ശ്രീലങ്ക : 100 ദിനങ്ങൾ പിന്നിട്ട് പ്രക്ഷോഭം

Monday 18 July 2022 4:15 AM IST

കൊളംബോ : സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധികൾക്കെതിരെ ശ്രീലങ്കയിൽ ആരംഭിച്ച ജനകീയ പ്രക്ഷോഭം നൂറു ദിനങ്ങൾ പൂർത്തിയാക്കി. ഏപ്രിൽ 9ന് ആരംഭിച്ച പ്രക്ഷോഭം ഇന്നലെ നൂറാം ദിനത്തിലെത്തി. മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സ, സഹോദരനും മുൻ പ്രസിഡന്റുമായ ഗോതബയ രാജപക്സ ഉൾപ്പെടെയുള്ള ശക്തരായ രാജപക്സ കുടുംബത്തെ അധികാരത്തിൽ നിന്ന് വീഴ്ത്തിയ ഈ നൂറു ദിനങ്ങൾ സ്വാതന്ത്ര്യാനന്തരം രാജ്യം സാക്ഷ്യം വഹിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പ്രക്ഷോഭ കാലയളവുകളിലൊന്നാണ്.

ആഹാരവും മരുന്നും വൈദ്യുതിയും ഇന്ധനവുമില്ലാതെ നട്ടംതിരിഞ്ഞ ശ്രീലങ്കൻ അധികാരത്തിലുണ്ടായിരുന്ന രാജപക്സമാരുടെ കുടുംബാധിപത്യം അവസാനിപ്പിക്കാൻ സോഷ്യൽ മീഡിയയിലൂടെയും മറ്റും ഒത്തുകൂടുകയും കൊളംബോ അടക്കമുള്ള നഗരങ്ങളെ മുൾമുനയിൽ നിറുത്തുകയുമായിരുന്നു.

ഏപ്രിൽ 9ന് രണ്ട് ദിവസത്തെ പ്രതിഷേധങ്ങൾക്കായി മഹിന്ദയുടെ ഓഫീസിന് മുന്നിൽ ഒത്തുകൂടിയ പ്രക്ഷോഭകാരികൾ പ്രധാനമന്ത്രി രാജിവയ്ക്കുന്നത് വരെ അവിടെ തുടരാൻ തീരുമാനിക്കുകയായിരുന്നു. ഇപ്പോൾ പ്രസിഡന്റ് ഗോതബയയും രാജിവച്ചതോടെ അടുത്ത പ്രസിഡന്റ് ആരാകുമെന്ന് ഉറ്റുനോക്കുകയാണിവർ. ആക്ടിംഗ് പ്രസിഡന്റായി ചുമതലയേറ്റ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയും അധികാരത്തിൽ നിന്ന് ഒഴിയണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ബുധനാഴ്ച പാർലമെന്റിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റെനിൽ മത്സരിക്കുന്നുണ്ട്. പാർലമെന്റിൽ തന്റെ പാർട്ടിയിൽ നിന്നുള്ള ഏക എം.പി താൻ തന്നെയെന്നിരിക്കെ, റെനിലിന് പിന്തുണ നൽകുന്നത് 225 അംഗ പാർലമെന്റിൽ 100ലേറെ എം.പിമാരുള്ള മഹിന്ദയുടെ പാർട്ടിയായ ശ്രീലങ്ക പൊതുജന പെരുമനയാണെന്നത് പ്രക്ഷോഭകരെ അസ്വസ്ഥരാക്കുന്നു. രാജപക്സമാരുമായി ബന്ധമില്ലാത്ത ഒരാൾ വേണം രാജ്യം നയിക്കാൻ എന്നാണ് പ്രക്ഷോഭകർ പറയുന്നത്.

പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇന്ന് മുതൽ പാർലമെന്റിന് ചുറ്റും കനത്ത സുരക്ഷ ഏർപ്പെടുത്തുമെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. നാളെയാണ് പ്രസിഡന്റ് സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിക്കുക. റെനിലിന് പുറമേ പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ, മുൻ മന്ത്രി ദുല്ലാസ് അല്ലഹപെരുമ, ജെ.വി.പി പാർട്ടി നേതാവ് അനുര കുമാര ദിസ്സനായക എന്നിവർ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് അറിയിച്ചിരുന്നു.

Advertisement
Advertisement