കാത്തിരിപ്പിന്റെ 75 വർഷങ്ങൾ, പാകിസ്ഥാനിലെ തറവാട്ടിലെത്തി ഇന്ത്യൻ മുത്തശ്ശി

Monday 18 July 2022 12:35 AM IST

ഇസ്ളാമാബാദ്: കണ്ണടയ്ക്കും മുമ്പ് ഒരുവട്ടം കൂടിയെൻ തറവാട്ടിലെത്തണം. കുഞ്ഞിക്കാലുകൾ പിച്ചവച്ച മണ്ണിലൂടെ നടക്കണം. ഓർമ്മകൾ മേയുന്ന കുടുംബവീട്ടിൽ ഒരിക്കൽ കൂടി അന്തിയുറങ്ങണം. ബാല്യകാല സുഹൃത്തുക്കളെയും അയൽക്കാരെയും കാണണം. വിശേഷങ്ങൾ പങ്കുവയ്ക്കണം... കഴിഞ്ഞ 75 വർഷമായി റീന ഛിബ്ബർ മനസിൽ താലോലിച്ച സ്വപ്നമാണിത്. 92-ാം വയസിൽ അത് യാഥാർത്ഥ്യമായതിന്റെ സന്തോഷത്തിലാണ് ഈ മുത്തശ്ശി.

സ്വന്തം തറവാട്ടിൽ പോകുന്നതിന് ഇത്ര പ്രശ്നമെന്താണെന്നാണോ ചിന്തിച്ചത്. റീനയുടെ തറവാട് പാകിസ്ഥാനിലാണെന്നതാണ് കാര്യം.

1947ലെ ഇന്ത്യാ- പാക് വിഭജനത്തെ തുടർന്നാണ് ജനിച്ചുവളർന്ന കുടുംബ വീട് വിട്ട് റീന ഇന്ത്യയിലെത്തിയത്.

അന്ന് റീനയ്ക്ക് 15 വയസാണ് പ്രായം. അന്ന് മുതൽ താലോലിച്ച് സ്വപ്നമാണ് ഇന്ത്യ-പാക് സർക്കാരുകളുടെ സംയുക്ത ഇടപെടലിലൂടെ യാഥാർത്ഥ്യമായത്. പലതവണ പാകിസ്ഥാനിലേക്ക് പോകാൻ ശ്രമിച്ചെങ്കിലും നടന്നില്ല. 1965ൽ സ്പെഷ്യൽ പാസ്‌പോർട്ട് ലഭിച്ചെങ്കിലും ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് അനുമതി ലഭിച്ചില്ല. കഴിഞ്ഞ ദിവസം വാഗാ അട്ടാരി അതിർത്തി കടന്ന് പാകിസ്ഥാനിലെ റാവൽപിണ്ടിയിലുള്ള കുടുംബ വീടായ പ്രേം നിവാസിൽ റീന എത്തി. പാകിസ്ഥാനി ഹൈക്കമ്മിഷൻ റീനയ്ക്ക് മൂന്ന് മാസത്തെ വിസ നൽകിയിരുന്നു.

തനിക്കും സഹോദരങ്ങൾക്കും മുസ്ളീങ്ങൾ ഉൾപ്പെടെ എല്ലാ വിഭാഗത്തിലുംപെട്ട സുഹ‌ൃത്തുകൾ ഉണ്ടായിരുന്നെന്നും അവരെല്ലാം തന്റെ കുടുംബത്തിന്റെ ഭാഗമായിരുന്നെന്നും റീന ഓർത്തെടുത്തു.

Advertisement
Advertisement