കോ, അരുവിപ്പുറത്തിന്റെയോ പ്രാധാന്യം അർഹിക്കുന്ന ഒരിടമായി മാറിയേനെ അധികൃതർ ശ്രദ്ധിച്ചെങ്കിൽ മീൻമുട്ടിയും. 1071ൽ ഗുരു ഇവിടെ സന്ദർശിക്കുകയും മൂന്ന് ദിവസം ഇവിടെ ധ്യാനനിരതനായി ഇരിക്കുകയും ചെയ്തതായി ചരിത്ര രേഖകളിൽ കാണുന്നു. ജാതീയ ഉച്ചനീചത്വങ്ങൾ കൊടുമ്പിരിക്കൊണ്ടിരുന്ന അക്കാലത്ത് അവർണ സവർണ ഭേദങ്ങൾ രൂക്ഷമല്ലാതിരുന്ന പ്രദേശമായിരുന്നത്രേ മീൻമൂട്ടി. അക്കാരണത്താലാകാം ഗുരു ധ്യാനത്തിനായി ഇവിടെ തിരഞ്ഞെടുത്തതെന്നും മിശ്രഭോജനം നടത്തിയതെന്നും പഴമക്കാർ പറയുന്നു. ഇവിടുള്ള പാറമുകളിൽ ഇരുന്ന് ജാതീയ വേർതിരിവില്ലാതെ നാട്ടുകാരെ ഊട്ടിയതിനാലാണ് ഗ്രാമത്തിന് ഇരുന്നൂട്ടിയെന്ന സ്ഥലനാമത്തിന് കാരണമായത്. കൊല്ലവർഷം 1118ൽ ഇവിടെ രൂപീകരിച്ച ശ്രീചിത്രാവ്രത സമാജത്തിന്റെ രേഖകളിൽ ഗുരുവിന്റെ സന്ദർശനവും മറ്റും രേഖപ്പെടുത്തിയിട്ടുണ്ട്.

സഞ്ചാരികളെ ആകർഷിക്കും

വെള്ളച്ചാട്ടത്തിന് ഉള്ളിലായി പാറക്കെട്ടിനിടയിലുള്ള ഗുഹയും സഞ്ചാരികളെ ആകർഷിക്കുന്നു. ദിവസേന നൂറുകണക്കിന് ആളുകൾ എത്തുകയും വർഷത്തിൽ കർക്കടകവാവിന് ആയിരങ്ങൾ എത്തുന്ന ഇവിടെ സമീപകാലത്ത് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിസിലിന്റെ ആഭിമുഖ്യത്തിൽ 35 ലക്ഷം രൂപ മുടക്കി നവീകരണ പ്രവർത്തനങ്ങൾ നടത്തിയതൊഴിച്ചാൽ വിനോദ സഞ്ചാരികൾക്കോ ശ്രീനാരായണ ഗുരുഭക്തർക്കായോ ഒന്നും തന്നെ ചെയ്തിട്ടില്ലെന്നാണ് ആക്ഷേപം.

Advertisement
Advertisement