വിദ്യാർത്ഥികൾ പനിക്കിടക്കയിൽ; സ്കൂളുകളിൽ ഹാജർ നില കുറവ്

Monday 18 July 2022 1:26 AM IST

ആലപ്പുഴ: സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ വൈറൽ പനി വ്യാപകമായതോടെ, സ്കൂളുകളിലെ ഹാജർ നിലയിൽ ഇടിവ്. ഡെങ്കിയും എലിപ്പനിയും ഉൾപ്പടെ ജില്ലയിൽ ശക്തിപ്രാപിക്കുകയാണ്. ആരോഗ്യ വകുപ്പിനോ, വിദ്യാഭ്യാസ വകുപ്പിനോ ഔദ്യോഗികമായ കണക്കില്ലെങ്കിലും ഓരോ ക്ലാസിലും കാൽഭാഗം വരെ കുട്ടികൾ പനി കാരണം സ്ഥിരമായി അവധിയെടുക്കുകയാണെന്നാണ് വിവരം. പനി വിട്ടുമാറിയാലും ചുമയും ക്ഷീണവും ദിവസങ്ങളോളം നീണ്ടുനിൽക്കുന്നതാണ് അവധിയുടെ ദൈർഘ്യം കൂടാൻ കാരണം. ആശുപത്രികളിലും പ്രതിദിനം ഒ.പി രോഗികളുടെ എണ്ണവും കൂടുകയാണ്. ശരാശരി അഞ്ഞൂറോളം പേരാണ് ഓരോ ദിവസവും ജില്ലയിൽ പനിയ്ക്ക് ചികിത്സ തേടിയെത്തുന്നത്. ഇവരിൽ കുട്ടികളുടെ എണ്ണവും കൂടുതലാണ്. നേരിയ ലക്ഷണങ്ങൾ അവഗണിച്ച് സ്കൂളിലെത്തുന്ന വിദ്യാർത്ഥികൾക്ക് ക്ലാസിനിടെ ക്ഷീണവും അവശതയും വർദ്ധിച്ച് വീട്ടിലേക്ക് തിരിച്ച് പോകേണ്ടിവരുന്ന സ്ഥിതിയുമുണ്ടാകുന്നു.

അദ്ധ്യാപകരും കിടപ്പിലാണ്

വിദ്യാർത്ഥികളെ പോലെ തന്നെ അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കുമിടയിലും പനി പകരുന്നുണ്ട്. രോഗ ലക്ഷണങ്ങളുള്ള കുട്ടികൾ ക്ലാസിൽ വരരുതെന്ന നിർദ്ദേശം സ്കൂൾ അധികൃതർ നൽകുന്നുണ്ട്. ശാരീരിക ക്ഷീണത്തെ തുടർന്ന് അദ്ധ്യാപകരും അവധിയെടുക്കുന്ന അവസ്ഥയാണ്. മുൻ വർഷങ്ങളിലേത് പോലെ സുഖമില്ലാത്തവർക്ക് വീടുകളിലിരുന്ന് ക്ലാസ് കേൾക്കാനുള്ള ഓൺലൈൻ സംവിധാനമോ വർക്ക് ഫ്രം ഹോം സംവിധാനമോ നിലവിൽ ഇല്ല. ഇതോടെ നീണ്ട അവധിയെടുക്കുന്നവർക്ക് ക്ലാസുകൾ നഷ്ടപ്പെടും.

...........................................

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ

ജില്ലയിലെ രോഗ ബാധിതർ

വൈറൽ പനി : 2667

ഡെങ്കി :17

എലിപ്പനി: 13

കൊവിഡ് : 521

...............................................

കുട്ടികളിൽ വൈറൽപ്പനി വ്യാപകമായി പടരുന്നുണ്ട്. ഏതെങ്കിലും രോഗ ലക്ഷണമുള്ളവർ സ്കൂളിൽ എത്തേണ്ടതില്ലെന്ന് നേരത്തെ അറിയിച്ചിട്ടുണ്ട്. അതിനാൽ കൂടിയാണ് ഹാജർ നില കുറയുന്നത്. പൂർത്തിയാക്കാനുള്ള നോട്ടുകൾക്ക് സമയം അനുവദിക്കും. ലക്ഷണങ്ങൾ അവഗണിച്ച് കുട്ടികളെത്തിയാൽ പനി വ്യാപകമായി പടരാൻ ഇടയാക്കും. ആരോഗ്യം പൂർണമായി വീണ്ടെടുക്കുകയാണ് പ്രധാനം.

പ്രഥമാദ്ധ്യാപകർ

Advertisement
Advertisement